പാലക്കാട്:പാലക്കാടിനെ വിറപ്പിച്ച കൊലകൊമ്പനായ പി ടി സെവനെ തളച്ചതോടെ നാട്ടുകാർ ആശ്വാസത്തിൽ. ഇന്ന് രാവിലെ മയക്കുവെടിയേറ്റ ഒറ്റയാൻ പി.ടി.ഏഴാമനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി. ആദ്യഘട്ട ദൗത്യം വിജയിച്ചതിന് പിന്നാലെ രണ്ടാം ഘട്ടവും പൂർത്തിയായതോടെ ആനയെ ധോണി ക്യാമ്പിലേക്ക് എത്തിക്കും. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ദൗത്യം പൂർത്തിയാക്കിയത്.

മയക്കുവെടിവെച്ച ആനയെ ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയിൽ കയറ്റിയത്. ആനയുടെ കാലുകളിൽ വടം കെട്ടി. കണ്ണുകൾ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്തു. മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരതൻ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയിൽ കയറ്റിയത്. ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനയെ മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്തു വച്ചാണ് മയക്കുവെടിവച്ചത്.

രാവിലെ 7.10നും 7.15നും ഇടയിൽ ഇടതു ചെവിക്കു താഴെ മുൻകാലിന് മുകളിലായാണ് പി.ടി.ഏഴാമന് വെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നൽകുന്നത്. ആനയുടെ തുടർചലനങ്ങൾ നിരീക്ഷിച്ചുവരുന്നതായും ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പി.ടി.ഏഴാമനെ മയക്കുവെടിവച്ചതിൽ സന്തോഷം പങ്കുവച്ച നാട്ടുകാർ, നാളുകളായുള്ള ആശങ്കയ്ക്ക് താൽകാലിക പരിഹാരമായെന്ന് പറഞ്ഞു. ചെങ്കുത്തായ മലയിടുക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പി.ടി.ഏഴാമനെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. ഏഴാമൻ. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന, നിരവധി കൃഷിയിടങ്ങൾ ഇതിനോടകം തകർത്തു. മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം മാസങ്ങൾക്കു മുൻപേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടർന്നാണ് വീണ്ടും ആനയെ തളയ്ക്കാൻ ദൗത്യസംഘം ഇറങ്ങിയത്.

ഒരാളുടെ ജീവനെടുത്ത ആന നിരവധി കൃഷിയിടങ്ങൾ ഇതിനോടകം തകർത്തു. മയക്കുവെടിവച്ച് ആനയെ പി.ടി.കൂടാനുള്ള തീരുമാനം മാസങ്ങൾക്കു മുൻപേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടർന്നാണ് ഇപ്പോൾ ആനയെ തളയ്ക്കാൻ ദൗത്യസംഘം ഇറങ്ങിയത്. ശിവരാമനെ ചെളിയിൽ ചവിട്ടിത്താഴ്‌ത്തിയത് പി.ടി. ഏഴാമൻ എന്ന കാട്ടുകൊമ്പനാണെന്നു വനംവകുപ്പ് കണ്ടെത്തി. അന്നുമുതലിങ്ങോട്ട് ഏഴുമാസമായി പി.ടി. ഏഴാമൻ എന്ന കൊമ്പൻ ധോണിക്കാരുടെ പേടിസ്വപ്നമാണ്.

കാട്ടിൽനിന്ന് നാലരകിലോമീറ്ററോളം പുറത്തേക്കിറങ്ങിവന്നാണ് ആന പരാക്രമം കാട്ടുന്നത്. 2022 നവംബർ 25ന് ജനവാസമേഖലയിൽ വീണ്ടും പി.ടി. 7 ഇറങ്ങി. ഏക്കർകണക്കിനു കൃഷി നശിപ്പിച്ചു. ആനയെക്കണ്ട് തിരിഞ്ഞോടുന്നതിനിടെ ടാപ്പിങ് തൊഴിലാളി ജോസഫിനു വീണു പരുക്കേറ്റു. വേറെയും നിരവധിപേരെ ആനയോടിച്ചു. തലനാരിഴക്കാണു പലരും രക്ഷപെട്ടത്. പി.ടി. ഏഴാമനെ പി.ടി.കൂടണമെന്ന ആവശ്യം ഇതോടെ ശക്തമായി.

ഡിസംബർ 12ന് കാടിറങ്ങിയ ആന ആറുദിവസമാണു തിരിച്ചുകയറാതെ നാട്ടിൽ നാശംവിതച്ചത്. ആനയെ മയക്കുവെടി വയ്ക്കാനുള്ള തീരുമാനത്തിൽനിന്ന് ഡിസംബർ അവസാനം വനംവകുപ്പ് പിന്മാറിയത് വലിയ പ്രതിഷേധമുണ്ടാക്കി. പി.ടി. ഏഴാമനെ പി.ടി.കൂടണ്ട എന്ന ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡന് തിരുത്തേണ്ടിവന്നു. എന്നാൽ അപ്പോഴാണ് വയനാട് ബത്തേരിയിൽ പിഎം രണ്ടാമൻ എന്ന ഒറ്റയാനെത്തിയത്. ഇതോടെ, വനംവകുപ്പ് സംഘം പി.ടി. സെവനെ ഉപേക്ഷിച്ച് ബത്തേരിയിലേക്കു പോയി. അടുത്ത ദിവസം തന്നെ പി.ടി. 7 വീണ്ടും കാടിറങ്ങി നാശം വിതച്ചു. ഇതോടെ ഓപ്പറേഷൻ പി.ടി. 7 അധികൃതർ ഗൗരവത്തോടെ എടുക്കുകയായിരുന്നു. തുടർന്നാണ് ദൗത്യസംഘം വീണ്ടും പാലക്കാട്ടേക്കെത്തിയത്.