പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ കെട്ടിട സമുച്ചയം കാട്ടി പാവപ്പെട്ടവരിൽ നിന്ന് കോടികൾ വാങ്ങി പോക്കറ്റിലിട്ട് കെ എസ് ആർ ടി സി. സമുച്ചയ നിർമ്മാണത്തിന് മുൻകൂറായി പണം വാങ്ങിയ കെഎസ്ആർടിസി കെട്ടിടത്തിൽ മുറികൾ അനുവദിക്കാതെയും പണം തിരികെ കൊടുക്കാതെയും ലേലം കൊണ്ടവരെ പറ്റിക്കുന്നു. പണം നഷ്ടമായവർ, കെട്ടിട സമുച്ചയം തന്റെ ഭരണ നേട്ടമായി കൊട്ടിഘോഷിക്കുന്ന സ്ഥലം എംഎൽഎ കൂടിയായ ആരോഗ്യമന്ത്രി വീണാ ജോർജിനും കെഎസ്ആർടിസി അധികൃതർക്കും പല തവണ പരാതി നൽകിയെങ്കിലും ഒരു നടപടിയുമില്ല. ഇവരോട് പ്രതികരിക്കാൻ പോലും മന്ത്രി ഇതു വരെ തയാറായിട്ടില്ല.

മുൻ എംഎൽഎ ശിവദാസൻ നായരുടെ കാലത്താണ് കെട്ടിട സമുച്ചയം നിർമ്മാണം ആരംഭിക്കുന്നത്. അത് തന്റെ നേട്ടമാക്കി കൊട്ടിഘോഷിച്ച് ഒന്നിലധികം തവണ മന്ത്രി വീണാ ജോർജ്, മന്ത്രി ആന്റണി രാജു എന്നിവർ മത്സരിച്ച് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇടക്കാലത്ത് കെട്ടിടം പണി മുടങ്ങിയപ്പോഴാണ് പൂർത്തിയായ അത്രയും ഭാഗം ചൂണ്ടിക്കാട്ടി ലേലം നടത്തിയത്. പണം നൽകിയാലുടൻ കെട്ടിടം പൂർത്തിയാക്കി മുറികൾ ഇവർക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. ഈ സമുച്ചയത്തിന്റെ പേരിൽ വമ്പൻ തട്ടിപ്പാണ് കെഎസ്ആർടിസി നടത്തിയിരിക്കുന്നത്.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കം ലഭിക്കാത്ത കെട്ടിടത്തിൽ കടമുറി ലേലത്തിനെടുത്തവർ ഏഴു വർഷമായി നട്ടം തിരിയുകയാണ്. ലേലം കൊണ്ടവർക്ക് കടമുറികൾ കൈമാറാത്തത് നഗരസഭയുടെ ഒക്യുപ്പെൻസി സർട്ടിഫിക്കറ്റും അഗ്നിരക്ഷാ സേനയുടെ നിരാക്ഷേപ പത്രവും ലഭിക്കാത്തതിനാലാണ്. പുതിയ കെട്ടിടത്തിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നിർമ്മാണത്തിൽ നിരവധി പോരായ്മകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതു കാരണം അഗ്നിരക്ഷാസേന അനുമതി നൽകിയിട്ടില്ല. നഗരസഭ കെട്ടിട നമ്പർ നൽകാനും തയാറല്ല.

സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ചും പലിശക്ക് പണമെടുത്തുമാണ് എല്ലാവരും കടമുറി ലേത്തിൽ പിടിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ മൂന്നു വർഷ കാലാവധിയും പൂർത്തിയായിരിക്കുകയാണ്. 2017 ലാണ് താഴത്തെ നിലയിലുള്ള 18 കടമുറികൾ 13 പേർക്കായി ലേലത്തിൽ നൽകിയത്. അന്ന് കെട്ടിടം പണി നടക്കുന്നതേയുള്ളായിരുന്നു. ഒരു വർഷത്തിനുള്ളിൽ കടകൾ പൂർത്തിയാക്കി നൽകുമെന്നായിരുന്നു അന്ന് പറഞ്ഞത്. കച്ചവടക്കാരിൽ നിന്ന് 2.63 കോടി രൂപയോളം കെ.എസ്.ആർ.ടി.സിേേ ലല തുകയായി വാങ്ങി. നല്ലൊരു ശതമാനവും ഇവരെല്ലാവരും ഒന്നാമത്തെ ഗഡുവിൽ നൽകുകയും ചെയ്തു. എന്നാൽ കെട്ടിടം പണി നീണ്ടു പോയി. 2021 ൽ കെ.എസ്.ആർ.ടി.സി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും നിർമ്മാണത്തിലെ വീഴ്ച കാരണം കടമുറികൾ തുറക്കാൻ സാധിച്ചില്ല.

