കണ്ണൂർ: വംശശുദ്ധി വിവാദത്തിൽ സുപ്രീം കോടതി ഇടപെട്ടിട്ടും കേൾക്കാതെ ക്‌നാനായ സഭ. വംശശുദ്ധി നിലനിർത്താത്തവരെ പുറത്താക്കുന്ന ക്നാനായ സഭയിലെ സമ്പ്രദായമാണ് വിവാദമായത്. തങ്ങളുടെ സഭാംഗങ്ങളല്ലാത്തവരെ വിവാഹം കഴിച്ചവരെ പുറത്താക്കുന്നതാണ് ക്‌നാനായ സഭയുടെ പതിവ്. കോടതി വിധി വന്ന ആശ്വാസത്തിൽ വിവാഹത്തിന് എത്തിയ ജസ്റ്റിനെയും വിജിമോളെയും സഭാ നേതൃത്വം നിരാശരാക്കി. വിവാഹക്കുറി നൽകാതെ പള്ളിവികാരി മുങ്ങിയതോടെ, വീട്ടുകാരെയും സുഹൃത്തുക്കളെയും ക്ഷണിക്കപ്പെട്ട അതിഥികളെയും സാക്ഷിനിർത്തി പള്ളിമുറ്റത്ത് വച്ച് പരസ്പരം മാലചാർത്തി ഇരുവരും വിവാഹിതരായി.

സിറോ മലബാർ സഭയുടെ ഭാഗമായ കോട്ടയം അതിരൂപത രാജപുരം ഫൊറോനയിലെ കൊട്ടോടി സെന്റ് ആൻസ് ഇടവകാംഗമായ ജസ്റ്റിനും തലശേരി അതിരൂപതയിലെ കൊട്ടോടി സെന്റ് സേവ്യേഴ്സ് ഇടവകാംഗമായ വിജിമോളൂം തമ്മിലുള്ള വിവാഹം ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്നു. കോടതി ഉത്തരവ് പാലിച്ച സെന്റ ആൻസ് പള്ളി വികാരി ഏപ്രിൽ 17ന് ഇവരുടെ മനസ്സമ്മതം നടത്തുന്നതിന് കുറി നൽകുകയും അതുപ്രകാരം വധുവിന്റെ ഇടവകയായ സെന്റ് സേവ്യേഴ്സ് പള്ളിയിൽ വച്ച് ചടങ്ങ് നടത്തുകയും ചെയ്തിരുന്നു. ഇന്ന് ഇവരുടെ വിവാഹം സെന്റ് സേവ്യേഴ്സ് പള്ളിയിൽ നടത്താൻ നിശ്ചയിച്ചിരുന്നു. വരന്റെ പള്ളിയിൽ രക്തശുദ്ധിക്കായി വാദിക്കുന്ന ഇടവകാംഗങ്ങൾ പ്രശ്നമുണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് വധുവിന്റെ ഇടവക പള്ളിയിൽ തന്നെ വിവാഹവും നടത്താൻ നിശ്ചയിച്ചത്. ഇതിനായി ഇരുവീട്ടുകാരും ഇടവക പള്ളിയിൽ നിന്നുള്ള വിവാഹക്കുറികളും വികാരിമാർക്ക് കൈമാറിയിരുന്നു.

