ബ്രസൽസ്: ബെൽജിയത്തെ ആകെ നടുക്കിയ ഒന്നായിരുന്നു തന്റെ അഞ്ചു മക്കളെ കഴുത്തറുത്തു കൊന്ന അമ്മയുടെ കേസ്. അതിനിഷ്ഠൂരമായ കൊലപാതകത്തിനു ശേഷം 16 വർഷം കഴിഞ്ഞപ്പോൾ ഈ വനിതയെ അവരുടെ അഭ്യർത്ഥന അനുസരിച്ച് ദയാവധത്തിന് വിധേയമാക്കിയതായി അവരുടെ അഭിഭാഷകൻ സ്ഥിരീകരിച്ചു. 2007 ഫെബ്രുവരി 28 ന് ആയിരുന്നു ജെനെവീവ് എന്ന 40 കാരി തന്റെ മകന്റെയും നാല് പെൺമക്കളുടെയും കഴുത്ത് കറിക്കത്തികൊണ്ട് അരിഞ്ഞു അവരെ കാലപുരിക്കയച്ചത്.

ഈ കു്യൂട്ടികളുടെ പിതാവ് മൊറോക്കോയിൽ മാതാപിതാക്കളെ സന്ദർശിക്കാൻ പോയ സമയത്തായിരുന്നു നിവെല്ലെസ് പട്ടണത്തിലെ വീട്ടിൽ വെച്ച് അവർ ഈ ക്രൂരകൃത്യം നടത്തിയത്. അതിനു ശേഷം അവർ സ്വയം കുത്തി മരിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. തുടർന്ന് അവർ തന്നെ എമർജൻസി സർവീസിനെ വിളിച്ചു വരുത്തുകയായിരുന്നു. 2008- ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇവരെ പിന്നീട് 2019-ൽ മാനസികരോഗ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി.

ഇന്നലെ പ്രാദേശിക മാധ്യമങ്ങളിൽ ആയിരുന്നു ഇപ്പോൾ 58 വയസ്സുള്ള ഇവരെ അവരുടെ അഭ്യർത്ഥന പ്രകാരം ദയാവധത്തിന് ഇരയാക്കിയതായ വാർത്തകൾ വന്നത്. തുടർന്ന് ഇവരുടെ അഭിഭാഷകൻ അക്കാര്യം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച ഇവരുടെ ശവസംസ്‌കാരം നടന്നതായും പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തി. കൊലപാതകത്തിന് മുൻപായി, ഇവർ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും രണ്ട് കറിക്കത്തികൾ മോഷ്ടിച്ചിരുന്നു.

അതിനു ശേഷം ഉച്ചഭക്ഷണം പാചകം ചെയ്ത ഇവർ പിന്നീട് വീടിന്റെ വാതിൽ അടച്ചു പൂട്ടിയിട്ടായിരുന്നു. കൊലപാതക പരമ്പര അരങ്ങേറിയത്. താനും കുട്ടികളും വീട്ടിൽ ഒറ്റപ്പെട്ടു പോയി എന്ന തോന്നലിൽ നിന്നുണ്ടായ നിരാശയാണ് കൊലപാതകത്തിന് കാരണം എന്നായിരുന്നു അവർ കോടതിയിൽ പറഞ്ഞത്. ഇനി തന്റെ അവസാനകാലം വരെ ദുരിതമനുഭവിക്കുക എന്നതാണ് തനിക്കുള്ള ശിക്ഷ എന്നും അവർ പറഞ്ഞിരുന്നു.

ഭേദപ്പെടുത്താനാകാത്ത ശാരീരിക രോഗങ്ങൾ ഉണ്ടെങ്കിൽ മാത്രമല്ല, മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ദയാവധം തിരഞ്ഞെടുക്കാനുള്ള അവകാശം ബെൽജിയൻ നിയമങ്ങൾ പൗരന്മാർക്ക് നൽകുന്നുണ്ട്. അതിനായി ആഗ്രഹിക്കുന്നവർ സ്വബോധത്തോടെ വ്യക്തമായി അക്കാര്യം അറിയിക്കണം എന്ന് മാത്രം.