മേപ്പാടി: വയനാട്ടില്‍, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങേളിലെയും ചാലിയാറിലെയും ശനിയാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ചാലിയാറില്‍ നാളെ രാവിലെ 7 മണിയോടെ രണ്ട് ഭാഗങ്ങളായി തിരച്ചില്‍ പുനരാരംഭിക്കും

അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 365 ആയി ഉയര്‍ന്നു. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറി. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസാരിക്കും. സര്‍വ്വമത പ്രാര്‍ത്ഥനയോടെ ആയിരിക്കും സംസ്‌കാരം നടത്തുക.

ശനിയാഴ്ച നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്തത്. ഉരുള്‍പൊട്ടല്‍ ബാധിച്ച എല്ലാ സ്ഥലങ്ങളിലും തിരച്ചില്‍ നടത്തി. ഇന്ന് തമിഴ്‌നാടിന്റെ ഫയര്‍ഫോഴ്‌സ് ഡോഗ് സ്‌ക്വാഡിന്റെ സഹകരണം കൂടി ഇന്ന് ലഭിച്ചിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങള്‍, ചാലിയാര്‍ പുഴയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പരിശോധനയും തുടരും.

അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചാലിയാറില്‍ നിന്ന് ഇന്ന് കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ചാലിയാറില്‍ വിപുലമായ തെരച്ചില്‍ നടത്താനാണ് തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും. തിങ്കളാഴ്ചയോടെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം.

വയനാട് ചൂരല്‍മല മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചിലില്‍ മലപ്പുറം മുണ്ടേരിയിലെ ചാലിയാറില്‍ നിന്ന് അഞ്ചാം ദിനത്തിലും കിട്ടി മൃതദേഹങ്ങളും ശരീരഭാഗങ്ങളും. ശനിയാഴ്ച മാത്രം മൂന്ന് മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇവ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് വയനാട്ടിലേക്ക് കൊണ്ടുപോയി. ചാലിയാറിന്റെ കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഭാഗങ്ങളില്‍ നാളെയും പരിശോധന തുടരും. അഞ്ചുദിവസങ്ങളിലായി മലപ്പുറത്ത് ചാലിയാറില്‍നിന്ന് കണ്ടെത്തിയത് 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ്. മൃതദേഹങ്ങളില്‍ 37 പുരുഷന്‍മാരുടേതും 29 സത്രീകളുടേതും ഏഴ് കുട്ടികളുടേതും ഉള്‍പ്പെടുന്നു.

മുണ്ടക്കൈ - ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വ്വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചില്‍. ഉരുള്‍പൊട്ടലില്‍ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയര്‍ച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എന്‍.ഡി.ആര്‍.എഫ്, കെ - 9 ഡോഗ് സ്‌ക്വാഡ്, ആര്‍മി കെ - 9 ഡോഗ് സ്‌ക്വാഡ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ്, പൊലിസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, തമിഴ്‌നാട് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, മെഡിക്കല്‍ ടീം, ദേശീയ ദുരന്തനിവാരണ അതോറിട്ടി ഡെല്‍റ്റ സ്‌ക്വാഡ്, നേവല്‍, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ച് ദിവസം തിരച്ചില്‍ നടത്തിയത്.

പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് പരിസരം, സ്‌കൂള്‍ റോഡ് എന്നിവിടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചും പരിശോധന നടത്തി. അപകടത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോള്‍ഡറും മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സമിതി അറിയിച്ചു.

ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കും. ആവശ്യമില്ലാതെ ദുരന്ത ഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം ടൂറിസം യാത്രകള്‍ നിരുത്സാഹപ്പെടുത്തും. കുടുംബാംഗങ്ങള്‍ നഷ്ടമായവര്‍ ഉള്‍പ്പടെയാണ് തിരച്ചിലിന് ഇറങ്ങുന്നത്. അവരുടെ വൈകാരികത മനസ്സിലാക്കണം. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സ്ഥലത്ത് ഭക്ഷണം നല്‍കുന്നതിന് ആളുകള്‍ പോകരുത്.

ദുരന്തവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും മന്ത്രിസഭാ ഉപസമിതി പറഞ്ഞു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തി മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ എന്നിവര്‍ പങ്കെടുത്തു.