വിവാഹത്തിന് അതിഥികളെ ക്ഷണിച്ച്, മന്ത്രകോടിയും താലിയും ആഭരണങ്ങളും പുതുവസ്ത്രങ്ങളും വാങ്ങി, ഓഡിറ്റോറിയം അലങ്കരിച്ച് , സദ്യയുടെ ഒരുക്കങ്ങൾ നടക്കുന്നതിടെയാണ് വിവാഹം നടത്താൻ അനുവദിക്കില്ലെന്ന് പള്ളി അധികാരികൾ അറിയിക്കുന്നത്. ജസ്റ്റിനെ ഇന്നലെ വൈകിട്ട് പൊലീസിന്റെ സാന്നിധ്യത്തിൽ സെന്റ് ആൻസ് പള്ളിയിലേക്ക് വിളിച്ചുവരുത്തിയ വികാരി, സഭ നടത്തുന്ന വിവാഹ ഒരുക്കകോഴ്സിൽ (പ്രീ-മാര്യേജ് കോഴ്സ്) പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ വിവാഹം നടത്താൻ കഴിയില്ലെന്ന് അറിയിച്ചു. ജസ്റ്റിൻ വീട്ടിൽ നിന്നും സർട്ടിഫിക്കറ്റ് എത്തിച്ച് നൽകിയപ്പോൾ വിവാഹത്തിന് അപേക്ഷ നൽകാതെ നടത്താനാവില്ലെന്നായിരുന്നു നിലപാട്. വധുവിന്റെ ഇടവകയിൽ നിന്നുള്ള വിവാഹക്കുറി നൽകിയ സാഹചര്യത്തിൽ വേറെ അപേക്ഷയുടെ ആവശ്യം എന്താണെന്ന് ജസ്റ്റിനൊപ്പമുള്ളവർ ആരാഞ്ഞുവെങ്കിലും വൈദികന് മറുപടിയുണ്ടായിരുന്നില്ല.

വധുവിന്റെ ഇടവക പള്ളിയിലും വിവാഹത്തിന് വൈദികൻ പങ്കെടുക്കാതെ വന്നതോടെ മറ്റു മാർഗമില്ലാതെ പള്ളിമുറ്റത്ത് വച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു. കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം (കെസിആർഎം) ഇവരുടെ വിവാഹത്തിന് എല്ലാ പിന്തുണയും നൽകി.

ഇവരുടെ വിവാഹത്തിന് അനുമതി നിഷേധിച്ചതിൽ ഒരു ഔദ്യോഗിക പ്രതികരണവും കോട്ടയം, തലശേരി അതിരൂപതകളോ ഇടവക വികാരിമാരോ നടത്തിയിട്ടില്ല. അതേസമയം, ഇന്നു രാവിലെ പത്തരമുതൽ കൊട്ടോടി സെന്റ് ആൻസ് ക്നാനായ പള്ളിക്കു മുന്നിൽ യുവജന സംഘടനയായ കെസിവൈഎൽ സമുദായ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കോടതിയിൽ നിന്ന് രണ്ട് വ്യവസ്ഥകൾ പ്രകാരമാണ് ജസ്റ്റിന്റെ വിവാഹം നടത്താൻ അനുമതിയുള്ളതെന്നും അതുപ്രകാരം ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ജസ്റ്റിൻ എൻഒസി ആവശ്യപ്പെട്ട് വികാരിയെ സമീപിച്ചതെന്ന് കെസിവൈഎൽ പറയുന്നു. കോടതിയിൽ ഇരിക്കുന്ന വിഷയമായതിനാൽ അതിരൂപതയിലും കൂരിയയിലും ആലോചിച്ചുമാത്രമേ വികാരിക്ക് എൻഒസി നൽകാൻ കഴിയൂവെന്ന് മാത്രമാണ് അറിയിച്ചതെന്നും വിവാഹം തടസ്സപ്പെടുത്തിയിട്ടില്ലെന്നുമാണ് കെസിവൈഎല്ലിന്റെ നിലപാട്. കോട്ടയം അതിരൂപതയും ക്നാനായ സമുദായവും കോടതിവിധിക്ക് എതിരല്ലെന്നും ഇവർ പറയുന്നു.

ജസ്റ്റിന്റെ വിവാഹക്കാര്യം ഇടവക പള്ളിയിൽ വിളിച്ചുചൊല്ലുകയോ കുമ്പസാരവും കുർബാനയും അടക്കമുള്ള കാര്യങ്ങൾ നടത്തുകയോ വിവാഹത്തിനുള്ള ആത്മീയ ഒരുക്കങ്ങളോ നടത്താത്തതിനാലാണ് കുറി നൽകാൻ കഴിയാത്തതെന്നും ഇക്കാര്യം പൊലീസിനെ ബോധ്യപ്പെടുത്തിയെന്നും കെ.സി.ഡബ്ല്യൂ.എ കോട്ടയം അതിരുപത പ്രതിനിധി പറയുന്നു. ഇന്നലെയാണ് ജസ്റ്റിൻ അപേക്ഷ നൽകിയത്. ഇതുപ്രകാരം പത്തു ദിവസം കഴിഞ്ഞാൽ വിവാഹം നടത്തിക്കൊടുക്കാൻ കഴിയുമെന്നും ഈ അപേക്ഷ നേരത്തെ നൽകിയിരുന്നെങ്കിൽ വിവാഹം ഇന്ന് നടത്തായിരുന്നുവെന്നുമാണ് അവർ പറയുന്നത്.

