കണ്ണൂർ: അഴിക്കുള്ളിൽ ഒരു ദിവസം കൊതുകു കടി കണ്ട് കഴിച്ചു കൂട്ടിയപ്പോൾ ഇ-ബുൾ ബ്രദേഴ്‌സ് മിടുക്കരായി. പിഴയടക്കാമെന്നും ജാമ്യം നൽകണം എന്നുമാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ഇരുവരും വാദിച്ചത്. മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ അതിക്രമം കാണിച്ചെന്ന കേസിലാണ് പ്രതികളെ അറസ്റ്റു ചെയ്തതും റിമാൻഡ് ചെയ്തതും. യൂട്ഊബർമാരായ എബിനെയും ലിബിനെയും പൊലീസ് മർദിച്ചതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചുമലിലും കൈകൾക്കും പരിക്കേറ്റതായും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടെന്നും മജിസ്‌ട്രേറ്റിനെ ബോധിപ്പിച്ചു. തീവ്രാദികളോട് പെരുമാറുന്ന പോലെയാണ് ആർ.ടി.ഒയും പൊലീസും പ്രവർത്തിച്ചത്. നിയമലംഘനങ്ങൾക്ക് പിഴയൊടുക്കാം എന്ന് ഇവർ അറിയിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ ഓഗസ്റ്റ് 12ന് പരിഗണിക്കും.

അതേസമയം യൂട്യൂബ് വ്‌ലോഗർമാരായ ഇബുൾ ജെറ്റ് സഹോദരങ്ങളുടെ കാരവന്റെ ആർ.സി റദ്ദാക്കാൻ സാധ്യത കൂടുതലാണ്. ഇതു സംബന്ധിച്ച് പരിശോധിച്ചു വരികയാണെന്ന് കണ്ണൂർ ആർ.ടി.ഓഫീസർ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു ഇതോടെ നെപ്പോളിയനെന്നു പേരിട്ട കാരവന്റെ പ്രണയം അനിശ്ചിതാവസ്ഥയിലായി വ്‌ളോഗർമാരുടെ അറസ്റ്റിനെത്തുടർന്ന് നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

യൂട്ഊബർമാരുടെ കാരവൻ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞാണ് ഇവർ മോട്ടർ വാഹന വകുപ്പിന്റെ ഓഫിസ് പരിസരത്ത് എത്തിയത്. വാഹനം കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചുകൊണ്ട് വ്‌ലോഗർമാർതന്നെ പോസ്റ്റ് ചെയ്ത വിഡിയോയിൽനിന്നാണ് ഇവർ കണ്ണൂരിലെ ഓഫിസിൽ എത്തുന്ന വിവരവും സമയവും ആരാധകർ അറിഞ്ഞത്. ഇവരിൽ ചിലർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും ചിലർ വിഡിയോകൾ ചിത്രീകരിക്കുകയും ഇവ സമൂഹമാധ്യമങ്ങളിൽ തത്സമയം പ്രചരിപ്പിക്കുകയും ചെയ്തു.

വ്‌ളോഗർ സഹോദരന്മാരെ ടൗൺ സ്റ്റേഷനിൽ എത്തിച്ചതോടെ ആരാധകർ പൊലീസ് സ്റ്റേഷനു മുന്നിൽ റോഡിൽ തമ്പടിച്ചു. ഇതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസ് ഇടപെട്ടു. പൊലീസിനു നേരെ കലാപാഹ്വാനം ചെയ്തുവെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇവരിൽ 17 പേരെ അറസ്റ്റു ചെയ്തു. സമൂഹ മാധ്യമങ്ങളിൽ പൊലീസിനെതിരെയും മോട്ടർ വാഹന വകുപ്പിനെതിരെയും വ്‌ലോഗർമാരുടെ ആരാധകർ നടത്തിയ പ്രചാരണം സൈബർ സെൽ കർശനമായി നിരീക്ഷിക്കുന്നുണ്ട്. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും തുടരെ വന്നു.

ഇവരിൽ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടവരെയും അത്തരത്തിൽ തുടങ്ങിയ വാട്‌സാപ് ഗ്രൂപ്പുകളെയും ഫാൻ പേജുകളെയുമാണ് സൈബർ സെൽ നിരീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഇവർക്കെതിരെയും കർശന നടപടികളുണ്ടാകുമെന്നു പൊലീസ് പറഞ്ഞു. എന്നാൽ സംഘർഷം നടന്ന് യുട്യൂബ് വ്‌ളോഗർമാർ അറസ്റ്റിലായതിനെ തുടർന്ന് ഒന്നര ലക്ഷം പുതിയ വരിക്കാർ ഇവർക്കുണ്ടായെന്നാണ് വിവരം.കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നെഗറ്റിവ് പബ്‌ളിസിറ്റി പോസറ്റീവായി ഇവർക്ക് മാറിയെന്നാണ് സൂചന.

പൊതുമുതൽ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ പൊലീസിനെതിരെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് വിശദീകരിക്കാൻ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ചൊവ്വാഴ്ച ഉച്ചക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇവർ ഉത്തരേന്ത്യയിലൂടെ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കുമെന്നും ബിഹാർ പൊലീസിന് വിഡിയോ കൈമാറുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടർന്ന് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാൻ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കായി യുട്ഊബർമാരോട് തിങ്കളാഴ്ച ആർ.ടി ഓഫിസിലെത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.

ബഹളത്തിനൊടുവിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആർ.ടി ഓഫിസ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തത്. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകൾ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.