കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ്പാ മരണം. കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് സംശയിക്കുന്ന കുട്ടി മരിച്ചു. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരൻ ഇന്ന് ആറു മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

നാലു ദിവസം മുൻപാണ് നിപ്പ രോഗലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പനി ബാധിച്ചു ചികിത്സയിലുള്ള കുട്ടിയുടെ സ്രവപരിശോധനയ്ക്കുള്ള ആദ്യ സാംപിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്നലെ രാത്രി സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറി എന്നാണു സൂചന. ഇത് നിപ്പ സ്ഥിരീകരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ചികിൽസയിലുള്ള കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛർദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. നേരത്തെ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് നെഗറ്റീവായ ശേഷവും പനി മാറിയില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിപ്പയിൽ സംശയമെത്തുന്നത്. ആദ്യ സാമ്പിൾ പരിശോധന സംശയം കൂട്ടി. ഇതിനിടെയാണ് മരണം. കേന്ദ്ര സംഘം ഉടൻ കോഴിക്കോട്ടെത്തും. അതീവ ഗൗരവത്തോടെയാണ് സ്ഥിതി വിശേഷത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം കാണുന്നത്. കേരളത്തിലെ ആരോഗ്യ വകുപ്പും ജാഗ്രതയിലാണ്.

അതേസമയം നിപ സ്ഥിരീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജ് ഞായറാഴ്ച കോഴിക്കോട്ടെത്തും. അതിന് ശേഷമാകും ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തുക. ആശങ്ക വേണ്ടെന്നും കരുതൽ മതിയെന്നും ആരോഗ്യ വകുപ്പ് പറയുന്നു. കുട്ടിയുടെ രക്ഷിതാക്കൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോർട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകൾ പൊലീസ് അടച്ചു.

രണ്ടു സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയയ്ക്കും. ഇതിലും രോഗബാധ സ്ഥിരീകരിച്ചാൽ മാത്രമേ ആശങ്കയ്ക്കിടയുള്ളൂയെന്നും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ചികിൽസ തേടുന്നതിനു മുൻപ് 12 വയസ്സുകാരൻ മറ്റ് രണ്ടു ആശുപത്രികളിലും ചികിൽസ തേടിയിരുന്നു. സമ്പർക്ക ബാധിതരെ വിലയിരുത്താൻ ആരോഗ്യവകുപ്പ് വിവരങ്ങൾ തേടി വരുന്നു. വ്യാപനവും മരണ നിരക്കും ഏറെ കൂടുതലാണ് നിപയ്ക്ക്. അതുകൊണ്ട് തന്നെ ജാഗ്രത കർശനമാക്കും.

2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് ബാധ ഉണ്ടായത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം കേസ് റിപ്പോർട്ട് ചെയ്തത്. 18 പേരാണ് അന്ന് വൈറസ് ബാധയേറ്റ് മരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഈ വൈറസ് ബാധ ഏറെ ആശങ്ക പരത്തിയിരുന്നു. കൊച്ചിയിലും ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു.

ആരോഗ്യ പ്രവർത്തകരുടെ ഊർജിത പ്രവർത്തനത്തിലൂടെ ജൂൺ 30 നാണ് മലപ്പുറം കോഴിക്കോട് ജില്ലകളെ നിപ്പമുക്തമായി പ്രഖ്യാപിച്ചത്. 2019 ൽ കൊച്ചിയിലും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും അത് വലിയൊരു പ്രതിസന്ധിയായി മാറിയിരുന്നില്ല. വവ്വലുകളാണ് നിപ്പ രോഗം പരത്തുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.