കൊച്ചി: മലയാള സിനിമയ്ക്ക് ഒരു ഷെയിൻ നിഗം ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന് തന്നെയാണ് നിർമ്മാതാക്കളുടെ പക്ഷം. അഹങ്കാരം തലയ്ക്ക് പിടിച്ച് സിനിമാ ഷൂട്ടിങ് സൈറ്റിൽ പെരുമാറുകയാണ് ഷെയിൻ ചെയ്തത്. ഷെയിനൊപ്പം അമ്മയും പ്രശ്‌നക്കാരാണെന്ന് നേരത്തെ മറുനാടൻ തന്നെ വാർത്ത പുറത്തുവിട്ടിരുന്നു. ഇത് പൂർണായും ശരിവെക്കുന്ന വിധത്തിലാണ് ഷെയിൻ നിഗമിന്റെ കത്തിടപാടും പുറത്തുവന്നതിൽ വ്യക്തമാകുന്നത്. ഷെയിൻ എഴുതിയ രണ്ട് കത്തുകൾ തന്നെയാണ് അദ്ദേഹത്തിന്റെ കുഴി തോണ്ടിയതും.

സിനിമയിൽ തനിക്ക് പ്രാധാന്യം വേണമെന്ന് കാണിച്ചാണ് ഷെയിൻ നിഗം കത്തയച്ചിരിക്കുന്നത്. നിർമ്മാതാവ് സോഫിയ പോളിനു ഷെയ്ൻ അയച്ച ഇ മെയിൽ സന്ദേശവും തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് അദ്ദേഹം താര സംഘടനയായ അമ്മയ്ക്കു അയച്ച കത്തുമാണു പുറത്തായത്. ആർഡിഎക്‌സ് എന്ന സിനിമയിൽ പ്രധാന കഥാപാത്രമാണെന്നു പറഞ്ഞിട്ടും മതിയായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും മാർക്കറ്റിങ്, പ്രമോഷൻ പരിപാടികളിൽ മുന്തിയ പ്രാധാന്യം നൽകണമെന്നുമാണു നിർമ്മാതാവായ സോഫിയ പോളിന് അയച്ച കത്തിൽ ഷെയ്ൻ ആവശ്യപ്പെടുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിലാണു നിർമ്മാതാക്കളുടെ സംഘടന ഷെയ്‌നുമായി സഹകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. കത്തിലെ വിവരങ്ങൾ നേരത്തെ തന്നെ മറുനാടൻ വാർത്തയാക്കിയിരുന്നു.

ഷെയ്ൻ തുടർച്ചയായി പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നും അതുമൂലം നാണക്കേടും ധനനഷ്ടവും വന്നു എന്നുമാണു നിർമ്മാതാവിന്റെ പരാതിയിൽ ആരോപിച്ചിരുന്നത്. തുടർന്നാണ് തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നു വാദിച്ച് 'അമ്മ'യ്ക്കു ഷെയ്ൻ കത്തയച്ചത്. സോഫിയ പോളിന്റെ സെറ്റിലെ കാരവൻ വൃത്തിഹീനമായിരുന്നു എന്നും ചെവിയിൽ പാറ്റ കയറി രക്തസ്രാവം ഉണ്ടായെന്നും അമ്മയ്ക്ക് അയച്ച കത്തിൽ ഷെയ്ൻ പറയുന്നു.

''ആർഡിഎക്‌സിലെ പ്രധാന കഥാപാത്രം ഞാൻ അവതരിപ്പിക്കുന്ന റോബർട്ട് ആണെന്നാണു കരാർ ഒപ്പിട്ട സമയത്തു പറഞ്ഞിരുന്നത്. എന്നാൽ, ചിത്രീകരണ വേളയിൽ എന്റെ കഥാപാത്രത്തിനു മതിയായ പ്രാധാന്യം ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ എനിക്ക് ആശങ്കകളുണ്ട്. അവ എന്റെ വ്യക്തിജീവിതത്തെയും തൊഴിൽ ജീവിതത്തെയും ദോഷകരമായി ബാധിച്ചേക്കാം എന്നതിനാൽ വ്യക്തത വരുത്തുന്നതു നന്നായിരിക്കും. സിനിമയുടെ ട്രെയ്ലറും പോസ്റ്ററും റിലീസ് ചെയ്യുമ്പോൾ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രമാണു നായകനെന്നു കാണികൾക്കു തോന്നുന്ന രീതിയിൽ അവതരിപ്പിക്കണം. അതേ പ്രാധാന്യം സിനിമയുടെ ഫൈനൽ കട്ട് വരെ നൽകണം.''- ഇതാണ് ഷെയിൻ സോഫിയ പോളിന് അയച്ച സിനിമയുടെ ഉള്ളടക്കം.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ചും സോഫിയ പോളിന്റെ സെറ്റിൽ പ്രയാസങ്ങൾ നേരിടേണ്ടി വന്നുവെന്നു കുറ്റപ്പെടുത്തിയുമാണ് അദ്ദേഹം 'അമ്മ'യ്ക്കു കത്തു നൽകിയത്. ആ കത്തിൽ പറയുന്നത് ഇങ്ങനെ: ആർഡിഎക്‌സ് തിരക്കഥ വായിച്ചപ്പോൾ തന്നെ 'ഷെയറിങ്' സിനിമ താൽപര്യമില്ലാത്തതിനാൽ അഭിനയിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഷെയ്‌നെ കണ്ടാണു കഥയെഴുതിയതെന്നും റോബർട്ടാണു മുഖ്യ കഥാപാത്രമെന്നും സംവിധായകനും നിർമ്മാതാവും ഉറപ്പു നൽകിയതിനാലാണ് അഭിനയിക്കാൻ തയാറായത്. എന്നാൽ, ചിത്രീകരണം തുടങ്ങിയശേഷം അക്കാര്യത്തിൽ സംശയമുണ്ടായി. ചോദിച്ചപ്പോൾ ചിത്രീകരിച്ച ഭാഗത്തിന്റെ എഡിറ്റ് കാണാമെന്നു സംവിധായകനാണു പറഞ്ഞത്.

