തൃശൂർ:കാർഷിക സർവകലാശാല രജിസ്ട്രാർക്കെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി.സർവ്വകലാശാലയിലെ സമരം അവസാനിപ്പിച്ചില്ലെങ്കിൽ തെരുവിൽ നേരിടുമെന്നാണ് രജിസ്ട്രാർക്കെതിരായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി.ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ഉള്ളതായി ഓർക്കണമെന്നായിരുന്നു മുന്നറിയിപ്പ്.

ഡിവൈഎഫ്‌ഐ മണ്ണൂത്തി മേഖലാ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ അനീസ് അഹമ്മദാണ് രജിസ്ട്രാറെ താക്കീത് ചെയ്തിരിക്കുന്നത്.രജിസ്ട്രാറെ ഉപരോധിച്ചുള്ള സമരത്തിനിടെയാണ് നേതാവിന്റെ ഭീഷണി പ്രസംഗം.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ യുവജന, വിദ്യാർത്ഥി സംഘടനകൾ നാട്ടിൽ ഉണ്ടെന്ന കാര്യം രജിസ്ട്രാർ ഓർക്കണമെന്നും അനീസ് പ്രസംഗത്തിൽ ഭീഷണി മുഴക്കി.

മന്ത്രി കെ. രാജനെതിരെയും പ്രസംഗത്തിനിടെ ഡിവൈഎഫ്‌ഐ നേതാവ് രൂക്ഷവിമർശനം നടത്തി.'കാർഷിക സർവകലാശാലയിൽ സിപിഎം സംഘടനയെ ദുർബലമാക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. എംപ്ലോയീസ് അസോസിയേഷൻ നേതാവിനെ തരംതാഴ്‌ത്തിയ നടപടി പിന്നീട് ചേർന്ന ഭരണസമിതി യോഗം മരവിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ രജിസ്റ്റ്രാർ തയാറായിട്ടില്ല.

സർവകലാശാലയിൽ സിപിഐ സംഘടന വളർത്തുന്നതിനായാണു സിപിഎം നേതാക്കൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത്. മന്ത്രി കെ. രാജൻ ഇതിനു കൂട്ടുനിൽക്കുന്നു. കെ. രാജന്റെ വ്യക്തമായ നിർദ്ദേശപ്രകാരമാണ് മുൻ വിസി സിപിഎം നേതാവിനെ തരം താഴ്‌ത്തിത്.സർവ്വകലാശാലയിലെ പിന്നാമ്പുറ കഥകൾക്ക് ചുക്കാൻ പിടിക്കുന്നത് മന്ത്രി രാജൻ ആണെന്നും കുരങ്ങന്റെ കൈയിൽ പൂമാല കൊടുത്തതും റവന്യൂ മന്ത്രിയാണ് എന്നായിരുന്നു പരാമർശം.

കാർഷിക സർവകലാശാല 28-ാം സ്ഥാനത്തേക്കു കൂപ്പുകുത്തിയതിന്റെ ഉത്തരവാദിത്തം മുൻ വിസിക്കും മന്ത്രി അടക്കമുള്ള ഭരണസമിതി അംഗങ്ങൾക്കുമാണെന്നും അനീസ് അഹമ്മദ് ആരോപിച്ചു.കാർഷിക സർവകലാശാലയിലെ സിപിഎം അനുകൂല സംഘടനാ നേതാവിനെ സർവ്വീസിൽ നിന്ന് തരം താഴ്‌ത്തിയിരുന്നു. ഇതിനെതിരെയാണ് എംപ്ലോയ്‌സ് അസോസിയേഷൻ സമര രംഗത്തുള്ളത്.അതിനിടെ രജിസ്റ്റ്രാറെ ഉപരോധിച്ചുള്ള സമരം 44 ദിവസം പിന്നിട്ടു.