47 ഓളം കടമുറികളാണ് നിർമ്മിച്ചിട്ടുള്ളത്. ഒഴിഞ്ഞു കിടക്കുന്ന കടമുറിലേല നടപടികളും ഇതോടെ തടസപ്പെട്ടു. ലേലത്തിൽ പോകാത്ത എല്ലാ കടമുറികളും ഒരുമിച്ച് നൽകാൻ പിന്നീട് തീരുമാനിച്ചിരുന്നു. എന്നാൽ ഇവിടെ ഭക്ഷണശാല അടക്കമുള്ള ചില കടകൾ അനധികൃതമായി പ്രവർത്തിക്കുകയും പരസ്യ ബോർഡുകളും മറ്റും സ്ഥാപിക്കുകയും ചെയ്തു. കടമുറി ലേലത്തിനെടുത്തവർ വർഷങ്ങളായി പല ഓഫീസുകളും കയറിയിറങ്ങിയിട്ടും നടപടിയുണ്ടോയില്ല. സ്ഥലം എംഎ‍ൽഎ കൂടിയായ മന്ത്രി വീണാജോർജ്, ഗതാഗതമന്ത്രി, എം.ഡി, കലക്ടർ എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ലേലത്തിനെടുത്ത കടമുറികൾ തുറക്കാൻ അനുമതി കിട്ടിയില്ലെങ്കിൽ മുടക്കിയ പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനും മറുപടിയില്ല.

കടമുറി വേണ്ടെന്നു വയ്ക്കുമ്പോഴും കൊടുത്ത തുകയിൽ നിന്ന് 25 ശതമാനം പിടിച്ച ശേഷമാണ് കെ.എസ്.ആർ.ടി.സി പണം തിരിച്ചു നൽകുക. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെ.എസ്.ആർ.ടി.സി എങ്ങനെ പണം തിരികെ നൽകുമെന്നും അറിയില്ല. ഒരുവർഷത്തിനുള്ളിൽ കട നൽകാം എന്നായിരുന്നു വാഗ്ദാനം. 11 കോടി രൂപ ചെലവിലാണ് ഡിപ്പോയുടെ നിർമ്മാണം വർഷങ്ങൾക്ക് ശേഷം പൂർത്തിയാക്കിയത്. ഉടമകളിൽ പലരും ഇനി കടമുറികൾ വേണ്ട എന്ന തീരുമാനത്തിലാണ്. പരാതിയുമായി ഉടമകൾ കോഴഞ്ചേരി താലൂക്ക് അദാലത്തിൽ മന്ത്രി വീണാ ജോർജിനെ കണ്ടിരുന്നു. ഒരുനടപടിയും ഉണ്ടായിട്ടില്ല. പിന്നീട് പലപ്രാവശ്യം ഉടമകൾ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഒന്നിനും പരിഹാരമുണ്ടായില്ല.

കെ.എസ്.ആർ.ടി.സി സമുച്ചയത്തിലെ കടമുറികൾ ലേലത്തിൽ പിടിച്ചവർ ലേല തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റാൻഡിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. എസ്. ഷെഫീഖ് അധ്യക്ഷത വഹിച്ചു. എല്ലാവരും കടമെടുത്താണ് പണം നൽകിയത്. അടച്ച തുക പലിശ സഹിതം നൽകണമെന്നാണ് ആവശ്യം. ഡി ടി.ഓയ്ക്ക് നിവേദനവും നൽകി.