കൂടുതൽ പണം ചോദിച്ചെന്ന ആരോപണവും തെറ്റാണ്. ആർഡിഎക്‌സ് വൈകിയപ്പോൾ ഞാൻ അഭിനയിക്കേണ്ട മറ്റൊരു ചിത്രവും നീണ്ടുപോയി. മുൻകൂറായി വാങ്ങിയ പണം തിരിച്ചു നൽകേണ്ടിവന്നു. അതിനാലാണു ആർഡിഎക്‌സിന്റെ നിർമ്മാതാവിനോട് എന്റെ അമ്മ കൂടുതൽ പണം ആവശ്യപ്പെട്ടത്. എന്നാൽ, അവഹേളിക്കുകയാണ് ഉണ്ടായത്. എനിക്കു മൈഗ്രെയ്ൻ ഉണ്ടായ ദിവസം ഷൂട്ടിങ്ങിനെത്താൻ അൽപം വൈകുമെന്ന് അറിയിച്ചു. എന്നാൽ, നിർമ്മാതാവിന്റെ ഭർത്താവ് എന്റെ അമ്മയോടു ബഹുമാനമില്ലാതെ സംസാരിക്കുകയും മൈഗ്രെയ്ൻ ഉണ്ടെന്നു പറയുന്നതു നുണയാണെന്നും പറഞ്ഞപ്പോൾ അമ്മയും വൈകാരികമായി പ്രതികരിച്ചു. അതിൽ ഖേദം അറിയിക്കുന്നു''. കത്തിൽ പറയുന്നു

സിനിമാ സംഘടനകൾ തന്നോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിനെതിരേ താരസംഘടനയായ 'അമ്മ'യെ സമീപിച്ച് നടൻ ഷെയ്ൻ നിഗം ചർച്ച പുതിയ തലത്തിലെത്തിക്കുകയാണ്. ആർ.ഡി.എക്സ് സിനിമയിൽ തന്റെ കഥാപാത്രത്തിന് കൂടുതൽ പ്രധാന്യം നൽകണമെന്നാണ് ഷെയിനിന്റെ നിബന്ധന. ചിത്രത്തിൽ ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അനാവശ്യമായി സിനിമയുടെ സാങ്കേതിക കാര്യങ്ങളിലുൾപ്പെടെ ഇടപെടുന്നു, കൃത്യമായി ഷൂട്ടിങ്ങിനെത്തുന്നില്ല തുടങ്ങി ഏതാനും യുവതാരങ്ങൾക്കെതിരെയും സിനിമാ സംഘടനകൾക്ക് പരാതി ലഭിച്ചിരുന്നു. നിരവധി ആരോപണങ്ങൾ ഉന്നയിച്ച് യുവതാരങ്ങളായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് കഴിഞ്ഞ ദിവസമാണ് സിനിമാ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയത്. ഷൂട്ടിങ്ങ് സെറ്റിൽ മയക്കുമരുന്ന് സ്വാധീനം വർധിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു. അതേസമയം താര സംഘടനകൾ സഹകരിക്കില്ലെന്ന് കണ്ടതോടെ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയൊഴിഞ്ഞിരുന്നു. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേർന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ തീരുമാനമെടുക്കുക.

നിർമ്മാതാക്കളുമായി കരാർ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. ചിലർ ഒരിടത്തും അംഗത്വമെടുക്കാതെ സംഘടനയെ വെല്ലുവിളിക്കുകയാണ്. നിയമപരമായ സുരക്ഷിതത്വത്തിനുവേണ്ടി അമ്മയിലെ അംഗത്വ നമ്പർ നിർബന്ധമാക്കുമെന്ന് അവർ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, താരസംഘടനയായ 'അമ്മ', സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക എന്നിവരുടെ സംയുക്തയോഗത്തിലായിരുന്നു തീരുമാനം.