തിരുവനന്തപുരം: ബാലതാരമായി തുടങ്ങി അഭിനയ രംഗത്തെത്തി, പിന്നീട് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ മാറിയ വ്യക്തിയാണ് നിത്യാ മേനോൻ. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ നടി. മോഹൻലാൽ അഭിനയിച്ച ആകാശ ഗോപുരം എന്ന സിനിമയിൽ കൂടിയാണ് അവർ സിനിമയിൽ ചുവടുറപ്പിച്ചത്. പിന്നീട്, തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനിയിച്ചു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിലെ കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയയാണ് നിത്യ.

മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ച കാര്യങ്ങളെല്ലാം അവർ എണ്ണിപ്പറയുന്നു. ചിത്രത്തിലെത്തിയതിനെപ്പറ്റി തുറന്നുപറയുകയാണ് നിത്യ. കുറച്ച് വർഷം മുമ്പ് കൈരളി ടിവിയിലെ ജെ.ബി. ജംഗ്ഷന് പരിപാടിക്കിടെയായിരുന്നു നിത്യ ആകാശഗോപുരത്തിലെത്തിയ ഓർമ്മകൾ പങ്കുവെച്ചത്.

പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു നിത്യ ആകാശഗോപുരത്തിൽ അഭിനയിച്ചത്. 'ശരിക്കും പറഞ്ഞാൽ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അതേപ്പറ്റി വലിയ ബോധമൊന്നും എനിക്കുണ്ടായിരുന്നില്ല. പക്ഷെ ആദ്യ സിനിമ തന്നെ മോഹൻലാൽ എന്ന ഇന്ത്യയിലെ തന്നെ മികച്ച നടന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

എന്നാൽ സിനിമയായിരിക്കും എന്റെ പ്രൊഫഷൻ എന്ന് ഞാൻ അന്ന് കരുതിയിരുന്നില്ല. എനിക്കങ്ങനെ വലിയ താൽപ്പര്യമൊന്നും ഉണ്ടായിരുന്നില്ല. ഒന്ന് രണ്ട് ,സിനിമ ചെയ്ത് ഞാൻ എന്റെ മറ്റ് ജോലികളിലേക്ക് പോകുമെന്നായിരുന്നു എന്റെ ഒരു ധാരണ. എന്നാൽ സിനിമ ചെയ്ത് തുടങ്ങി ആദ്യത്തെ രണ്ട് മൂന്ന് വർഷം വരെയും ഈ ചിന്തയുണ്ടായിരുന്നു. ആ സമയത്ത് ഓരോ സിനിമ ചെയ്യുമ്പോഴും വിചാരിക്കും ഇതാണ് എന്റെ അവസാന സിനിമ ഇതിന് ശേഷം ഇനി ചെയ്യില്ല എന്നൊക്കെ,' നിത്യ പറയുന്നു.

ഹെന്റിക് ഇബ്സന്റെ ലോകപ്രശസ്ത നാടകമായ ദി മാസ്റ്റർ ബിൽഡർ എന്ന നാടകത്തെ ആധാരമാക്കി കെ.പി. കുമാരൻ സംവിധാനം നിർവഹിച്ച മലയാളചലച്ചിത്രമാണ് ആകാശഗോപുരം. ഭരത് ഗോപി, ശ്വേത മേനോൻ, ഗീതു മോഹൻദാസ്, മനോജ് കെ. ജയൻ, ശ്രീനിവാസൻ, നിത്യ മേനോൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.