ജയ്പൂർ: അതിർത്തികൾ ഭേദിച്ചുള്ള പ്രണയങ്ങൾ കുറച്ചു ദിവസമായി ദേശീയ മാധ്യമങ്ങളിലെ വാർത്താ വിഷയമാണ്. സച്ചിൻ-സീമ ഹൈദർ, അഞ്ജു-നസ്റുല്ല പ്രണയ വിവാഹങ്ങൾ നേരത്തെ വാർത്തയായിരുന്നു. ഇപ്പോൾ അതിന് ശേഷം മറ്റൊരു ഇന്ത്യ-പാക് പ്രണയവും ശ്രദ്ധ നേടുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള യുവതിയും രാജസ്ഥാനിൽ നിന്നുള്ള യുവാവും ഓൺലൈനിൽ വിവാഹിതരായെന്ന വാർത്തയാണ് പുറത്തുവരുന്നത്.

അർബാസ്, അമീന എന്നിവരാണ് പ്രത്യേക ഓൺലൈൻ നിക്കാഹിലൂടെ ഒന്നായത്. ജോധ്പൂരിലെയും കറാച്ചിയിലെയും അവരുടെ കുടുംബങ്ങൾ ചേർന്ന് എല്ലാ ആചാരങ്ങളും ഓൺലൈനായി പൂർത്തിയാക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള ഖാസിമാർ വിവാഹം ഉറപ്പിച്ചപ്പോൾ, കറാച്ചിയിൽ നിന്നുള്ള അമീന ജോധ്പൂരിലെ അർബാസിനോട് ''ഖാബൂൽ ഹേ'' പറഞ്ഞു. വിവാഹം കറാച്ചിയിൽ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം നിക്കാഹ് ഓൺലൈനായി നടത്തുകയായിരുന്നു, ഇരുവരുടെയും കുടുംബങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ബന്ധപ്പെട്ട് ചടങ്ങുകൾ നടത്തുകയായിരുന്നു.

വരന്റെ കുടുംബം ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഒത്തുകൂടിയ ജോധ്പൂരിലെ വേദിയിൽ ലാപ്ടോപ്പുകൾക്കൊപ്പം രണ്ട് വലിയ എൽഇഡി സ്‌ക്രീനുകളും സ്ഥാപിച്ചു. സീമ-സച്ചിൻ, അഞ്ജു-നസ്റുല്ല എന്നിവരിൽ നിന്ന് വ്യത്യസ്തമായി, സിവിൽ കോൺട്രാക്ടറായ മുഹമ്മദ് അഫ്സലിന്റെ ഇളയ മകൻ അർബാസ് അവരുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് അമീനയെ വിവാഹം കഴിച്ചത്.

വിവാഹം ഉറപ്പിച്ച ശേഷം വധു അമീന പാക്കിസ്ഥാനിൽ നിന്ന് ജോധ്പൂരിൽ എത്തുമെന്ന് വരന്റെ പിതാവ് മുഹമ്മദ് അഫ്സൽ പറഞ്ഞു. ''അവിടെയുള്ള പെൺകുട്ടികളും അവരുടെ കുടുംബങ്ങളും ജോധ്പൂരിലേക് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് അവിടെ ബന്ധുക്കളുമുണ്ട്. ഇനി വിസയ്ക്കുള്ള അപേക്ഷ നൽകണം. ചെലവും കുറവായതിനാൽ ഞങ്ങളെപ്പോലുള്ള സാധാരണ കുടുംബങ്ങൾക്ക് ഓൺലൈനായി വിവാഹം നടത്തുന്നത് സൗകര്യപ്രദമാണ്. ഇന്ത്യയിലെ നികാഹ്നാമ (വിവാഹ സർട്ടിഫിക്കറ്റ്) ഉപയോഗിച്ച് ഞങ്ങൾ വിസയ്ക്ക് അപേക്ഷിച്ചാൽ അത് എളുപ്പത്തിൽ ലഭ്യമാകും, ''അദ്ദേഹം പറഞ്ഞു.

നേരത്തെ രാജസ്ഥാൻ സ്വദേശി അഞ്ജു പാക്കിസ്ഥാനിലെത്തി ഇസ്ലാമിലേക്ക് മതം മാറിയാണ് വിവാഹം കഴിച്ചത്. ഇപ്പോൾ ഫാത്തിമ എന്നറിയപ്പെടുന്ന അഞ്ജുവിനെ സഹായിക്കാൻ പാക് സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ മൊഹ്സിൻ ഖാൻ അബ്ബാസിയാണ് അവർക്ക് ഭവന ഭൂമിയും 50,000 പികെആർ വിലയുള്ള ചെക്കും സമ്മാനിച്ചത്. അവളെ ഊഷ്മളമായി സ്വാഗതം ചെയ്യാനും നാട്ടിൽ പുതിയ ജീവിതത്തിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കാനുമാണ് ഈ സമ്മാനമെന്ന് മൊഹ്സിൻ ഖാൻ അബ്ബാസി പറഞ്ഞു.

ജയ്പൂരിലേക്ക് പോകുകയാണെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞാണ് 34 കാരിയായ യുവതി വീടുവിട്ടിറങ്ങിയത്. അഞ്ജു എന്നാണ് യുവതിയുടെ പേര്. ഉത്തർപ്രദേശിൽ ജനിച്ച അഞ്ജു, രാജസ്ഥാനിലെ അൽവാറിലാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്നത്. അഞ്ജുവിന്റെ കാമുകൻ നസ്റുല്ല മെഡിക്കൽ ഫീൽഡിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരും ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടത്. ജയ്പൂരിലേക്ക് പോകുകയാണ് എന്നു പറഞ്ഞാണ് വ്യാഴാഴ്ച അഞ്ജു വീട്ടിൽ നിന്ന് ഇറങ്ങിയെന്നും എന്നാൽ പിന്നീടാണ് പാക്കിസ്ഥാനിലെത്തിയ വിവരം വീട്ടുകാർക്ക് മനസിലായെന്നും ഭർത്താവ് പറഞ്ഞു.

അഞ്ജു ഓൺലൈനിൽ ആരെങ്കിലുമായി സംസാരിക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. ''വ്യാഴാഴ്ചയാണ് അഞ്ജു വീട്ടിൽ നിന്നിറങ്ങിയത് എന്നാണ് ഭർത്താവ് പറഞ്ഞത്. യുവതിയുടെ പക്കൽ സാധുവായ പാസ്പോർട്ടും ഉണ്ടായിരുന്നു'', അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഭിവാദി സുജിത് ശങ്കർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.