കൊച്ചി: നീല കള്ളർ യൂണിഫോം ധരിച്ച തോക്കുധാരികളായവർ ആറു പേർ വാതിലിന് മുന്നിൽ നിലയുറപ്പിച്ചു. ബാക്കിയുള്ളവർ പിൻ വാതിലിലും റോഡിലും പറമ്പിലും എന്തിനും തയ്യാറായി നിന്നു. വൺ...ടു... ത്രീ... ഒറ്റ ചവിട്ടിന് മുൻവാതിൽ തകർത്തു. അകത്ത് കടന്ന സംഘം തോക്കുമായി ഉള്ളിലെ മുറികൾക്ക് മുന്നിലെത്തി. മൂന്ന് പേർ അടങ്ങിയ സംഘമായി തിരിഞ്ഞ് രണ്ടു മുറികൾ ചവിട്ടി പൊളിച്ചു. ഞെട്ടിയുണർന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആദ്യമൊന്നും മനസ്സിലായില്ല.

എൻ.ഐ.എ സംഘത്തെ കണ്ട് പേടിച്ചു പോയവർ തിരിച്ചാക്രമിക്കാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥരുടെ കൈ ചൂട് ശരിക്കു മറിഞ്ഞു. മുർഷിദിനെ കയ്യിൽ കിട്ടുന്നതുവരെ പൊരിഞ്ഞ പോരാട്ടമാണ് സംഘം നടത്തിയത്. ചുരുക്കി പറഞ്ഞാൽ സിനിമാ രംഗങ്ങളെ പോലും വെല്ലും. മുർഷിദിനെ കീഴടക്കിയപ്പോൾ എല്ലാം കണ്ട് സ്ഥബ്ധധരായി നിൽക്കുകയായിരുന്നു ലോക്കൽ പൊലീസ്.

ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു എൻ.ഐ.എ സംഘം കളമശേരി പാതാളത്ത് എസ്.ബി.ഐക്ക് സമീപത്തെ നസീർ എന്നയാളുടെ വീട്ടിൽ നിന്നും മുർഷിദ് എന്ന അൽഖ്വയ്ദ ഭീകരനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ്പും രണ്ട് മൊബൈലും എൻ.ഐ.എ കണ്ടെടുത്തു. മിലൻ എന്ന മുർഷിദാബാദുകാരനൊപ്പം ഒരു മുറിയിലായിരുന്നു മുർഷിദ് താമസിച്ചിരുന്നത്. രണ്ടു മാസം മുൻപാണ് ഇയാൾ ഇവിടെ താമസത്തിനെത്തിയത്. മൂന്ന് ദിവസം മുൻപാണ് ഇയാൾ ഒരു പഴയ ലാപ്‌ടോപ്പുമായി റൂമിലെത്തിയതെന്ന് ഒപ്പം താമസിച്ചിരുന്ന മിലൻ മറുനാടനോട് പറഞ്ഞു.

ഒരു ചെറിയ ഫോണും മറ്റൊരു സ്മാർട്ട് ഫോണുമായിരുന്നു മുർഷിദിനുണ്ടായിരുന്നത്. മിക്കപ്പോഴും റൂമിൽ തന്നെ കഴിയുന്നതായിരുന്നു ശീലം. ഇടയ്ക്ക് കെട്ടിടം പണിക്ക് പോയിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു എന്നും മിലൻ മുർഷിദിനെ പറ്റി പറയുന്നു. ഇതേ സമയം തന്നെയാണ് പെരുമ്പാവൂരിലും മറ്റ് രണ്ട് അൽഖ്വയ്ദ പ്രവർത്തകരെ എൻ.ഐ.എയുടെ സംഘം പിടികൂടിയത്. സമാനമായ രീതിയിൽ തന്നെയായിരുന്നു റെയ്ഡ്. യാക്കൂബ് ബിശ്വസ്, മൊസാറഫ് ഹുസൈൻ എന്നിവരെയാണ് ഇവിടെ നിന്നും പിടികൂടിയത്. പുലർച്ചെവരെ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തു. രാവിലെ ആറു മണിയോടെ ഇവരെ കൊച്ചി എൻ.ഐ.എ ഓഫീസിലെത്തിച്ചു. ഇവർക്കൊപ്പം താമസിച്ചിരുന്നവരെ വിളിച്ചു വരുത്തുകയും ചെയ്തു.

