കൊച്ചി: ഒടുവിൽ പോപ്പുലർ ഫ്രണ്ടിന് നിരോധനം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോഴും, പാക്ക് സർജിക്കൽ സ്‌ട്രൈക്കിലുമൊക്കെ നടത്തിയതുപോലുള്ള അതി രഹസ്യവും സൂക്ഷ്മവുമായ ആസൂത്രണമാണ് ഈ നടപടികളിലും അമിത്ഷാ-അജിത് ഡോവൽ ടീം നടത്തിയത്. അതു തന്നെയാണ് ഓപ്പറേഷൻ ഓക്ടോപ്പസിലും നിറഞ്ഞത്. ഇതിന്റെ അവസാനമാണ് പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം. കേരളത്തിലാണ് പോപ്പലർ ഫ്രണ്ടിന് കൂടുതൽ വേരുകളുള്ളത്. ബാക്കി സംസ്ഥാനങ്ങളിൽ ചില പോക്കറ്റുകൾ മാത്രം. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിൽ കേരളമാകും ശ്രദ്ധേ കേന്ദ്രം. 2018ൽ തന്നെ കേന്ദ്രം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിൽ ചർച്ച തുടങ്ങി. പക്ഷേ ദീർഘകാലത്തെ കരുതലിന് ശേഷമാണ് തീരുമാനം എടുക്കുന്നത്.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട് എവിടെയാണെന്നും, ഭാര്യ എവിടെയാണ് ജോലിചെയ്യുന്നതെന്നും മാത്രമല്ല, അവർക്ക് ഏതെല്ലാം ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെന്നും, എവിടെയൊക്കെ പോയിട്ടുണ്ടെന്നും ഈ രാജ്യത്തെ എൻഐഎക്കും ഇഡിക്കും നന്നായി അറിയാമെന്ന് തെളിയിക്കുന്നതായിരുന്നു ഓപ്പറേഷൻ ഒക്ടോപ്പസ്. ഇനിയുള്ള ദിനങ്ങൾ പോപ്പുലർ ഫ്രണ്ടിന് കഷ്ടതകൾ നിറഞ്ഞ് തന്നെയാണ്. പോപ്പുലർ ഫ്രണ്ടിന്റെ താത്വിക ആചാര്യനായ പി കോയയും, ചെയർമാൻ ഒ എം എ സലാമും, നാസറുദ്ദീൻ എളമരവും പോലുള്ള 14 നേതാക്കളെ കൊണ്ടുപോയത് ഡൽഹിയിലേക്കാണ്. മാധ്യമ പ്രവർത്തകൻ ആയിട്ടുപോലും സിദ്ദീഖ് കാപ്പന് രണ്ടുവർഷത്തിനുശേഷമാണ് ജാമ്യം കിട്ടുന്നത്. എന്നിട്ടും ഇപ്പോഴും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് നിരോധനം.

വൻ തോതിൽ വിദേശ ഫണ്ട് കൈപ്പറ്റികയും, ജോസഫ് മാഷിന്റെ കൈവെട്ട് തൊട്ട്, അഭിമന്യുവധവും, ശ്രീനിവാസൻ വധവും വരെയുള്ള നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാവുകയും ചെയ്ത പോപ്പുലർ ഫ്രണ്ടുകാരുടെ ഇനിയുള്ള കാലം എന്തെന്ന് തുടർന്നുള്ള നിയമപോരാട്ടം നിശ്ചയിക്കും. ഇരുചെവിയറിയാതെ എൻഐഎ കേരളത്തിൽ റെയ്ഡ് നടത്തിയത്. എല്ലാം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഡൽഹിയിൽ ഇരുന്ന് നിരീക്ഷിക്കുകായിരുന്നു എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവരങ്ങൾ അപ്പപ്പോൾ തിരക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡിനെത്തിയത് ഇരുനൂറിലേറെ പേരടങ്ങുന്ന സംഘമായിരുന്നു. രാജ്യത്ത് എൻ.ഐ.എ. നടത്തിയ ഏറ്റവും വലിയ റെയ്ഡുകളിലൊന്നാണ് വ്യാഴാഴ്ച പുലർച്ചെ അവസാനിച്ചത്.

