തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ വനിത പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി നേതാക്കൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും പ്രതിപക്ഷ നേതാവും ഇക്കാര്യത്തിൽ പൊലീസിനെതിരെ രംഗത്തുവന്നു.

സംഘർഷത്തിൽ രാഹുലിനും പരുക്കേറ്റിരുന്നു. വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറിയ വനിതാ പൊലീസിനു നേരെ നടപടി വേണമെന്ന് പ്രവർത്തകരും ആവശ്യപ്പെട്ടു. ''പൊലീസ് ഇവിടെ വന്നപ്പോൾ അവരാദ്യം ചെയ്തത് വനിത പ്രവർത്തകയുടെ തുണിയിന്മേൽ പിടിക്കലാണ്. ഞങ്ങളുടെ വനിത പ്രവർത്തകയുടെ തുണിയിന്മേൽ പിടിച്ച ആ പൊലീസുകാരെ കണ്ടിട്ടേ ഞങ്ങൾ പോകുന്നുള്ളൂ. എസ്എഫ്‌ഐക്കാർ സമരം ചെയ്യുമ്പോൾ ഇതാണോ പൊലീസിന്റെ സമീപനം. നിരവധി പ്രവർത്തകർക്ക് പരുക്കുപറ്റി. ഉത്തരവാദിത്തപ്പെട്ട് നേതാക്കന്മാർ ഇവിടെയെത്തും. അനിൽ കുമാറിന്റെയും സന്ദീപിന്റെയും ഓർഡർ വാങ്ങിയാണ് എന്റെ സഹപ്രവർത്തകരെ തല്ലിയത്.

പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലാക്കാൻ പറഞ്ഞപ്പോൾ അവരെ വണ്ടിക്കകത്തിട്ട് തല്ലി. സമരം തുടരുകതന്നെ ചെയ്യും. കേരളം ഭരിക്കുന്നത് അനിൽ കുമാറിനെപ്പോലെയുള്ള സന്ദീപിനെപ്പോലെയുള്ള ഗുണ്ടാ ക്രിമിനൽ സംഘത്തിന്റെ എമ്പോക്കികളാണോ പിണറായി വിജയൻ എന്നു പറയുന്ന ക്രിമിനൽ ആണോ എന്ന് ഇന്ന് തീരുമാനിക്കപ്പെടണം. വനിതാ പ്രവർത്തകരുടെ വസ്ത്രത്തിൽ പിടിച്ചാൽ നക്ഷത്രം വച്ച് നടക്കാൻ കഴിയില്ല''രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതേസമയം പ്രവർത്തകരെ ഡിസിസി ഓഫീസിയിൽ കയറി പിടിക്കാനുള്ള പൊലീസ് ശ്രമത്തെ വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ നേരിട്ടു. എആർ ക്യാംപിലേക്ക് പിങ്ക് പൊലീസിന്റെ വാഹനത്തിൽ കൊണ്ടുപോയ പ്രവർത്തകരെ ബേക്കറി ജംക്ഷനിൽവച്ച് പ്രവർത്തകർ മോചിപ്പിച്ചു. പൊലീസ് വാഹനത്തിനു കേടുപാടു വരുത്തി. കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രവർത്തകരെ വീണ്ടും കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് ബേക്കറി ജംക്ഷനിലെ ഡിസിസി ഓഫിസിനു മുന്നിലെത്തിയത്. പൊലീസ് വാഹനങ്ങൾ പ്രവർത്തകർ തടഞ്ഞതോടെ എആർ ക്യാംപിൽനിന്നും കൂടുതൽ പൊലീസെത്തി.

