തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് വേഗത്തിൽ പരിഗണണിക്കാൻ തീരുമാനം. കേസ് ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഒരു വർഷത്തോളം കഴിഞ്ഞ് വാദം പൂർത്തിയാക്കിയ ശേഷം വന്നത് ഭിന്നവിധിയായിരുന്നു. ഈ കേസ് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ ഭിന്നനിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ഫുൾബെഞ്ചിന് വിട്ടത്. ഇതോടെ വിവിധ കോണുകളിൽ നിന്നും ലോകായുക്തക്കെതിരെ വിമർശനം ഉയർന്നിരുന്നു. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ പരിഗണിക്കേണ്ട കാര്യം പോലും വർഷങ്ങൾ ലോകായുക്ത പരിഗണിച്ചില്ലെന്നാണ് ഉയർന്ന വിമർശനം. ഈ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കാൻ തീരമാനിച്ചിരിക്കുന്നത്.

ഇപ്പോൾ മൂന്നംഗ ബെഞ്ചാണ് ഏപ്രിൽ 12ന് കേസ് പരിഗണിക്കുക. ഇതിനിടെ പരാതിക്കാരൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുമെന്ന് തീരുമാനിച്ചിരുന്നു. വാദം കേൾക്കുന്നതിന് മുമ്പ് ഹൈക്കോടതിയെ സമീപിക്കുമോ എന്ന കാര്യം വ്യക്തമല്ല. നിർണ്ണായക കേസിൽ വന്ന ഭിന്നവിധി നിയമ-രാഷ്ട്രീയ കേന്ദ്രങ്ങളിൽ തുടങ്ങിവെച്ചത് വലിയ ചർച്ചയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക അനുവദിച്ച കാബിനറ്റ് തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്നതിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൽ ഭിന്ന അഭിപ്രായം. പക്ഷെ ലോകായുക്തക്കും ഉപലോകായുക്തക്കുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എന്തെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. എന്തുകൊണ്ടാണ് ഭിന്നാഭിപ്രായമെന്നും പറയുന്നില്ല.

രൂക്ഷമായ വാദപ്രതിവാദങ്ങൾക്കും, അന്തിമ വാദത്തിനുശേഷം വിധി പറയാൻ ഒരു വർഷത്തോളം കാലതാമസം വന്നതിന്റെ പേരിലുണ്ടായ വിവാദങ്ങൾക്കുമൊടുവിലാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗവുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത വിധി പറഞ്ഞത്. വിവാദങ്ങൾക്കൊടുവിൽ പുറത്തുവന്ന വിധിയാകട്ടെ, ഭിന്നവിധിയായി മാറുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട ഹർജി ലോകായുക്തയുടെ പരിധിയിൽ വരുമോ എന്നതിനേക്കുറിച്ചു പോലും ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും തമ്മിൽ ഭിന്നതയുണ്ടായി എന്നാണ് വിവരം. വിധി പറയാൻ ഇത്രയധികം കാലതാമസം വന്ന കേസിലാണ്, ഹർജി അന്വേഷണ പരിധിയിലാണോ എന്നതിൽപ്പോലും ഇരുവർക്കും യോജിപ്പിലെത്താനായില്ലെന്ന് വ്യക്തമാക്കുന്ന വിധി. ഇതോടെയാണ് പ്രതിപക്ഷം വിധിക്കെതിരെ രംഗത്തെത്താൻ കാരണവും.

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് ഫുൾ ബെഞ്ചിനു വിട്ടത്. ഈ കേസിലെ ആക്ഷേപങ്ങളുടെ നിജസ്ഥിതിയിലും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു. മന്ത്രിസഭാ യോഗ തീരുമാനം ലോകായുക്തയുടെ പരിധിയിൽ വരില്ലെന്ന വാദം ഈ കേസിന്റെ തുടക്കത്തിൽ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിന് ഒടുവിലും അതേ ചോദ്യത്തിൽ തന്നെ എത്തിനിൽക്കുന്നുവെന്നാണ് ദുരിതാശ്വാസ നിധി കേസിലെ പ്രത്യേകത. രണ്ടംഗ ബെഞ്ചിന്റെ ഭിന്ന വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസിലെ പരാതിക്കാരനായ, കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ പറഞ്ഞു. ലാവ്‌ലിൻ കേസ് പോലെ ഈ കേസും നീട്ടിക്കൊണ്ടുപോവാനാണ് ശ്രമമെന്ന് ശശികുമാർ ആരോപിച്ചു.