കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു പേർ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി. സംഗീതജ്ഞയും ബോളിവുഡ് ഗായികയുമായ നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കാനിരിക്കെയാണ് കുസാറ്റിൽ അപകടമുണ്ടാകുന്നത്.

കൊച്ചിയിലുണ്ടായ അപകടം അങ്ങേയറ്റം ഹൃദയഭേദകമാണ്. പരിപാടിക്കായി ഞാൻ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായി. ഹൃദയവേദന പ്രകടിപ്പിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.- നികിത ഗാന്ധി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ 'ധിഷണ'യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടം. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. അപകടത്തിൽ നാല് പേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേർ കുസാറ്റിലെ രണ്ടാം വർഷം എൻജിനീയറിങ് വിദ്യാർത്ഥികളാണ്. ആൽവിൻ ജോസഫ് വിദ്യാർത്ഥിയല്ല. പരിപാടി കാണാൻ സുഹൃത്തുക്കൾക്കൊപ്പം ആൽവിൻ എത്തിയതാകാം എന്നാണ് സൂചനകൾ.

അപകടത്തിൽ പരുക്കേറ്റവർ കളമശേരി മെഡിക്കൽ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. രണ്ടു പെൺകുട്ടികളുടെ നില അതീവഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്താൻ നടപടികൾ തുടങ്ങി. മരിച്ചവരുടെ ബന്ധുക്കൾ അടക്കം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ വിട്ടുകൊടുക്കും.

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുൻപായിരുന്നു ദുരന്തം. സ്‌കൂൾ ഓഫ് എൻജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർത്ഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.

ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ, പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയാണ് സംഘടിപ്പിച്ചിരുന്നത്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥിളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്യുകയും നിരവധി ആളുകൾ കൂട്ടമായി ഇവിടേയ്ക്ക് എത്തുകയും ചെയ്തു. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റത്.

ക്യാംപസിനുള്ളിലുള്ള മറ്റു വിദ്യാർത്ഥികളെ പൊലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും സംഭവസ്ഥലത്തേയ്ക്കു തിരിച്ചു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ കളമശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചേർന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.