ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഡൽഹി ഫോർട്ടിസ് ആശുപത്രിയിൽ നിന്ന് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യമാണെന്നും നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. തനിക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയ നഴ്സ് രമ്യ പി.സിക്കും അവർ നന്ദി അറിയിച്ചു.

മാർച്ച് ഒന്നുമുതലാണ് രാജ്യത്തെ മുതിർന്ന പൗരന്മാർക്കും അസുഖബാധിതരായ 45-59 വയസ്സിനിടയിൽ പ്രായമുള്ളവർക്കും വാക്സിൻ വിതരണം ആരംഭിച്ചത്.ഡൽഹി എയിംസ് ആശുപത്രിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ദിനം തന്നെ വാക്സിൻ സ്വീകരിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മാതാപിതാക്കളായ ഗോവിന്ദ് രാം കെജ്രിവാളിനും ഗീതാ ദേവിക്കുമൊപ്പമെത്തി ലോക്നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിൽ നിന്ന് വാക്സിൻ സ്വീകരിച്ചു.വാക്സിനെ സംബന്ധിച്ച ഒരു സംശയത്തിനും ഇനി നിലനിൽപില്ലെന്നും വാക്സിൻ സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു. കൂടുതൽ ആളുകൾ വാക്സിൻ സ്വീകരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ കുത്തിവെപ്പ് എടുത്തിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്ന് 250 രൂപ മുടക്കി പ്രതിരോധ കുത്തിവെപ്പെടുക്കാൻ സാധിക്കുന്നവർ വാക്സിൻ സ്വീകരിക്കണമെന്ന് വാക്സിൻ സ്വീകരിച്ച ശേഷം അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.