കേരളത്തിൽ പൊലീസിനെ ആശ്രയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. ആശ്രയിച്ചിരുന്നെങ്കിൽ റെയ്ഡ് വിവരം അപ്പോൾ തെന്ന ചോരുമായിരുന്നു. 'പച്ചവെളിച്ചം' എന്ന ഷുഡു വാട്‌സാപ്പ് ഗ്രൂപ്പുകൾ ഒക്കെ കേരളാ പൊലീസിലും ഉണ്ടെന്നത് പരസ്യമായ രഹസ്യം ആയിരുന്നു. കൊച്ചിയിലേക്ക് സി.ആർ.പി.എഫിന്റെ റാഞ്ചി കേഡറിലെ 10 കമ്പനികളിൽ നിന്നുള്ള 750 ഭടന്മാരാണ് എത്തിയത്. അഞ്ചുദിവസം മുമ്പ് കൊച്ചിയിലെത്തിച്ച ഇവരോട് ജോലി എന്താണെന്ന് അവസാന നിമിഷം വരെ അറിയിച്ചിരുന്നില്ല. ബുധനാഴ്ച വൈകുന്നേരമാണ് ഓപ്പറേഷന് തയ്യാറാകാൻ നിർദ്ദേശിച്ചത്. കേന്ദ്ര ഏജൻസിയുടെ പരിശോധനയെക്കുറിച്ച് സംസ്ഥാന പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നു. എന്നാൽ, നടപടി എന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു. എല്ലാവരും കരുതിയത് വിഴിഞ്ഞം ഓപ്പറേഷൻ എന്നായിരുന്നു.

ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ വളരെ നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര വകുപ്പും എൻഐഎയും പോപ്പുലർ ഫ്രണ്ടിനെ നോട്ടമിട്ടിരുന്നു. എൻഐഎ നടപടികൾക്ക് കാരണമായ രേഖകളിൽ ഹത്രാസ് കലാപ ഗൂഢാലോചന കേസിലെ പ്രതികളുടെ മൊഴികളും ഉണ്ട്. കലാപ ഗൂഢാലോചനകേസിലെ സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതികളായ പന്തളം സ്വദേശി അൻഷാദ് ബദറുദ്ദീൻ, വടകര സ്വദേശി ഫിറോസ് ഖാൻ എന്നിവർ നൽകിയ മൊഴികളും പിഎഫ്‌ഐക്ക് വിനയായി.

അൻഷാദ് ബദറുദ്ദീന്റെ മൊഴിയിലെ പ്രധാന വെളിപ്പെടുത്തലുകൾ ഇങ്ങനെയാണ്. 'പോപ്പുലർ ഫ്രണ്ടിന്റെ കില്ലർ സ്‌ക്വാഡുകളെ, താനും ഫിറോസ് ഖാനും ചേർന്നു പരിശീലിപ്പിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ളവരാണ് ഈ സ്‌ക്വാഡ് അംഗങ്ങൾ. കത്തി, വാൾ, കൈത്തോക്ക് തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാൻ ഇവരെ സ്‌ക്വാഡ് അംഗങ്ങളെ പരിശീലിപ്പിച്ചിരുന്നു. ഇരുമ്പു ദണ്ഡുപയോഗിച്ച് കൊല നടത്താൻ എവിടെ അടിക്കണമെന്നതിനും പരിശീലനമുണ്ട്. ആർഎസ്എസുകാരന്റെ പ്രതിമയുണ്ടാക്കി വെട്ടിപ്പടിപ്പിച്ചാണ് പരിശീലനം.

പെട്രോൾ ബോംബുകളും സ്ഫോടകവസ്തുക്കളും നിർമ്മിക്കാനും പ്രയോഗിക്കാനുമുള്ള പ്രത്യേക പരിശീലനവും നൽകാറുണ്ട്. സിദ്ദിഖ് കാപ്പനെയും റൗഫ് ഷെറീഫിനെയും തനിക്കറിയാം. പോപ്പുലർ ഫ്രണ്ടിന്റെ താത്വിക ബുദ്ധിജീവിയാണ് കാപ്പൻ. ബാബ്റി മസ്ജിദ് കോടതി വിധിക്കു ശേഷം ഹിന്ദുസംഘടനാ പ്രവർത്തകരെ ലക്ഷ്യമിടാൻ കാപ്പൻ നിർദ്ദേശം നൽകി. റൗഫ് ഷെറീഫാണ് പി എഫ് ഐ ക്കു വേണ്ടി ഫണ്ട് സമാഹരിച്ചിരുന്നത്. ഫിറോസും താനും ചേർന്ന് യുപി, ബിഹാർ, ബംഗാൾ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കില്ലർ സ്‌ക്വാഡ് പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഈ കേന്ദ്രങ്ങളിൽ ആയുധങ്ങളും സംഭരിച്ചിട്ടുണ്ട്.''.

ഫിറോസ് ഖാന്റെ മൊഴിയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങദെയാണ്- 'അൽഷാദ് ബദറുദ്ദീനും താനും ചേർന്ന് മുസ്ലിം യുവാക്കൾക്ക് ആയുധ പരിശീലനവും വാഹനങ്ങൾ കത്തിക്കാനുള്ള പരിശീലനവും നൽകാറുണ്ട്. കലാപമുണ്ടായാൽ പരമാവധി ആൾക്കാരെ കൊല്ലാനും പരിശീലനമുണ്ട്. ഡൽഹി പി എഫ് ഐ ഓഫിസിലെ മാനേജർ കെ.പി.കമാലാണ് ഞങ്ങളുടെ ചെലവുകൾ മുഴുവൻ വഹിച്ചിരുന്നത്. സിദ്ദിഖ് കാപ്പനും റൗഫ് ഷെറീഫും ഞങ്ങൾക്ക് മാർഗദർശന ക്ലാസുകൾ എടുക്കാറുണ്ടായിരുന്നു.''ഈ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് റെയ്ഡിന് ഒരു കാരണം ആയത്.

