കണ്ണൂർ: ഒന്നര പതിറ്റാണ്ടിന്റെ കാലപ്പഴക്കം കൊണ്ടു കണ്ണൂർ സെൻട്രൽ ജയിൽ തകരുന്നു. ആയിരത്തിലേറെ അന്തോവാസികൾ താമസിക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജയിലുകളിലൊന്നിനാണ് ഈദുരവസ്ഥ. ജീവപര്യന്തം തടവുകാർ ഉൾപ്പെടെയുള്ളവരും വിവിധ ജില്ലകളിലെ കാപ്പകേസ് പ്രതികളും ഇവിടെയുണ്ട്. തകർന്ന സുരക്ഷാമതിലിലൂടെ ഇവരിൽ ആരെങ്കിലും രക്ഷപ്പെടുമോയെന്ന ആശങ്കയിലാണ് ജയിൽ വകുപ്പ് അധികൃതർ. ഇങ്ങനെസംഭവിക്കാതിരിക്കാൻ തകർന്ന ഭാഗം താൽക്കാലികമായി വളച്ചുകെട്ടിയിട്ടുണ്ട്. ഇതുകൂടാതെ രാത്രികാല പെട്രോളിങ് ശക്തമാക്കാനും കൂടുതൽ പാറാവുകാരെ നിയമിക്കാനും തീരുമാനിയിട്ടുണ്ട്.

ബുധനാഴ്‌ച്ച രാവിലെ ഏഴേകാലിനാണ് കണ്ണൂർ പള്ളിക്കുന്നിലെ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ തകർന്ന് വീണത്. 154 വർഷം പഴക്കമുള്ള മതിലാണ് തകർന്ന് വീണത്. പതിനഞ്ച് അടിയിലധികം ഉയരമുള്ള മതിൽ 25 മീറ്ററോളം നീളത്തിലാണ് തകർന്ന് വീണത്. പഴയ ഒൻപതാം ബ്ലോക്കിനടുത്ത് പശുതൊഴുത്തിനടുത്തുള്ള സുരക്ഷാ മതിലാണ് തകർന്നത്.

പതിവ് പരിശോധനയുടെ ഭാഗമായി പാറാവുകാർ തൊട്ടടുത്ത് ഉണ്ടായിരുന്ന സമയത്താണ് മതിൽ തകർന്ന് വീണത്. ഇവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ജയിൽ തടവുകാർ ജോലി ചെയ്യുന്ന സ്ഥലമായതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ഇവിടെ കർശന നിയന്ത്രണമേർപ്പെടുത്തും. വൻ സുരക്ഷാ ഭീഷണി ഇടവരാൻ സാധ്യതയുള്ളതിനാൽ ജയിലധികൃതർ അടിയന്തര സുരക്ഷാ നടപടികൾക്കുള്ള മുൻകരുതൽ സ്വീകരിക്കുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കെ വി സുമേഷ് എം എൽ എ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. ജയിൽ സുരക്ഷയ്ക്കായി അടിയന്തിര സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കെ.വി സുമേഷ് എംഎൽഎ പറഞ്ഞു.

തകർന്ന ഭാഗത്ത് സുരക്ഷയുടെ ഭാഗമായിസായുധ സേനയെ വിന്യസിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സെൻട്രൽ ജയിൽ സുപ്രണ്ട് പി വിജയൻ പറഞ്ഞു. സമീപത്ത് സായുധ സേനക്ക് ക്യാമ്പ് ഓഫീസ് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയിൽ മെയിന്റനൻസ് ചുമതലയുള്ള പിഡബ്ല്യൂ ഡി എക്സി.എഞ്ചിനിയർ ഷാജി തയ്യിൽ മതിലിന്റെ തകർന്ന ഭാഗത്ത് ഷീറ്റുകൾ കൊണ്ട് താൽകാലികമായി മറക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് സ്ഥലത്തെത്തിയിരുന്നു.

മുൻപും ജയിലിൽ മതിൽ തകർന്ന സംഭവമുണ്ടായിരുന്നു. തകർന്ന മതിലിന്റെ തൊട്ടടുത്ത ഭാഗങ്ങളിലും ചെറിയ ചെരിവുള്ളതായി കാണപ്പെടുന്നതും ഭീഷണി ഉയർത്തുകയാണ്. കനത്ത മഴ തുടരുന്നതിനാൽ ഈ ഭാഗങ്ങളും ഇടിഞ്ഞ് വീഴുന്നതിനുള്ള സാധ്യതയുണ്ട്. തകർന്ന മതിലിനടുത്തായി സ്വകാര്യ വ്യക്തികളുടെ സ്ഥലവും വീടുകളും ഉണ്ട്. മുൻകാലങ്ങളിൽ ഇവിടെ നിന്നും കുറച്ച് ദൂരത്തായി ലഹരിവസ്തുക്കൾ ഉൾപ്പെടെ ജയിലിനുള്ളിലക്ക് എറിഞ്ഞു കൊടുത്ത സംഭവം ഉണ്ടായതും ജയിലധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.

ബ്രിട്ടീഷുകാർ പണിത കണ്ണൂർ സെൻട്രൽ ജയിൽ നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. കയ്യൂർ സഖാക്കൾ തൂക്കിലേറ്റപ്പെട്ടതും ഇവിടെ നിന്നാണ്. എന്നാൽ കാര്യമായ അറ്റകുറ്റപ്പണികൾ നടക്കാത്തതും നവീകരിക്കപ്പെടാത്തതുമാണ് കണ്ണൂർ സെൻട്രൽ ജയിലിന് സുരക്ഷാഭീഷണിയുയർത്തുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ തടവുകാരും, കാപ്പ മയക്കുമരുന്ന് കേസുകളിലെ പ്രതികളും ഇവിടെയാണ് കഴിയുന്നത്.