ന്യൂഡൽഹി: ഡൽഹി വിമാനത്തവളത്തിൽ ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം തീപിടിച്ചതിനെ തുടർന്ന് അടിയന്തിരമായി താഴെയിറക്കിയ സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഡിജിസിഎ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് വേണമെന്നാണ് ഡിജിസിഎ ആവശ്യപ്പെട്ടിരുന്നത്. വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടനെ എൻജിനിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 12.16നാണ് സംഭവം.

പറന്നുയർന്ന ഉടനെ എൻജിനു തീ പിടിച്ച വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇൻഡിഗോയുടെ 6C-2131 വിമാനത്തിന്റെ എൻജിനാണു തീ പിടിച്ചത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. തീപിടുത്തം ഉടൻ ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. മറിച്ചായിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനേ.

സംഭവം നടക്കുമ്പോൾ ക്രൂ അംഗങ്ങളുൾപ്പെടെ 184 പേരാണു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. ആർക്കും അപകടമില്ലെന്നു ഡൽഹി പൊലീസും അറിയിച്ചു. സംഭവത്തിനു പിന്നാലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 'ഫുൾ എമർജൻസി' പ്രഖ്യാപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തീ പിടിക്കുന്നതിന്റെയും തീപ്പൊരികൾ തെറിക്കുന്നതിന്റെയും വിഡിയോ യാത്രക്കാരിയായ പ്രിയങ്കാ കുമാർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ''പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിലാണ് തീ പിടിച്ചത്. വിമാനം പെട്ടെന്നു നിർത്തി. എൻജിനിൽ തകരാറുള്ളതായി പൈലറ്റ് യാത്രക്കാരെ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. യാത്രക്കാർക്കായി മറ്റൊരു വിമാനം ഇൻഡിഗോ ഏർപ്പാടാക്കിയിട്ടുണ്ട്'' പ്രിയങ്ക എൻഡിടിവിയോടു പറഞ്ഞു.

നടുക്കത്തോടെയാണ് സംഭവത്തെ യാത്രക്കാർ കണ്ടതും. കഴിഞ്ഞ മാസവും ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പുറത്തിറക്കിയ സംഭവം ഉണ്ടായിരുന്നു. ഭോപ്പാൽ വിമാനത്താവളത്തിൽ വച്ചായിരുന്നു അന്ന് സംഭവം ഉണ്ടായത്. അടുത്തിടെ പരിഷ്‌ക്കരണങ്ങളൊക്കെ വരുത്തി ഇൻഡിഗോ മുന്നോട്ടു പോകവേയാണ ഇത്തരം സംഭവങ്ങളും തുടർച്ചയാകുന്നുണ്ട്.

വിമാനത്തിന്റെ 3 വാതിലുകളിലൂടെ യാത്രക്കാരെ ഇറക്കുന്നതിന് ഇൻഡിഗോ സൗകര്യം ഒരുക്കിയത് അടുത്തിടെയാണ്. നിലവിൽ, ഇടതുവശത്ത് മുന്നിലും പിന്നിലുമുള്ള വാതിലുകളിലൂടെയാണു യാത്രക്കാരെ ഇറക്കുന്നത്. ഇതിനു പുറമേ, വലതുവശത്ത് മുന്നിലുള്ള വാതിലിലൂടെയും യാത്രക്കാരെ ഇറക്കുമെന്നും ഈ സൗകര്യം ലഭ്യമാക്കുന്ന ആദ്യ കമ്പനിയാണെന്നും ഇൻഡിഗോ അവകാശപ്പെട്ടിരുന്നു.