ബദിയടുക്ക: വഴിവിട്ട രീതിയിയിൽ സഞ്ചരിച്ചിരുന്ന സഹോദരനെ നേർവഴിക്ക് എത്തിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ജേഷ്ഠ സഹോദരൻ കുത്തിക്കൊന്നു. കാസർകോട് പുത്തിഗെ പഞ്ചായത്തിൽ ഉറുമിയിലെ പരേതരായ അബ്ദുല്ല മൗലവി-ബീഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് നിസാറാണ് (29) സഹോദരന്റെ കുത്തേറ്റ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉച്ചഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന നിസാറിനെ സഹോദരൻ കുത്തുകയായിരുന്നു. പുറത്തേക്ക് ഓടുന്നതിനിടയിലും പിന്തുടർന്നു കുത്തിയെന്ന് പൊലീസ് പറഞ്ഞു. ഓടിക്കൂടിയ അയൽവാസികൾ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വീടാക്രമണം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ സംഭവത്തിൽ മരിച്ച നിസാറിനെതിരെ ബദിയടുക്ക പൊലീസ് സ്‌റ്റേഷനിൽ കേസുകളുണ്ട്. റിമാൻഡിലായിരുന്ന ഇയാൾ ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. അനുജന്റ ഇത്തരം സ്വഭാവങ്ങൾ ജ്യേഷ്ഠൻ കെ പി എം റഫീക്ക് ഉറുമി ചോദ്യം ചെയ്യുകയും വഴക്കിടുകയും പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അനുജന്റെ ഈ വഴിവിട്ട സഞ്ചാരത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. മുസ്ലിംലീഗ് പുത്തിഗെ പഞ്ചായത്ത് സെക്രട്ടറിയും സജീവ എസ് കെ എസ് എസ് എഫ് പ്രവർത്തകനുമാണ് പ്രതി. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തര രാഷ്ട്രീയ ഇടപെടലിലൂടെ പ്രശസ്തനായിരുന്നു റഫീഖ്. മരിച്ച നിസാർ അവിവാഹിതനാണ്. മറ്റു സഹോദരങ്ങൾ: മുനീർ, ഇഖ്ബാൽ, ഷബീർ, സലീം.