പത്തനംതിട്ട: നഗരസഭ അഞ്ചാം വാർഡിൽ കൊന്നമ്മൂടിന് സമീപമുള്ള സ്ഥലത്തു നിന്നും നാട്ടുകാർ പിടികൂടിയ പെരുമ്പാമ്പിനെ കാണാനില്ല. സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച് പോസ്റ്റ് വന്നതിന് പിന്നാലെയാണ് പാമ്പിനെ കാണാതായത്. പാമ്പ് എവിടെ എന്നു ചോദിച്ച് വിവരാവകാശ പ്രവർത്തകൻ വനം വകുപ്പിന്റെ വിവിധ ഓഫീസുകളിൽ പരാതി നൽകിയതോടെ പാമ്പിനെ കൊണ്ടുപോയവർ അടക്കം നെട്ടോട്ടത്തിൽ.

വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറയാണ് റാന്നി, കോന്നി ഫോറസ്റ്റ് ഓഫീസുകളിൽ ഇതു സംബന്ധിച്ചു പരാതി നൽകിയിരിക്കുന്നത്. കൊന്നമൂട് സ്വദേശികളായ സുനിൽ, രാഹുൽ, ബാസിത് എന്നിവർ കൂടിയാണ് പെരുമ്പാമ്പിനെ കഴിഞ്ഞ ശനിയാഴ്ച പിടിച്ചത്. പെരുമ്പാമ്പിനെ ഞായറാഴ്ച രാവിലെ ഫോറസ്റ്റ് വകുപ്പിന് കൈമാറുമെന്ന് വാർഡ് കൗൺസിലർ കെ. ജാസിംകുട്ടി അദ്ദേഹം അഡ്‌മിൻ ആയ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.

എന്നാൽ 21ന് രാത്രി 10 മണി വരെയും പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറിയിട്ടില്ല. ഇതിനെ തുടർന്നാണ് റഷീദ് പരാതി നൽകിയത്. സംഭവം അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്നും റഷീദ് ആനപ്പാറ വനം വകുപ്പ് അധികൃതർക്ക് നൽകിയ പരാതിയിലൂടെ ആവശ്യപ്പെട്ടു. പാമ്പിനെ ആരെങ്കിലും ഭക്ഷണമാക്കിയോ എന്നത് സംബന്ധിച്ചും സംശയം ഉയരുന്നു.