തൃശൂർ: വിവാഹ വേഷത്തിൽ ചെണ്ടയും തോളിലേന്തി ചുവടുവച്ച് ശിങ്കാരി മേളം നടത്തുന്ന വധുവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തൃശൂർ ചെവ്വല്ലൂർ സ്വദേശിനിയായ ശിൽപ്പാ ശ്രീകുമാറാണ് ആ വൈറൽ വധു. ശ്രീകുമാർ പാലിയത്തിന്റെയും രശ്മിയുടെയും മകളായ ശിൽപ്പ കഴിഞ്ഞ 25 ന് ഗുരുവായൂരിലെ ശ്രീ വത്സം ഹാളിൽ നടന്ന വിവാഹത്തിലാണ് മേളക്കാർക്കൊപ്പം ശിങ്കാരി മേളം കൊട്ടി ജനഹൃദയങ്ങളിൽ കയറിപ്പയറ്റിയത്.

എഞ്ചിനീയറായ ശിൽപ്പ കഴിഞ്ഞ 8 വർഷമായി ദുബായിൽ ശിങ്കാരി മേളം നടത്തുന്ന പ്രധാന ചെണ്ടക്കാരിൽ ഒരാളാണ്. രണ്ടു വർഷമായി ദുബായിലെ തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നുമുണ്ട്. വിവാഹ ദിവസം പട്ടാമ്പി കൂറ്റനാട് പൊന്നൻ ബ്ലൂ മാജിക് എന്ന ട്രൂപ്പ് മേളം നടത്തുമെന്ന് അറിയിച്ചരുന്നു. ഈ ട്രൂപ്പുമൊന്നിച്ച് കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദത്തെ തുടർന്നാണ് ഇവർ മേളം വിവാഹ സമ്മാനമായി നടത്തിയത്. വിവാഹത്തിന് ശേഷം വരനുമൊത്ത് ഇവർക്കൊപ്പം കൂടുകയും ശിങ്കാരി മേളം നടത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ശിൽപ്പ ജനിച്ചതും വളർന്നതും ദുബായിലാണ്. കലയോട് വാസനയുള്ളതിനാൽ ചെണ്ട പരിശീലിക്കാനായി പോയിരുന്നു. സദനം രാജേഷ്, ഷൈജൂർ കണ്ണൂർ, രാജീവ് പാലക്കാട് എന്നിവരായിരുന്നു ഗുരുക്കന്മാർ. പഠനത്തിനടയിൽ ചെണ്ട മേളത്തിന് പോകും. മകളുടെ ചെണ്ട മേളത്തോടുള്ള താൽപര്യത്തിന് പിതാവ് ശ്രീകുമാറും എല്ലാ പിൻതുണയും നൽകിയിരുന്നു. അങ്ങനെയാണ് ദുബായിലെ ശിങ്കാരി മേള ട്രൂപ്പിൽ അംഗമാകുന്നത്.

പഞ്ചവാദ്യം, ചെമ്പട, ശിങ്കാരിമേളം തുടങ്ങീ പ്രധാന എല്ലാ താളവട്ടവും ശിൽപ്പയ്ക്ക് അറിയാം. വിവാഹത്തിന്റെ അന്ന് പൊന്നൻ ബ്ലൂ മാജിക് ട്രൂപ്പ് മേളം നടത്തുമെന്നറിയിച്ചപ്പോൾ തനിക്കും അന്ന് ചെണ്ട കൊട്ടണമെന്ന് ആഗ്രഹം അറിയിച്ചു. ഇതേ തുടർന്ന് ട്രൂപ്പുകാർ താളം വീഡിയോ റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്തു. അത് നോക്കി പരിശീലിച്ചാണ് ശിൽപ്പ വിവാഹ ദിവസം കൊട്ടിക്കയറിയത്.

കണ്ണൂർ സ്വദേശി ദേവാനന്ദാണ് ശിൽപ്പയെ വിവാഹം കഴിച്ചത്. ദേവാനന്ദും എഞ്ചിനീയറാണ്. പ്രണവ് ശ്രീകുമാർ സഹോദരനുമാണ്. വിവാഹ ശേഷം നിലവിൽ കണ്ണൂരിലാണ് ശിൽപ്പ.