നിലമ്പൂർ: മമ്പാട്ട് വ്യവസായിയുടെ കുടുംബത്തെ വീടിന് തീവെച്ച് കെല്ലാൻ ക്വട്ടേഷൻ എടുത്ത സംഘത്തിലെ പ്രധാനി നിലമ്പൂർ പൊലീസിന്റെ പിടിയിലായി. എറണാംകുളം ഇടപ്പള്ളിയിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2020 ഡിസംബർ 14 നാണ് കേസിനാസ്പദ സംഭവം. പത്ത് ലക്ഷത്തോളം രൂപ വിലയുള്ള രണ്ട് കാറുകളാണ് തീവെപ്പിൽ കത്തി നശിച്ചത്. തീ ആളിക്കത്തിയപ്പോൾ തല നാരിഴക്കാണ് മമ്പാട് സ്വദേശി എ കെ സിദ്ധീക്കിന്റെ മൂന്ന് പിഞ്ചു പേരമക്കളടക്കമുള്ള കുടുംബം വൻ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അന്വേഷിക്കുകയായിരുന്നു. നിലമ്പൂർ ചന്തക്കുന്ന് സ്വദേശി തെക്കരത്തൊടിക അയ്യൂബിന്റെ മകൻ ഷാബിർ എന്ന ഷാബി -റുഷ്ദ് (30)വയസ്സ് ആണ് അറസ്റ്റിലായത്. ഇയാൾ പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയും ഗുണ്ടാ സംഘത്തിലെ അംഗവുമാണ്.

സംഭവത്തിന് ശേഷം എറണാകുളം - ബാംഗ്ലൂർ കേന്ദ്രീകരിച്ച് ഗുണ്ടാപ്രവർത്തനം നടത്തി വരുകയായിരുന്നു. കേസിൽ പൊലീസ് പ്രതികളെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞതോടെ ക്വട്ടേഷൻ കൊടുത്ത റീഗൽ എസ്റ്റേറ്റ് ഉടമ നരേന്ദ്ര മുരുകേശനും ഭാര്യയും മകനും മാനേജറും ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുത്ത ശേഷം അടുത്തിടെ നിലമ്പൂർ പൊലീസിൽ കീഴടങ്ങി ജാമ്യം നേടിയിരുന്നു.

പാണ്ടിക്കാടിനും പെരിന്തൽമണ്ണ -ചെറുകരയ്ക്കുമിടയിൽ രാത്രിയിൽ നിരവധി തവണ മമ്പാട് സ്വദേശി എ.കെ സിദ്ധീക്കിന്റെ കട്ടൻസ് ലോഡുമായി പെരുമ്പാവൂരിലേക്ക് പോവുന്ന ലോറിക്ക് ഏറ് കൊണ്ട് മെയിൻ ഗ്ലാസുകൾ തകർന്ന് ഡ്രൈവർക്ക് പരിക്ക് പറ്റുകയും ചെയ്ത സംഭവത്തിലും തുമ്പായിട്ടുണ്ട്. ഈ സംഭവം അടക്കം നിരവധി ക്വട്ടേഷൻ സംഭവങ്ങൾ പ്രതികൾ ചെയ്തിട്ടുണ്ട്.

പൂക്കോട്ടുംപാടത്ത് ഇരുപത്തിയഞ്ചോളം കേസുകൾ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. മമ്പാട് ഇപ്പുട്ടിങ്ങലിലെ വീട്ടിനും കാറുകൾക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസമാണ് പുലർച്ചെ തീവെച്ചത് ഏറെ ദുരൂഹത ഉണർത്തുന്ന സംഭവമായിരുന്നു. സംഭവത്തിൽ പരാതിക്കാരനായ എ. കെ സിദ്ധീക്കിന്റെ ബിസിനസിലെ എതിരാളികളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ സമഗ്ര അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കാനായത്.

പിടിയിലായ പ്രതി കൂടെ കോളേജിൽ പഠിച്ച പെരിന്തൽമണ്ണ സ്വദേശിയായ യുവാവും മുമ്പ് ജയിലിൽ വെച്ച് പരിചയപ്പെട്ട കൊല്ലം സ്വദേശിയായ മറ്റൊരു ക്രിമിനലും ചേർന്നാണ് 2020 ഡിസംബർ 14 ന് രാത്രി മമ്പാട് വീടിനടുത്ത് പോർച്ചിൽ നിർത്തിയിട്ട കാറുകൾക്ക് പെട്രോളൊഴിച്ച് തീവെച്ചത്. ഇതിനായി മുരുകേശന്റെ പക്കൽ നിന്നും ഇരുപതിനായിരം രൂപ മൻകൂറായി കൈപ്പറ്റുകയും സംഭവത്തിന് ശേഷം അമ്പതിനായിരം രൂപ കൊല്ലം- ചന്ദനത്തോപ്പിലുള്ള ബംഗ്ലാവിൽ വെച്ചും പിടിയിലായ ഷാബി കൈപ്പറ്റിയതായാണ് മൊഴി.

നിലമ്പൂർ കോടതി റിമാന്റ് ചെയ്ത പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ്. ഐ. പി. എസ് ന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡി.വൈ. എസ്. പി. അബ്ദുൽ ഷെരിഫ്. കെ കെ. യുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം നടത്തവേയാണ് പ്രതി എറണാകുളത്തുനിന്ന് പിടിയിലാകുന്നത്. നിലമ്പൂർ ഇൻസ്പെക്ടർ ഫൈസൽ എം. എസ്, എസ്. ഐ മാരായ സൂരജ് കെ. എസ്, എം അസൈനാർ , എസ്. സി. പി. ഒ. ഷീബ ,സി. പി. ഒ.രാജേഷ് .സി. എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.