രക്തശുദ്ധി വിവാദം

തങ്ങളുടെ സഭാംഗങ്ങളല്ലാത്തവരെ വിവാഹം കഴിച്ചവരെ പുറത്താക്കുന്നതാണ് ക്‌നാനായ സഭയുടെ രീതി. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിലേറെ പേരെ മറ്റു സഭകളിൽ നിന്നും വിവാഹം കഴിച്ചതിന്റെ പേരിൽ ക്‌നാനായ സഭ നേതൃത്വം പുറത്താക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ. കോടതി വിധികൾ സഭാംഗങ്ങൾക്ക് അനുകൂലമായിട്ടും, സഭാ നേതൃത്വവും ഒരുവിഭാഗം വിശ്വാസികളും വഴങ്ങാത്തതാണ് പ്രശ്‌നം.

വംശീയ സ്വത്വവും രക്തശുദ്ധിയും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവാഹനിഷ്ഠ കൊണ്ടുവന്നതെന്നാണ് ക്‌നാനായ സഭയുടെ വാദം. വംശശുദ്ധി നിലനിർത്തണമെന്നും അതുകൊണ്ടു തന്നെ മറ്റു വിഭാഗങ്ങളിൽ നിന്നും വിവാഹം കഴിക്കരുതെന്നും ആഹ്വാനം ചെയ്യുന്ന ക്‌നാനായ സഭയിലെ യുവജന സംഘടന പുറത്തിറക്കിയ ഹ്രസ്വ ചിത്രങ്ങൾ ചർച്ചയായിരുന്നു.

വംസശുദ്ധിയുടെ പേരിൽ ക്‌നാനായ സഭയിൽ നിന്ന് പുറത്താക്കപ്പെട്ടവർ ചേർന്ന് ക്‌നാനായ കത്തോലിക്ക് നവീകരണ സമിതി രൂപീകരിച്ചിരുന്നു. ഇതിലെ അംഗങ്ങളായ സിറിയക്, ബിജു തോമസ് എന്നിവരാണ് ക്‌നാനായ സഭയുടെ ഭ്രഷ്ട് കൽപ്പിക്കലിനെതിരെ 2015ൽ കോടതിയെ സമീപിച്ചത്. കോട്ടയം ചുങ്കം സ്വദേശിയായ സിറിയകിനെ 46 വർഷം മുൻപാണ് പുറത്താക്കിയത്. സീറോ മലബാർ സഭയിൽ നിന്നുമാണ് സിറിയക് വിവാഹം ചെയ്തത്.

2021 ഏപ്രിൽ 30നാണ് ഹരജിക്കാർക്ക് അനുകൂലമായ കോടതി വിധി വരുന്നത്. ഏതെങ്കിലും കത്തോലിക്ക രൂപതയിൽ പെടുന്ന അംഗത്തെ വിവാഹം കഴിച്ചതിന്റെ പേരിൽ ക്‌നാനായ സഭാംഗത്തെ സഭയിൽ നിന്നും പുറത്താക്കരുതെന്ന് കോടതി വിധിച്ചു. അത്തരത്തിൽ പുറത്താക്കൽ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും കോട്ടയം അതിരൂപത മെത്രോപ്പൊലീത്ത, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എന്നിവരെ വിലക്കണമെന്നും കോടതി പറഞ്ഞു.അഡീഷണൽ കോടതിയുടെ വിധിക്കെതിരെ ക്‌നാനായ സഭ അപ്പീൽ നൽകുകയും ജില്ലാ കോടതി ഈ വിധി സ്റ്റേ ചെയ്യുകയും ചെയ്തു. പിന്നീടാണ് സുപ്രീം കോടതിയിൽ നിന്നു വരെ അനുകൂല വിധിയുണ്ടായിട്ടും, സഭാ നേതൃത്വവും ഒരുവിഭാഗം വിശ്വാസികളും വഴങ്ങുന്നില്ല.