പത്തനംതിട്ട: കാപ്പ കേസിലെ പ്രതിക്കൊപ്പം മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ സി.പി.എമ്മില്‍ ചേര്‍ന്നയാളെ കഞ്ചാവുകേസില്‍ കുടുക്കുകയായിരുന്നെന്ന ആരോപണത്തില്‍ പോലീസ് കേസെടുത്തേക്കില്ല. ഈ വാദം എക്സൈസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് അറസ്റ്റുണ്ടായതെങ്കിലും വാര്‍ത്ത പുറത്തുവന്നത് ബുധനാഴ്ചയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ബി.ജെ.പി.വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ശരണ്‍ചന്ദ്രനൊപ്പമുണ്ടായിരുന്ന യദുകൃഷ്ണനെ കഞ്ചാവുകേസില്‍ എക്സൈസ് പിടിച്ചതാണ് വിവാദമായത്. രണ്ടുഗ്രാം കഞ്ചാവും വലിക്കാനുള്ള ഉപകരണങ്ങളുമായി തിങ്കളാഴ്ചയാണ് ഇയാളെ കുമ്പഴയ്ക്കുസമീപം പാടശേഖരത്തിനടുത്തുള്ള പാലത്തിനടുത്ത് എക്സൈസ് പിടികൂടിയത് .

എക്സൈസ് പ്രിവന്റീവ് ഓഫീസറായ അസീസിന് യുവമോര്‍ച്ച ബന്ധം ഉണ്ടെന്നാരോപിച്ച് യദുവിനെ കുടുക്കുകയായിരുന്നെന്ന് സി.പി.എം. പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി.സഞ്ജുവാണ് ആരോപിച്ചത്. എന്നാല്‍, തനിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും എക്സൈസ് ടീമിനൊപ്പംപോയി യദുവിനെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ഉണ്ടായതെന്നും അസീസ് മാധ്യമങ്ങളോട് പറഞ്ഞു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലും നിരവധി ഗുഡ്സര്‍വീസ് എന്‍ട്രികളും കിട്ടിയിട്ടുള്ളയാളാണ് അസീസ്. അസീസിന് ബിജെപി ബന്ധവുമില്ല.

എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന എക്സൈസ് കമ്മിഷണര്‍ക്കും പരാതികൊടുക്കുമെന്ന് യദു വ്യാഴാഴ്ച പറഞ്ഞതും ദുരൂഹതയായി. സംഭവം നടന്നിട്ട് അഞ്ചാം ദിവസമാണ് യദുവിന് പരാതികൊടുക്കാന്‍ തോന്നിയതെന്നതാണ് ഇതിന് കാരണം. വാര്‍ത്ത വന്ന ശേഷമാണ് പരാതി കൊടുക്കാനുള്ള തീരുമാനം എന്നത് സിപിഎമ്മിനേയും വെട്ടിലാക്കി. പത്തനംതിട്ട എസ് പിയ്ക്കും പരാതി കൊടുത്തു. നിലവിലെ സാഹചര്യത്തില്‍ പോലീസ് കേസെടുക്കില്ല.

ഡിജിറ്റല്‍ തെളിവ് അടക്കമുള്ളവ ചേര്‍ത്താണ് എക്സൈസ് യദുവിനെ അറസ്റ്റുചെയ്തിരുന്നത്. അറസ്റ്റുചെയ്ത സ്ഥലം ലഹരി ഉപയോഗത്തിന്റെ കേന്ദ്രമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘമെത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.പി.ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജീവ്, സുള്‍ഫിക്കര്‍ എന്നിവരാണ് അസീസിനൊപ്പം ഓപ്പറേഷന്റെ ഭാഗമായത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന തന്റെ പേര് എങ്ങനെ ഈ കേസില്‍ ഉള്‍പ്പെടുത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് അസീസ് പറയുന്നത്.

വെള്ളിയാഴ്ചയാണ് ശരണ്‍ചന്ദ്രനും യദുവുമടക്കം ബി.ജെ.പി.വിട്ട 62 പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. മന്ത്രി വീണാ ജോര്‍ജ്, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതികള്‍ ശരിയായ വഴിക്കെത്തിയതുകൊണ്ടാണ് സിപിഎമ്മില്‍ എടുത്തതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.