തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കസ്റ്റംസിന് നിയമസഭ എത്തിക്സ് ആൻഡ് പ്രിവിലെജ് കമ്മിറ്റിയുടെ നോട്ടീസ്. രാജു എബ്രാഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സഭാചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖാനിച്ചുവെന്നും കസ്റ്റംസ് നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്നും നോട്ടീസിൽ പറയുന്നു. മറുപടിക്ക് സമയം വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.

ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് നൽകിയ മറുപടി അവഹേളനപരമെന്നാണ് എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിയുടെ നോട്ടിസിൽ പറയുന്നത്. മാധ്യമങ്ങൾക്ക് കസ്റ്റംസ് വിവരങ്ങൾ കൈമാറിയത് അവഹേളനമെന്നും നോട്ടിസിലുണ്ട്.

ജോയിന്റ് കമ്മീഷണർ വസന്ത ഗോപനാണ് നോട്ടീസ് നൽകിയിരുന്നത്. ആദ്യം നൽകിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടറിയേറ്റ് കസ്റ്റംസിന്റെ ശ്രദ്ധയിൽ പെടുത്തി. ഇതിന് നൽകിയ മറുപടിയാണ് പ്രിവിലേജ് നോട്ടീസിന് ഇടയാക്കിയത്. സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.

ഡോളർക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേരത്തെ സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഇത് ശരിയായ പ്രവണത അല്ലെന്ന് കാണിച്ച് നിയമസഭ കസ്റ്റംസിന് മറുപടി നൽകി. എന്നാൽ നിയമസഭയ്ക്ക് പ്രത്യേക പരിരക്ഷകളില്ല, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ അതിനോട് സഹകരിക്കണമെന്നും കാണിച്ച് കസ്റ്റംസ് നിയമസഭ സെക്രട്ടേറിയറ്റിന് വീണ്ടും കത്ത് നൽകിയിരുന്നു.

കസ്റ്റംസിന്റെ ഭാഗത്തുനിന്നുണ്ടായത് നിയമസഭയുടെ പ്രിവിലെജിനെ ബാധിക്കുന്ന മറുപടിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസിന് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. ആദ്യം നൽകിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടേറിയറ്റ് കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ കസ്റ്റംസ് സഭയുടെ നോട്ടീസിന് മറുപടി നൽകിയിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ ഉള്ളതിനാൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നാണ് കസ്റ്റംസിന്റെ ഭാഗത്തുനിന്നു ലഭിക്കുന്ന പ്രതികരണം.