തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തുടരുന്നു. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായർ എന്നിവർ ഒരു വർഷത്തിനിടെ എത്ര പ്രാവശ്യം സെക്രട്ടേറിയറ്റിലെത്തി, മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയോ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ അടക്കം ആരെയെല്ലാം സന്ദർശിച്ചു തുടങ്ങിയ വിവരങ്ങൾ കണ്ടെത്താനാണു പരിശോധന. ഇതിനായി വിപുലമായ പരിശ്രമം തന്നെ എൻഐഎ നടത്തേണ്ട അവസ്ഥയിലാണ്. കാരണം ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന സെക്രട്ടറിയേറ്റിൽ സ്വപ്‌നയും സന്ദീപും വന്നത് അടക്കം കണ്ടെത്താൻ വലിയ പരിശ്രമം വേണ്ടിവരും.

മുഖ്യമന്ത്രിയുടെ ഓഫിസിലേതടക്കം ഒരു വർഷത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ മാസങ്ങൾക്കു മുൻപു തന്നെ ആവശ്യപ്പെട്ടെങ്കിലും ഉടൻ നൽകേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനം. ഇപ്പോഴാണ് ഇതിനാവശ്യമായ സാങ്കേതിക സഹായം നൽകുന്നത്. മരാമത്തു വകുപ്പാണു സെക്രട്ടേറിയറ്റിലെ ഒരു വർഷത്തെ ദൃശ്യങ്ങൾ പകർത്തുന്നത്. പതിനഞ്ചോളം ദിവസത്തെ ദൃശ്യങ്ങൾ എൻഐഎ പകർത്തിയെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ 83 ക്യാമറകളിലെയും ദൃശ്യങ്ങൾ പകർത്താൻ 400 ടെറാ ബൈറ്റ് ശേഷിയുള്ള ഹാർഡ് ഡിസ്‌ക് വേണമെന്ന് ഐടി വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ചു ഹാർഡ് ഡിസ്‌ക് വാങ്ങാൻ 68 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.

ടെൻഡറിലേക്കു പോകാൻ തീരുമാനിച്ചിരുന്നെങ്കിലും മരാമത്തു വകുപ്പു ഹാർഡ് ഡിസ്‌ക് വാങ്ങി പകർത്തട്ടെയെന്നു സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ചാണു ഹാർഡ് ഡിസ്‌ക് വാങ്ങി ദൃശ്യങ്ങൾ പകർത്തിത്തുടങ്ങിയത്. 2019 ജൂലൈ മുതലുള്ള ഒരു വർഷത്തെ ദ്യശ്യങ്ങളാണ് എൻഐഎ നേരത്തെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

അതേസമയം സ്വർണ്ണക്കടത്തു കേസിലെ എൻഐഎ കുറ്റപത്രം കുറ്റപത്രം വിചാരണഘട്ടത്തിൽ മാത്രം പ്രതിഭാഗത്തിനു നൽകിയാൽ മതിയെന്ന നിലപാടിൽ അന്വേഷണ ഏജൻസിയുള്ളത്. സ്വപ്ന സുരേഷ്, കെ.ടി.റമീസ് എന്നിവർ അടക്കം 20 പ്രതികൾക്കെതിരെയാണു കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ പകർപ്പിനായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണു പ്രതിഭാഗം.

പ്രതികളുടെ ഭീകരസംഘടനാ ബന്ധം സംബന്ധിച്ച അന്വേഷണം തുടരുന്ന സാഹചര്യത്തിലാണു കുറ്റപത്രത്തിലെ ചില നിർണായക സൂചനകൾ പുറത്തുവരാതിരിക്കാൻ എൻഐഎ കരുതലോടെ നീങ്ങുന്നത്. വിചാരണ നടപടികൾക്കു മുൻപു പ്രതിഭാഗത്തിനു കുറ്റപത്രത്തിന്റെ പകർപ്പു നൽകാൻ കോടതി തീരുമാനിച്ചാൽ അന്വേഷണത്തെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി നൽകാനും എൻഐഎ ആലോചിക്കുന്നുണ്ട്. പ്രതികളിൽ ചിലർ ദേശവിരുദ്ധ ശക്തികൾക്കു സാമ്പത്തിക സഹായം നൽകിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. 20 പ്രതികളിൽ ആർക്കൊക്കെയാണു ഭീകരസംഘടനാ ബന്ധമുള്ളതെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

എന്നാൽ, സ്വർണക്കടത്തു കേസിലെ 31 പ്രതികൾക്കെതിരെ പ്രഥമവിവര റിപ്പോർട്ട് (എഫ്‌ഐആർ) സമർപ്പിച്ചപ്പോൾ ഇല്ലാതിരുന്ന യുഎപിഎ വകുപ്പ് 20 കൂടി ചേർത്താണു എൻഐഎ 20 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഭീകരസംഘടനകളിലോ കൂട്ടായ്മകളിലോ അംഗമാകുന്ന പ്രതികൾക്കെതിരെ ചുമത്തുന്ന വകുപ്പാണിത്. എഫ്‌ഐആറിൽ ചേർക്കാതിരുന്ന ഈ വകുപ്പു ചേർത്തതും കുറ്റപത്രത്തിന്റെ പൂർണ്ണമായ പകർപ്പു പ്രതിഭാഗത്തിനു ലഭിക്കാതിരിക്കാൻ എൻഐഎ ശ്രമിക്കുന്നതും യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തപ്പെട്ട സ്വർണക്കടത്തു കേസിന്റെ ഗൗരവം വർധിപ്പിക്കുന്നതായി നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.