കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട പോളിന് മതിയായ ചികിത്സ കിട്ടാൻ വൈകിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഹെലികോപ്ടർ' തീരുമാനം. വയനാടിന്റെ ചരിത്രത്തിൽ ആദ്യമായി പരുക്കേറ്റയാളെ കൊണ്ടുപോകുന്നതിന് ഹെലികോപ്റ്റർ എത്തിയെങ്കിലും ഉപയോഗിക്കാൻ കഴിഞ്ഞില്ല. കുറുവാദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ജീവനക്കാരനായ പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോകാനാണ് കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വനം മന്ത്രി എകെ ശശീന്ദ്രനായിരുന്നു ഈ നീക്കം നടത്തിയത്.

ആനയുടെ ആക്രമണത്തിൽ വാരിയെല്ലുകൾ തകർന്ന പോളിന്റെ അരോഗ്യാവസ്ഥ പോലും മുഖ്യമന്ത്രിയും ശശീന്ദ്രനും തിരിച്ചറിഞ്ഞില്ല. പിണറായിയും മറ്റും സഞ്ചരിക്കുന്ന മോഡൽ ഹെലികോപ്ടറാണ് എത്തിയത്. ഇതിൽ ഇരുന്നു സഞ്ചരിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ പോളിനെ അതിൽ കൊണ്ടു പോവുക അസാധ്യമായി. ഇതോടെ ആംബുലൻസിൽ റോഡിലൂടെയായി യാത്ര. ഹെലികോപ്ടറിനായി കാത്തിരുന്ന സമയം പാഴായി. ഇത് ചികിൽസയേയും ബാധിച്ചു. അതുകൊണ്ടാണ് അച്ഛന് ചികിൽസ കിട്ടിയില്ലെന്ന പരാതിയുമായി മകൾ എത്തുന്നത്. വയനാട്ടിൽ ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നും കോഴിക്കോടെത്തിക്കാൻ വൈകിയെന്നും പോളിന്റെ മകൾ പറഞ്ഞു.

കാട്ടാനയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോളിനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. സബ് കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ഉടനടി ആശുപത്രിയിലെത്തിക്കുകയും ചെയ്തു എന്നാൽ പോളിനെ ചികിത്സിക്കാനാവശ്യമായ സജ്ജീകരണങ്ങൾ വയനാട് മെഡിക്കൽ കോളേജിൽ ഇല്ലാതിരുന്നതിനാൽ സാധ്യമായ അടിയന്തര ശസ്ത്രക്രിയ നടത്തി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വ്യോമ മാർഗ്ഗം പോളിനെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചത്.

മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ ഒരുമണിയോടെയാണ് ഹെലികോപ്റ്റർ ഇറക്കിയത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ പോളിനെ ഐ.സി.യു. സംവിധാനമുള്ള ആംബുലൻസിലേ കൊണ്ടുപോകാൻ സാധിക്കുമായിരുന്നുള്ളു. മാനന്തവാടിയിൽ എത്തിയതാവട്ടെ ഇരുന്ന് സഞ്ചരിക്കാൻ സാധിക്കുന്ന സാധാരണ ഹെലികോപ്ടറും ഈ ഹെലികോപ്റ്ററിൽ കൊണ്ടുപോകാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല പോൾ എന്ന് ഉറപ്പായതോടെ അരമണിക്കൂറോളം നിർത്തിയിട്ട ഹെലിക്കോപ്റ്റർ, ആംബുലൻസ് ചുരം കടന്നതോടെ തിരിച്ചു പോവുകയായിരുന്നു. ഈ മണ്ടൻ തീരുമാനത്തിനും ഖജനാവിൽ നിന്നും പണം പോകുമോ എന്നതാണ് ഇനി അറിയേണ്ടത്.

ഈ സാഹചര്യത്തിലാണ് പോളിന്റെ മകൾ വേദന പരസ്യമായി പങ്കുവയ്ക്കുന്നത്. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചികിത്സ വൈകിപ്പിച്ചു. കോഴിക്കോടേക്ക് എത്തിക്കാൻ വൈകി. വേണ്ട ചികിത്സാ കൊടുക്കാൻ ഉള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ രോഗിയെ അവിടെ വെക്കരുതായിരുന്നുവെന്നും സോന പറഞ്ഞു. 'ദിവസങ്ങൾക്ക് മുമ്പ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകള് പറഞ്ഞു ആർക്കും ആ ഗതി വരരുതെന്ന്. പക്ഷേ അതെ ഗതി എനിക്കും വന്നിരിക്കുകയാണിപ്പോൾ. എനിക്കി എന്റെ അച്ഛനെ നഷ്ടമായി. സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അച്ഛനെ പെട്ടെന്ന് അവിടെ നിന്ന് മാറ്റണമായിരുന്നു', സോന പറഞ്ഞു.

കോഴിക്കോടേക്ക് കൊണ്ടുപോകാൻ ഹെലികോപ്ടർ വരുമെന്നാണല്ലോ പറഞ്ഞത്? എന്നിട്ട് എവിടേ?. ശസ്ത്രക്രിയ നടത്തുമെന്ന് പറഞ്ഞ് മാനന്തവാടി മെഡിക്കൽ കോളേജിൽനിന്ന് കോഴിക്കോടേക്ക് കൊണ്ടുപോകുന്നത് വൈകിപ്പിച്ചു. ഒരു മണിയായപ്പോഴാണ് കൊണ്ടുപോയത്. അതുവരെ മതിയായ ചികിത്സ നൽകിയില്ല. അവിടെ സൗകര്യമില്ലെങ്കിൽ ഉടനെ കൊണ്ടുപോകണമായിരുന്നു. അത് ചെയ്തില്ല. വയനാട് ശരിക്കും വന്യമൃഗങ്ങൾക്കുള്ളതാണോ അതോ മനുഷ്യർക്കുള്ളതാണോ. ഇവിടെ ജീവിക്കുന്ന മനുഷ്യർക്ക് അൽപം പരിഗണന നൽകണം. വയനാട്ടിൽ മനുഷ്യ ജീവന് യാതൊരു വിലയുമില്ലേ? ഇവിടെ മനുഷ്യരേക്കാൾ കൂടുതൽ വന്യമൃഗങ്ങളാണുള്ളതെന്നാണ് തോന്നുന്നതെന്നും പോളിന്റെ മകൾ സോന ആരോപിച്ചു .

ഓരോ ദിവസവും കടുവയെയും ആനയെയും കുറിച്ചുള്ള വാർത്തകളുടെ ഞെട്ടലിലാണ്. വയനാട്ടിലെ ആരോഗ്യരംഗം എത്രത്തോളം അപകടകരമാണെന്നതിന്റെ നേർസാക്ഷ്യമാണ് പോളിന്റെ മരണമെന്ന് ടി. സിദ്ദിഖ് പ്രതികരിച്ചു. പോളിനെ എയർലിഫ്റ്റ് ചെയ്യാൻ വേണ്ട എയർ ആംബുലൻസിനു പകരം ഇരുന്നുകൊണ്ടുപോകാനുള്ള ഹെലികോപ്ടറാണു കൊണ്ടുവന്നത്. സമയം വൈകുകയും ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷവും കൽപറ്റയിൽ ഹെലികോപ്ടർ എത്തിയില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേക്കും മരണത്തിനു കീഴടങ്ങുകയും ചെയ്തു. വന്യമൃഗ ആക്രമണത്തിന്റെ അവസാനത്തെ ഇരയാണ് പോൾ.