ബെംഗളൂരു: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി മാസങ്ങളായി ബംഗളുരുവിലെ ജയിലിൽ തുടരുകയാണ്. മയക്കുമരുന്നു കേസിൽ അകത്തായ ബിനീഷിന് ഇനിയും പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. കോടതിയിൽ പലവിധത്തിലുള്ള ന്യായങ്ങൾ നിരത്തിയിട്ടും കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. ഇതിനിടെ പറയുന്ന കാര്യങ്ങൾ മാറ്റിപ്പറയേണ്ട അവസ്ഥയിലാണ് ബിനിഷിന്റെ അഭിഭാഷകനും.

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നു കണ്ടെടുത്ത, ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞതാണ് എന്നു വാദിച്ചിട്ടും അതും തിരുത്തി പറയേണ്ട അവസ്ഥയാണ് ഉണ്ടായത്. തെറ്റായ വിവരം നൽകിയതിന് ബിനീഷിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ ക്ഷമാപണം നടത്തി. വാദം വാസ്തവവിരുദ്ധമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണിത്. തുടർന്ന്, കക്ഷി തെറ്റായ വിവരം നൽകിയതുകൊണ്ടാണ് കാലാവധി കഴിഞ്ഞതാണെന്നു പറയാനിടയായതെന്ന് അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ വിശദീകരിച്ചു.

ഡീ ആക്ടിവേറ്റ് (പ്രവർത്തനരഹിതമാക്കിയ) ചെയ്ത കാർഡാണിതെന്നു തിരുത്തിപ്പറയുകയും ചെയ്തു. എന്നാൽ ഏതു തീയതിയിലാണ് ഡി ആക്ടിവേറ്റ് ചെയ്തതെന്ന ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ചോദ്യത്തിന് ഉത്തരം നൽകാനായില്ല. തീയതി പറഞ്ഞു വീണ്ടും തെറ്റിക്കുന്നില്ലെന്നും കക്ഷിയോടു ചോദിച്ചതിനു ശേഷം കൃത്യമായി അറിയിക്കാമെന്നുമായിരുന്നു മറുപടി.

തന്റെ വീട്ടിൽ നിന്നു കാർഡ് കണ്ടെടുത്തത് ഇഡിയുടെ ആസൂത്രിത നാടകമാണെന്നും കാർഡിനു പിന്നിൽ തന്നെ നിർബന്ധിച്ച് ഒപ്പിടുവിച്ചതാണെന്നും ബിനീഷ് ആരോപിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് സമർപ്പിച്ച ജാമ്യ ഹർജിയിലെ ഇഡിയുടെ വാദം 19നു തുടരും. അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയാണ് ഇഡിക്കായി ഹാജരായത്.

ലഹരി ബന്ധം സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യവാദത്തിനിടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇഡി) ന് എതിരെയുള്ള ഗുരുതര ആരോപണം. തിരുവനന്തപുരത്തെ തന്റെ വീട്ടിൽ നടന്ന റെയ്ഡിൽ അനൂപിന്റെ കാർഡ് പിടിച്ചെടുത്തത് ആസൂത്രിത നാടകമാണെന്നു കഴിഞ്ഞദിവസം ബിനീഷ് വാദിച്ചിരുന്നു.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) കേസിൽ ബിനീഷ് പ്രതിയല്ലെന്നും ഈകേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസെടുത്തിരിക്കുന്നതെന്നും ബിനീഷിന്റെ അഭിഭാഷകൻ അഡ്വ. ഗുരുകൃഷ്ണകുമാർ വാദിച്ചു. അതുകൊണ്ടുതന്നെ കേസ് നിലനിൽക്കില്ല. വിശദമായി അന്വേഷണം നടത്തിയിട്ടും ബിനീഷിന് ലഹരിമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് എൻ.സി.ബി.ക്ക് കണ്ടെത്താനായില്ല. ബിനീഷിന്റെ അക്കൗണ്ടിൽ മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചതായി ഇ.ഡി.ക്കും വ്യക്തമായ തെളിവുള്ളതായി പറയുന്നില്ല. ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് കള്ളപ്പണമല്ല. വ്യാപാര ഇടപാടുകളിൽനിന്ന് ലഭിച്ച പണമാണ്. ബിനീഷ് എട്ടുമാസമായി ജയിലിലാണെന്ന കാര്യവും ബിനീഷ് കോടതിയിൽ വാഗിച്ചിരുന്ു.

കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബർ 11-നുശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പിതാവ് കോടിയേരി അതീവ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു ബിനീഷ് വാദിച്ചത്. എന്നാൽ, ഈവാദവും കോടതി മുഖവിലയ്ക്കെടുത്തില്ല.