കേരളത്തിൽ എൻ.ഐ.എ പിടികൂടിയത് അൽ ഖ്വയ്ദയുടെ സജീവ പ്രവർത്തകരെയാണ്. കളമശേരി പാതാളത്തുനിന്നും പിടികൂടിയ മുർഷിദ് ഹസ്സൻ പത്തു വർഷത്തോളമായി പെരുമ്പാവൂരിൽ പല സ്ഥാപനങ്ങളിലും ജോലി ചെയ്തു. അടുത്തകാലത്ത് ഒരു തുണിക്കടയിൽ ജോലിക്കാരനായിരുന്നു എന്നാണ് വിവരം. ലോക്ഡൗൺ സമയത്താണ് ഇയാൾ പാതാളത്തേക്ക് എത്തിയത്. രാത്രി രണ്ടു മണിയോടെയാണ് തൊഴിലാളികളുടെ ക്യാംപിൽ റെയ്ഡ് നടന്നതെന്ന് ക്യാംപിൽ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ മാധ്യമങ്ങളോട് പറഞ്ഞു. മുർഷിദിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തങ്ങൾക്കും അറിയില്ല. ലോക്ഡൗൺ സമയത്ത് പണം ഇല്ലാതെ വന്നതോടെ ഭക്ഷണം കഴിക്കാനാണ് മുർഷിദ് ക്യാംപിൽ എത്തിയത്്. പിന്നീട് കൂടെ താമസിക്കുകയായിരുന്നു.

പല ദിവസങ്ങളിലും ജോലിക്ക് പോകില്ല. ആഴ്ചയിൽ രണ്ടു ദിവസം ജോലിക്ക് പോയാൽ പിന്നെയുള്ള ദിവസങ്ങളിൽ് ക്യാംപിൽ തന്നെ കഴിയും. വീടുമായി ബന്ധമൊന്നും മുർഷിദിനുണ്ടായിരുന്നില്ല. ജോലിക്ക് പോകാത്തതിനെ കുറിച്ച് ചോദിക്കുമ്പോൾ പണം ആവശ്യമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എപ്പോഴും മൊബൈൽ ഫോണിലും ഇന്റർനെറ്റിലും ആയിരുന്നുവെന്നും ഇവർ പറയുന്നു. ക്യാംപിൽ ഒപ്പം താമസിച്ചിരുന്നവരുടെ ആധാർ കാർഡുകളും മൊബൈൽ ഫോണുകളും എൻ.ഐ.എ സംഘം പിടിച്ചെടുത്തു. സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ പരിശോധിച്ചാണ് മൂന്നു പേരെയും എൻ.ഐ.എ പിടികൂടിയത്.

പാതാളത്ത് എസ്.ബി.ഐയ്ക്ക് തൊട്ടുമുന്നിലുള്ള വീട്ടിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞിരുന്നത്. മുർഷിദ് ഇവിടെ വന്നത് രണ്ടര മാസം മുൻപാണ്. ആറു പേർക്കൊപ്പമാണ് താമസിച്ചിരുന്നത്. എൻ.ഐ.എയുടെ റെയ്ഡിൽ ഇയാളിൽ നിന്ന് ജിഹാദി ലേഖനങ്ങൾ കണ്ടെത്തിട്ടുണ്ട്. എൻ.ഐ.എയുടെ ആവശ്യപ്രകാരം പൊലീസ് ആണ് ഇവരുടെ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി കസ്റ്റഡിയിൽ എടുത്ത് കൈമാറിയത്. ഇവർ ഭീകരർ ആണെന്ന വിവരം പൊലീസ് അറിഞ്ഞത് പിന്നീടാണ്. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയതായി ഡി.ജി.പിയും സ്ഥിരീകരിച്ചു.

ഡൽഹിയടക്കം രാജ്യത്തിന്റെ പല സുപ്രധാന കേന്ദ്രങ്ങളിലും ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നു. വലിയ ആൾനാശമുണ്ടാക്കുന്ന ആക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടിരുന്നത്. ഡൽഹിയിലേക്ക് കടക്കുന്നതിന് പണം സ്വരൂപീകരിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നതും.