മുംബൈ: ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റു ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്ക് ആശ്വാസമില്ല. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നുള്ള അർണാബിന്റെ ആവശ്യം ബോംബെ ഹൈക്കോടതി അംഗീകരിച്ചില്ല. കേസിൽ വിശദമായ വാദം കേൾക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് കോടതി ഇടക്കാലാശ്വാസം അനുവദിക്കാത്തത്. തന്നെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത് അന്യായമായാണെന്നും അർണബ് ആരോപിച്ചിരുന്നു. എന്നാൽ, കോടതി ഇടക്കാലാശ്വാസം അനുവദിച്ചില്ല. ഹരജിയിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വാദം കേൾക്കും.

ആത്മഹത്യ ചെയ്ത ഇന്റീരിയർ ഡിസൈനർ അൻവയ് നായികിന്റെ മകൾ അദ്‌ന്യ അൻവയ് നായിക് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയും നാളെ പരിഗണിക്കും. അർണബിന് വേണ്ടി രണ്ടാം വിവാഹ തിരക്കുകൾക്കിടെയും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ആണ് ഹാജരായത്. ലണ്ടനിലുള്ള സാൽവേ വീഡിയോ കോൺഫറൻസ് മുഖേനയാണ് കോടതിയിൽ വാദിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇന്റീരിയർ ഡിസൈനറുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യക്കുറ്റം ചുമത്തി അർണബിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ മുംബൈ റായ്ഗഡിലെ വസതിയിലെത്തിയാണ് അർണബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അലിബാഗ് ജില്ല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെയും നവംബർ 18 വരെ ജുഡീഷ്യൽ കസ് റ്റഡിയിൽ വിടുകയായിരുന്നു. അർണബ് ഗോസ്വാമി സ്വാധീനമുള്ള വ്യക്തിയാണെന്നും കേസന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

അർണബിനൊപ്പം കേസിൽ പ്രതികളായ മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിലാണ്. ഫിറോസ് ഷെയ്ക്ക്, നിതേഷ് ദാർദ എന്നിവരെയാണ് അർണബിനൊപ്പം റിമാൻഡ് ചെയ്തത്. അതേസമയം അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ ശിവസേന മുഖപത്രം സാമ്‌ന രംഗത്തെത്തി. ദുഃഖിതയായ വിധവ തന്റെ ഭർത്താവിന് നീതി തേടി പരാതി നൽകിയതോടെയാണ് അർണബ് അറസ്റ്റിലാകുന്നതെന്ന് സാമ്‌നയുടെ എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.

'ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതുപോലെ ജനാധിപത്യത്തിന്റെ നാലാം തൂണിന് നേരെയുള്ള ആക്രമണമല്ല ഈ അറസ്റ്റ്. സർക്കാറിനെതിരെ എഴുതിയതിന് നിരവധി മാധ്യമപ്രവർത്തകരെയാണ് ഗുജറാത്തിൽ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിൽ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അന്നൊന്നും ആരും അടിയന്തരാവസ്ഥയെക്കുറിച്ച് ഓർമപ്പെടുത്തിയിട്ടില്ല' -എഡിറ്റോറിയൽ പറയുന്നു.

അർണബ് ഗോസ്വാമിയുടെ അറസ്റ്റ് ജനാധിപത്യത്തിന് അപമാനകരമെന്നാണ് കഴിഞ്ഞദിവസം അമിത്ഷാ ആരോപിച്ചത്. 'കോൺഗ്രസും സഖ്യകക്ഷികളും ജനാധിപത്യത്തെ വീണ്ടും നാണംകെടുത്തി. റിപ്പബ്ലിക് ടി.വിക്കും അർണബ് ഗോസ്വാമിക്കും എതിരെ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണ്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ നാലാംതൂണിനും നേരെയുള്ള ആക്രമണമാണ്. മാധ്യമങ്ങൾക്കെതിരായ ആക്രമണം അടിയന്തിരാവസ്ഥയെ ഓർമപ്പെടുത്തുന്നു' -അമിത്ഷാ കുറ്റപ്പെടുത്തി.