കാസർകോഡ്: ഇന്ന് കാസർകോട് സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കാൻ അതിവിപുലമായ സന്നാഹങ്ങൾ. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ കാസർകോട്് സന്ദർശനം. പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ജില്ലയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ഇടങ്ങളിലായി 900 പൊലീസുകാരെ നിയോഗിച്ചു. 15 ഡി.വൈ.എസ്‌പിമാരുടെയും 40 ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 600 പൊലീസുകാർക്ക് പുറമെ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് 300 പൊലീസുകാരെ അധികമായി വിളിച്ചു വരുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് നേരെ തുടർച്ചയായി കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ ശക്തിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയുടെ ഉദ്ഘാടനം അടക്കം അഞ്ചു പരിപാടികളിൽ ആണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുക.

അതേസമയചം കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധമുണ്ടായി. കണ്ണൂർ ചുടലയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, വി രാഹുൽ എന്നിവരാണ് കരിങ്കൊടി കാട്ടിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ചീമേനി ജയിലിലെ കെട്ടിട ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോകുമ്പോഴായിരുന്നു പ്രതിഷേധം. പരിയാരം പൊലീസ് സ്റ്റേഷനു മുന്നിൽ കരിങ്കൊടി കാണിച്ച ആറു പേരും പൊലീസിന്റെ പിടിയിലായി.

മുഖ്യമന്ത്രിയുടെ യാത്ര പരിഗണിച്ച് കണ്ണൂരിൽ ഇന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഏഴു യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്. തളിപ്പറമ്പിലും പയ്യന്നൂരിലുമായാണ് ഏഴുപേരെ കരുതൽ തടങ്കലിലാക്കിയത്. മുഖ്യന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത പരിഗണിച്ചാണ് പൊലീസിന്റെ നടപടി. കാസർകോട് യൂത്ത് കോൺഗ്രസ് നേതാവ് ഉമേഷ് കാട്ടുകുളങ്ങരയെ പൊലീസ് കരുതൽ തടങ്കലിലാക്കി.

മുഖ്യമന്ത്രി ഭീരു, ഓടിയൊളിക്കുന്നു: വിഡി സതീശൻ

കനത്ത സുരക്ഷയിൽ മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. മുഖ്യമന്ത്രി ഭീരുവാണ്. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണെന്ന് വി ഡി സതീശൻ വിമർശിച്ചു. പ്രതിഷേധിക്കുന്ന കെഎസ്‌യു പ്രവർത്തകരെയോർത്ത് അഭിമാനമാണെന്നും വി ഡി സതീശൻ പറഞ്ഞു.

രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണെന്ന് വി ഡി സതീശൻ വിമർശിച്ചു. ജനകീയ സമരം കാണുമ്പോൾ അവരെ ആത്മഹത്യാ സ്വാഡ് എന്നാണ് പാർട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാൽ, പ്രതിഷേധിക്കുന്ന കെഎസ്‌യു പ്രവർത്തകരെയോർത്ത് അഭിമാനമാണെന്നും സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാസർകോട് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രി പിണറായി ആണ്. അദ്ദേഹം ഞങ്ങളെ പരിഹസിച്ചതുകൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നത്. സത്യാഗ്രഹ സമരത്തിൽ നിന്നും ആത്മഹത്യാ സ്‌ക്വാഡ് നടത്തുന്ന സമരം എന്ന് സിപിഎം തന്നെ പറയേണ്ടി വന്നല്ലോവെന്ന് സതീശൻ ചോദിച്ചു. സിപിഎമ്മിന്റെ പ്രതിരോധ ജാഥ എന്ന പേര് ആ ജാഥയ്ക്ക് യോജിക്കുമെന്നും എല്ലാ തരത്തിലും പ്രതിരോധത്തിലാണ് സിപിഎമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ആകാശിനെ വിഷമിപ്പിക്കരുതെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശമെന്നും ആകാശ് വാ തുറന്നാൽ പലരും കുടുങ്ങുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ശശി തരൂർ പ്രവർത്തക സമിതിയംഗം ആകാൻ യോഗ്യനാണോ എന്ന് തീരുമാനിക്കാൻ ഞാൻ ആളല്ലെന്നും അത് തന്റെ പരിധിയിൽ പെടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എം പി എന്നുള്ള നിലയിൽ എല്ലാ കോൺഗ്രസ് എം പിമാരും നല്ല പ്രവർത്തനമാണ് നടത്തുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.