പത്തനംതിട്ട: ഡിവൈഎഫ്ഐയുടെ രക്ഷാപ്രവർത്തനത്തിന് കൊല്ലത്ത് യൂത്ത് കോൺഗ്രസ് മറുമരുന്നു കൊടുത്തതോടെ പ്രതികാരത്തിന് തനതു വഴി തേടി ഡിവൈഎഫ്ഐ. യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട വ്യാജരേഖാക്കേസ് കുത്തിപ്പൊക്കുകയാണ് ഡിവൈഎഫ്ഐ. പത്തനംതിട്ട ജില്ലയിലെ പന്തളം ബ്ലോക്ക് ഡിവൈഎഫ്ഐ കമ്മറ്റി വ്യാജരേഖാക്കേസിൽ പുതിയ പരാതിയുമായി രംഗത്തു വന്നു.

നാലു പരാതികളാണ് പന്തളം പൊലീസിൽ നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ നൽകുമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം എൻ.സി അഭീഷ്, ബ്ലോക്ക് പ്രസിഡന്റ് എച്ച്.ശ്രീഹരി, സെക്രട്ടറി എസ്. സന്ദീപ്, വക്കാസ് അമീർ എന്നിവർ അറിയിച്ചു.

പന്തളം നഗരസഭയിലെ മങ്ങാരം, ചേരിക്കൽ വർഡുകളിലെ എട്ട് ചെറുപ്പക്കാരുടെ തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാജമായി നിർമ്മിച്ചുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മറ്റിയംഗം വക്കാസ് അമീർ, പ്രവർത്തകരായ അഭിജിത്ത് രാജ്, അഖിൽ കൃഷ്ണൻ, അജ്മൽ ജലാൽ എന്നിവരാണ് പരാതി നൽകിയിട്ടുള്ളത്. യൂത്ത് കോൺഗ്രസുകാർ വ്യാജമായി നിർമ്മിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പാർലമെന്റ് തെരഞ്ഞെടുപ്പിന് കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം എൻ.സി അഭീഷ്, ബ്ലോക്ക് പ്രസിഡന്റ് എച്ച്.ശ്രീഹരി, സെക്രട്ടറി എസ്. സന്ദീപ്, വക്കാസ് അമീർ എന്നിവർ ആരോപിച്ചു.

മ്യൂസിയം പൊലീസ് മൊഴിയെടുക്കാൻ വിളിക്കുമ്പോഴാണ് ചെറുപ്പക്കാർ ഇക്കാര്യം അറിയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിന്റെ നേതൃത്വത്തിൽ തുമ്പമൺ, അടൂർ എന്നിവിടങ്ങളിലാണ് വ്യാജകാർഡ് നിർമ്മിച്ചിരിക്കുന്നത്. വിദേശത്തുള്ളയാളുടെ വരെ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിട്ടുണ്ട്. അടൂരിലെ ടൂറിസ്റ്റ് ഹോം വാടകയ്ക്ക് എടുത്ത് ഫെനി നൈനാൻ എന്ന നേതാവിന്റെ നേതൃത്വത്തിൽ ആണ് ഇത്തരം വ്യാജ ഐഡി കാർഡ് നിർമ്മിച്ചിട്ടുള്ളത്. ഇത് രാജ്യദ്രോഹക്കുറ്റമാണെന്നും ഇവർക്കെതിരേ നടപടി വേണം എന്നുമാണ് നേതാക്കളുടെ ആവശ്യം.