തിരുവനന്തപുരം: തങ്ങളുടെ പ്രണയ സാഫല്യമായിരുന്നു ദമ്പതികൾക്ക് ആ കുഞ്ഞ്. എന്നാൽ, വിവാഹിതരാകാൻ തീരുമാനിക്കുമ്പോൾ, യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാരോട് അടക്കം തുറന്നുപറയാൻ ധൈര്യം കിട്ടിയില്ല. ഒരുതരം സദാചാര ഭീതി തന്നെ കാരണം. മറ്റുള്ളവർ തങ്ങളെ മോശക്കാരാക്കി ചിത്രീകരിക്കും എന്ന ചിന്ത വല്ലാതെ അലട്ടി. എന്തു ചെയ്യുമെന്ന് അറിയാതെ ഉറക്കമില്ലാ രാവുകൾ. ഒടുവിൽ പ്രണയ കാലത്തെ ഗർഭം ഒളിപ്പിച്ച് വിവാഹിതരായ യുവാവും യുവതിയും സമൂഹ വിചാരണ ഭയന്ന് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു. തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും.

മൂന്നുമാസം മുമ്പാണ് ഇവർ കുഞ്ഞിനെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചതോടെ രണ്ടു പേരും മാനസിക സംഘർഷത്തിൽ അകപ്പെടുകയായിരുന്നു. ഇതോടെ കുഞ്ഞിനെ വീണ്ടെടുക്കാൻ ഇരുവരും തീരുമാനിച്ചെങ്കിലും കടമ്പകൾ ഏറെയായിരുന്നു. വിവാഹം നടക്കുമ്പോൾ യുവതി 8 മാസം ഗർഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്ത് വാടക വീടെടുത്തു താമസമാക്കി. മേയിൽ പ്രസവിച്ചു. വീട്ടുകാരെ അറിയിക്കാതെ ആയിരുന്നു ആശുപത്രിയിലെ പ്രസവം. ജൂലൈ 17ന് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു. പിന്നീടാണ് മാനസിക സമ്മർദ്ദത്തെ തുടർന്ന മനംമാറ്റം ഉണ്ടായത്.

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് അപേക്ഷ നൽകി. ഡിഎൻഎ പരിശോധന അടക്കം പൂർത്തിയാക്കി ഇവർ യഥാർത്ഥ മാതാപിതാക്കൾ തന്നെയെന്ന് ഉറപ്പിച്ചു. ഇന്നാണ് നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറിയത്. സി ഡബ്ല്യു സിയുടെ ഓഫീസിൽ വച്ചാണ് കുഞ്ഞിനെ കൈമാറിയത്. തുടർന്ന് ഇവർ കുഞ്ഞിനൊപ്പം ഉള്ള പുതുജീവിതത്തിനായി വാടക വീട്ടിലേക്ക് തന്നെ പോയി.

കഴിഞ്ഞ വർഷവും സമാന സംഭവം നടന്നിരുന്നു. അന്ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ ദത്ത് നടപടികൾ ആരംഭിച്ചതോടെ കുഞ്ഞിനെ തിരികെ വാങ്ങുകയായിരുന്നു അമ്മ. 2021 ജനുവരിയിൽ അമ്മ തൊട്ടിലിൽ നിന്നു ലഭിച്ച കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് അമ്മ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുൻപിലെത്തിയത്. പ്രശസ്ത കവയത്രി സുഗത കുമാരിയോടുള്ള ബഹുമാനാർഥം കുഞ്ഞിന് സുഗത എന്നായിരുന്നു പേര് നൽകിയിരുന്നത്.

കുഞ്ഞിനെ ലഭിച്ചു ഒരുമാസത്തിന് ശേഷം കുഞ്ഞിനെ ദത്തു നൽകുകയാണന്ന് പരസ്യം നൽകി. ഇത് കണ്ടതോടെ വിദേശത്തായിരുന്ന അമ്മ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ചൈൽഡ് വെൽഫെയർ കമറ്റിയെ സമീപിക്കാനാണ് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടത്. ഇതോടെ അമ്മ ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കമ്മിറ്റിക്ക് ഇ മെയിൽ അയക്കുകയും ചെയ്തു.കുട്ടിയുടെ ചിത്രവും കുട്ടിയുടെ ആരോഗ്യ കാർഡിന്റെ രേഖകളും യുതതി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കിയിരുന്നു. ഇതോടെ ഡിഎൻഎ ടെസ്റ്റ് നടത്തി കുഞ്ഞ് യുവതിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് കുഞ്ഞിനെ കൈമാറിയത്.

കുട്ടിയുടെ അച്ഛനുമായി പ്രണയത്തിലാവുകയും ഇയാൾ യുവതിക്ക് വിവാഹ വാഗ്ദാനം നൽകുകയും പിന്നിട് അയാൾ വിവാഹത്തിൽ നിന്നു പിന്മാറുകയും ചെയ്തതോടെയാണ് കുഞ്ഞിനെ അമ്മ തൊട്ടിലിൽ എൽപ്പിക്കാൻ തീരുമാനിച്ചത്. വിവാഹം നടക്കാതായതോടെ യുവതിയുടെ വീട്ടുകാരും കുട്ടിയെ ഒഴിവാക്കാൻ നിർബന്ധിക്കുകയും അനധികൃതമായി ദത്ത് നൽകാനുള്ള നടപടികളും നടത്തിയിരുന്നു. ഇതോടെയാണ് യുവതി കുഞ്ഞിനെ തിരുവനന്തപുരം അമ്മ തൊട്ടിലിൽ ഉപേക്ഷിക്കുകയും ജോലിക്കായി വിദേശത്തേക്് പോവുകയും ചെയ്തത്