2047 ൽ ഇന്ത്യയുടെ ഭരണം പിടിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനയുടെ വിവിധ സംസ്ഥാന കമ്മിറ്റികൾക്ക് വിതരണം ചെയ്ത രഹസ്യ സർക്കുലറാണ് റെയ്ഡിനും കാരണമായ മറ്റൊരു പ്രധാന തെളിവുകളിൽ ഒന്ന്. പട്‌നയിൽ അറസ്റ്റിലായ പ്രവർത്തകരിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ ആഭ്യന്തര സർക്കുലർ ലഭിച്ചത്. 2047 ൽ ഇന്ത്യയുടെ ഭരണം പിടിക്കാൻ എന്തൊക്കെ ചെയ്യണമെന്നുള്ള വിവരങ്ങളാണ് സർക്കുലറിലുള്ളത്.

മുസ്ലിങ്ങൾ പോപ്പുലർ ഫ്രണ്ടിന്റെ കീഴിൽ അണിനിരക്കുകയും, ആയുധ പരിശീലനം നേടുകയും അതിനൊപ്പം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വൻ തോതിൽ ശേഖരിക്കുകയും ചെയ്യണം. ഹിന്ദു നേതാക്കളുടേയും ആർഎസ്എസ് നേതാക്കളുടേയും വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കണം. എതിർക്കുന്നവരെ കൊന്നൊടുക്കണം. എല്ലാ മേഖലകളിലും നുഴഞ്ഞു കയറണം. സൈന്യത്തിലും ജുഡീഷ്യറിയിലും സർക്കാർ സംവിധാനങ്ങളിലും കയറിപ്പറ്റി കഴിഞ്ഞാൽ ഭരണം പിടിക്കാൻ കഴിയും. നുഴഞ്ഞു കയറിയവൻ ഒരു കാര്യവും പുറത്തുപറയാതെ അവിടെ രഹസ്യമായി ജോലിചെയ്യണം. അവിടെയും മതപരമായ ജോലിയുണ്ട്. നിങ്ങൾ ഒരു ഡോക്ടറോ നഴ്‌സോ ആണെങ്കിൽ പിറക്കുന്ന ഏത് കുഞ്ഞിന്റെ ചെവിയിലും മതഭേദമന്യേ തക്‌ബീർ ചൊല്ലിക്കൊടുക്കണം! മുഖ്യധാര രാഷ്ട്രീയ പാർട്ടികളിലും ഇങ്ങനെ കയറിപ്പറ്റണം ( കേരളത്തിൽ സിപിഎമ്മിന് അകത്തുപോലും വലിയ തോതിൽ പോപ്പുലർ ഫ്രന്റ് നുഴഞ്ഞ് കയറിയെന്ന് ആക്ഷേപം ഉണ്ട്) അതുപോലെ ഏത് ജോലിയിൽ ഏർപ്പെട്ടാലും തങ്ങളുടെ പണി അവിടെ എടുക്കണം.

ഇന്ത്യയിലെ പത്ത് ശതമാനം മുസ്ലിങ്ങൾ പോപ്പുലർ ഫ്രണ്ടിനു പിന്നിൽ അണിനിരന്നാൽ ഭീരുക്കളായ ഭൂരിപക്ഷ സമുദായത്തെ കീഴ്‌പ്പെടുത്തി ഇസ്ലാമിന്റെ പ്രതാപം ഇന്ത്യയിൽ നടപ്പിലാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ആർഎസ്എസ് സവർണ സംഘടനയാണെന്ന് ചൂണ്ടിക്കാട്ടി ദലിത് സമുദായങ്ങളെ ആർ.എസ്.എസിൽ നിന്നകറ്റണം. ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യം മറച്ചു വച്ച് ദേശീയ പതാക, ഭരണഘടന, അംബേദ്കർ എന്നിവ നിരന്തരം ഉപയോഗിക്കണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളിൽ ട്രെയിനിങ് സെന്ററുകൾ സ്ഥാപിക്കുകയും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കുകയും വേണമെന്ന് സർക്കുലറിൽ നിർദ്ദേശമുണ്ട്. തുർക്കിയുമായി ബന്ധം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ടിനു കഴിഞ്ഞിട്ടുണ്ടെന്നും മറ്റ് ഇസ്ലാമിക രാജ്യങ്ങൾ ഇന്ത്യയുടെ ഭരണം പിടിക്കാൻ സഹായിക്കുമെന്നും സർക്കുലറിൽ പറയുന്നു.

മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ പ്രവർത്തിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ ഗൗരവമായി എടുത്തത്. പാക്കിസ്ഥാനും തുർക്കിയുമായുള്ള ബന്ധവും ഐഎസ് റിക്രൂട്ട്‌മെന്റുകളും സമഗ്ര അന്വേഷണത്തിനു കാരണമായി. പോപ്പുലർ ഫ്രണ്ടിന്റെ നിരവധി നേതാക്കൾ ഐഎസിൽ എത്തിയിട്ടുണ്ടെന്ന മലയാളി ഐഎസ് ഭീകരന്റെ ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. മാത്രമല്ല ഐഎസിൽ എത്തിയ മലയാളികളിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്ന നിരവധി പേരുണ്ടായിരുന്നതും അന്വേഷണം കടുപ്പിക്കാൻ കാരണമായി.പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളിൽ ഭൂരിഭാഗവും നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകരായിരുന്നവരാണ്. രാജ്യവിരുദ്ധ പ്രവർത്തനത്തെ തുടർന്ന് നിരോധിക്കപ്പെട്ട സിമി മറ്റൊരു പേരിൽ പ്രവർത്തനം ആരംഭിച്ചതാണ് പോപ്പുലർ ഫ്രണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

2003ലെ മാറാട് കൂട്ടക്കൊലം തൊട്ട് പോപ്പുലർ ഫ്രണ്ടിന് കോടികൾ ഫണ്ട് വരുന്നുണ്ടെന്ന് ആരോപണമുണ്ട്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഉന്നത ഗൂഢാലോചനയെ കുറിച്ച് ആദ്യം അന്വേഷിച്ച റിട്ട. ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്. ഈ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി 2010 ജൂൺ 30 മുതൽ 2012 ജനവരി 25 വരെ സേവനമനുഷ്ഠിച്ച താൻ പെട്ടന്നാണ് സ്ഥലം മാറ്റപ്പെട്ടത് എന്നാണ് പ്രദീപ് പറയുന്നത്. 1999-2002 കാലയളവിൽ വിദേശത്ത് നിന്ന് 430 കോടി രൂപ ഇവിടുത്തെ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കായി എത്തിയതിനെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനെ കുറിച്ചും സിബിഐ അന്വേഷണം നടക്കാതിരിക്കാൻ സമ്മർദം ഉണ്ടായതും പ്രദീപ് കുമാറിന്റെ സത്യവാങ്മൂലത്തിലുണ്ട്.

ഹാദിയ കേസിൽ, പരാതിക്കാരനായ ഷഹീൻ ജഹാന് വേണ്ടിയാണ് കപിൽ സിബലിന് 77 ലക്ഷവും, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും, ഇന്ദിര ജയ്‌സിങ്ങിന് 4 ലക്ഷവും നൽകിയതു വിവാദമായിരുന്നു. ഷഹീൻ ജഹാന്റെ പേരിൽ പോപ്പുലർ ഫ്രണ്ടാണ് ഈ തുക നൽകിയതെന്ന് സീ ന്യൂസ് വെളിപ്പെടുത്തുന്നു. യുപിയിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെയും റിഹാബ് ഇന്ത്യയുടെയും 15 ബാങ്ക് അക്കൗണ്ടുകളാണ് ഇഡി സൂക്ഷ്മമായി പരിശോധിച്ചത്. 1.04 കോടി രൂപ ഈ 15 അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി.

പോപ്പുലർ ഫ്രണ്ടിന്റെ 10 ഉം റീഹാബിന്റെ 5 ഉം അക്കൗണ്ടുകളിലാണ് 2019 ഡിസംബർ 12 നും 2020 ജനുവരി 6 നും മധ്യേ നിക്ഷേപം എത്തിയത്. അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായ്പോഴും 50,000 ത്തിൽ താഴെയായിരുന്നു. 5,000 ത്തിനും 49,000ത്തിനും ഇടയിൽ. ഇതുവഴി നിക്ഷേപകൻ ആരെന്ന് വെളിപ്പെടുത്തേണ്ടിയും വന്നില്ല. എന്നാൽ, ഈ കാലയളവിൽ 1.34 കോടി രൂപ ഈ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചതായും കണ്ടെത്തി.പോപ്പുലർ ഫ്രണ്ടിന്റെ 27 അക്കൗണ്ടുകൾ അടക്കം 73 അക്കൗണ്ടുകളാണ് പരിശോധിച്ചത്. 120.5 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ ഏറെയും അന്നുതന്നെയോ രണ്ട മൂന്നു ദിവസത്തിനകമോ പിൻവലിച്ചിട്ടുണ്ട്.