കണ്ണൂർ: റോക്കറ്റുകൾ ഇരമ്പിയാർക്കുന്ന ഇസ്രയേലിലെ യുദ്ധഭൂമിയിൽ നിന്നും മലയാളി നഴ്സായ ഷീജാ ആനന്ദ് തിരിച്ചുവരുന്നതിനായി കണ്ണീരുവാർത്തുകൊണ്ടു പ്രാർത്ഥനകളോടെ ഒരു കുടുംബം കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ നിമിഷങ്ങൾ മണിക്കൂറുകളായി പിടയുന്ന മനസുമായി കാത്തരിപ്പുണ്ട്. ടെലിവിഷനിൽ ഇതേ കുറിച്ചു എന്തെങ്കിലും വാർത്തകളുണ്ടോയെന്ന ഉത്കണഠയോടെ നോക്കുകയാണവർ.

അയൽവാസികളും ബന്ധുക്കളെല്ലാം ഷീജയ്ക്കു പരുക്കേറ്റതറിഞ്ഞു വീട്ടിലെത്തിയിരുന്നു വെന്നുവെങ്കിലും വേവുന്ന മനസുമായി തീയണയാത്ത മനസുമായി കാത്തിരിക്കുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ കഴിയാതെ നിശബ്ദമാവുകയാണ്. എല്ലാവരിലും ദുഃഖം പടർത്തിക്കൊണ്ടു ഒന്നുമറിയാതെ ഷീജയുടെ രണ്ടുകുഞ്ഞുങ്ങൾ കളിച്ചുകൊണ്ടിരിക്കുന്നു.

ഇസ്രയേലിൽ ഹമാസിന്റെ ഒളിപ്പോർ റോക്കറ്റ് ആക്രമണത്തിൽ പരുക്കേറ്റ കണ്ണൂർശ്രീകണ്ഠാപുരം സ്വദേശിനിയായ നഴ്സ് ഷീജ ആനന്ദ് നാട്ടിലെത്തുന്നത് കാത്ത് രണ്ടു പിഞ്ചുമക്കളും ഭർത്താവുമുൾപ്പെടെയുള്ള കുടുംബം പ്രാർത്ഥിക്കുകയാണ്.

കുടുംബം പോറ്റാനായി കണ്ണെത്താദൂരത്ത് ജോലിതേടിപ്പോയ ഷീജമടങ്ങിവരുന്നതും കാത്ത് പ്രാർത്ഥനയോടെകണ്ണീരോടെ നിൽക്കുകയാണ് കുടുംബം. രണ്ടുമക്കളുടെ അമ്മയായ ഷീജ ഉപജീവനമാർഗം തേടിയാണ് കെയർടേക്കർ ജോലിക്കായി ഇസ്രായയിലേക്ക് ജോലി തേടി പോയത്. മിസൈൽ അക്രമത്തിൽ പരുക്കേറ്റ ഷീജയെ തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നട്ടെല്ലിന്റെ ശസ്ത്രക്രിയ ചെയ്യുന്നതിനാണ് ആശുപത്രി മാറ്റിയതെന്നു സഹോദരി ഷിജി പറഞ്ഞു. കഴിഞ്ഞ ദിവസം വീഡിയോകോളിലൂടെ സംസാരിച്ചുവെന്നും അപകടം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇപ്പോഴും കുടുംബത്തിന് ലഭ്യമല്ലെന്നും ഷിജി പറഞ്ഞു. രണ്ടു മാസത്തിനു ശേഷം ഷീജ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അപകടമുണ്ടായ ദിവസം രാവിലെ മകളോട് സംസാരിച്ചിരുന്നുവെന്നും ഭയമുണ്ടെന്ന് അവൾ പറഞ്ഞതായും അമ്മ സരോജിനിയുംപറഞ്ഞു.

ഞായറാഴ്‌ച്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ഷീജ താമസിക്കുന്ന സ്ഥലത്ത് ആക്രമണമുണ്ടായത്. കൈകാലുകൾക്കും വയറിനും പരുക്കേറ്റതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയനടത്തിയെന്നാണ് വീട്ടിൽ ലഭിച്ച വിവരം. ഷീജയുടെ സുഹൃത്തുക്കളാണ് നാട്ടിൽ ഈ വിവരം വീട്ടുകാരോട് അറിയിച്ചത്. തന്നോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ആക്രമമുണ്ടായതെന്ന് ഷീജയുടെ ഭർത്താവ് ആനന്ദ്പറഞ്ഞു.

രണ്ടുചെറിയ കുട്ടികളുടെ അമ്മയായ ഷീജയ്ക്കു ഒളിപ്പോർ യുദ്ധത്തിൽ പരുക്കേറ്റത് കുടുംബത്തെ വേദനയുടെയും ആശങ്കയുടെയും നെരിപ്പോടിലാക്കിയിട്ടുണ്ട്. എന്തുതന്നെയായാലും ഷീജ നാട്ടിലേക്ക് വരുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.