പ്രവർത്തകരും പൊലീസുമായി സംഘർഷമുണ്ടായി. പൊലീസ് കടക്കുന്നതിനു മുൻപ് ഡിസിസി ഓഫിസിന്റെ ഗേറ്റ് പ്രവർത്തകർ പൂട്ടി. ൗ സമയം ഡിസിസി പ്രസിഡന്റ് പാലോട് രവിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പിൽ എംഎൽഎയും അടക്കമുള്ളവർ ഡിസിസി ഓഫിസിലുണ്ടായിരുന്നു. പ്രവർത്തകരെ അറസ്റ്റു ചെയ്യാൻ പൊലീസ് വാഹനങ്ങൾ ഡിസിസി ഓഫിസിനു മുന്നിലെത്തിയതോടെ പ്രതിപക്ഷ നേതാവ് പുറത്തേക്കു വന്നു.

ഡിസിസി ഓഫിസിൽ കയറാൻ പൊലീസിനെ അനുവദിക്കില്ലെന്നും പ്രവർത്തകരെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. 'കുട്ടികളുടെ കൂടെയുണ്ടാകും. അവരെ അനാവശ്യമായി തൊടാൻ അനുവദിക്കില്ല. വനിതാ പ്രവർത്തകയെ പൊലീസ് ഉപദ്രവിച്ചു. കാലിക്കറ്റ് ക്യാംപസിൽ സംഘർഷമുണ്ടാക്കിയ എസ്എഫ്‌ഐ പ്രവർത്തകയെ 'മോളേ' എന്നാണ് പൊലീസ് സ്‌നേഹത്തോടെ വിളിച്ചത്. ഇവിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറി. ധൈര്യമുണ്ടെങ്കിൽ പൊലീസ് ഡിസിസി ഓഫിസിൽ കയറട്ടെ' സതീശൻ വെല്ലുവിളിച്ചു.

വളരെ മോശമായാണ് പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പെരുമാറിയത്. സമരത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ പൊലീസുകാരൻ വലിച്ചുകീറി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ തല്ലി പരിക്കേൽപ്പിച്ചു. പെൺകുട്ടികളെ ലാത്തി കൊണ്ട് കുത്തിയത് പുരുഷ പൊലീസുകാരാണ്. പരിക്കേറ്റ വനിത പ്രവർത്തകരെ തടഞ്ഞുവച്ചു. ഞാൻ അവരെ എന്റെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയാണ്.

അനാവശ്യമായി പൊലീസ് പെൺകുട്ടികൾക്ക് നേരെ ആക്രമണം നടത്തിയതാണ് സ്ഥിതി വഷളാകാൻ കാരണം. വനിത പ്രവർത്തകയുടെ തുണി വലിച്ചു കീറിയ പുരുഷ എസ്‌ഐക്കെതിരെ നടപടി വേണം. യൂത്ത് കോൺഗ്രസ് സമരം അടിച്ചമർത്താൻ പൊലീസ് പോരാ. ഇതിനേക്കാൻ വലിയ സമരം കാണേണ്ടി വരും. പൊലീസിനെ അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് സതീശൻ പറഞ്ഞു.

ഡി.സി.സി ഓഫീസിന് മുന്നിൽ പൊലീസ് അനാവശ്യ പ്രശ്‌നങ്ങൾ ഉണ്ടാകുകയാണ്. ഓഫീസിനകത്ത് കയറാമെന്ന് പൊലീസ് വിചാരിക്കണ്ട. പ്രവർത്തകരേയും ഓഫീസിനേയും സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം. അനാവശ്യമായി ഒരാളേയും തൊടാൻ അനുവദിക്കിസല്ലെന്നും സതീശൻ പറഞ്ഞു.

സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തിയത്. സർക്കാരിനെ വെല്ലുവിളിച്ചും അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഓർമിപ്പിച്ചും വി.ഡി.സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സ്ഥലത്തുനിന്ന് മടങ്ങിയതോടെ സംഘർഷം ആരംഭിച്ചു. സെക്രട്ടേറിയറ്റിലേക്ക് കടക്കാനൊരുങ്ങിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേഡിനു മുകളിലേക്കു കയറിയ പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറാകാത്തതിനെ തുടർന്ന് പൊലീസ് ലാത്തി ചാർജ് നടത്തി.