തിരുവനന്തപുരം: മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയിൽ അപകടത്തിൽപ്പെട്ട ബാബുവിന് എതിരെ കേസെടുക്കാനുള്ള വനം വകുപ്പ് നീക്കത്തിൽ ഇടപെട്ട് മന്ത്രി എകെ ശശീന്ദ്രൻ. ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. ചീഫ് വൈൽഡ്ലൈഫ് വാർഡനുമായി ഇക്കാര്യം സംസാരിച്ചെന്ന് മന്ത്രി അറിയിച്ചു.

ബാബുവിനെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ തീരുമാനം തിടുക്കത്തിലായിപ്പോയെന്ന് മന്ത്രി പറഞ്ഞു. കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം, അനധികൃതമായി വനമേഖലയിൽകടന്നതിന് ബാബുവിനെതിരെ കേസെടുക്കാനാണ് വകുപ്പ് തീരുമാനിച്ചത്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്.

അതേസമയം കല്ലിൽ ചവിട്ടി കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്ന് ബാബു പറഞ്ഞതായി ഉമ്മ. ഉമ്മയും സഹോദരനും ബാബുവിനെ ആശുപത്രിയിൽ എത്തി കണ്ടു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പാതി വഴിയിൽ യാത്ര നിർത്തി മടങ്ങി. ഇതോടെ താൻ ഒറ്റയ്ക്ക് മുകളിലേക്ക് കയറുകയായിരുന്നു എന്നും ബാബു പറഞ്ഞതായി ഉമ്മ പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.20 അടി താഴ്ചയിലേക്ക് വീണ്ടും വീണു

പാറയിടുക്കിൽ കുടുങ്ങി 34 മണിക്കൂർ പിന്നിട്ടപ്പോൾ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു പോയിരുന്നു. ചൊവ്വാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം. മസിൽ കയറിയതിനെത്തുടർന്നു കാൽ ഉയർത്തിവയ്ക്കാൻ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാൽ മറ്റൊരു പാറയിടുക്കിൽ ഉടക്കി നിന്നതാണ് രക്ഷയായത്.

ട്രെക്കിങിനു പറ്റിയ സ്ഥലമല്ല കുറുമ്പാച്ചി മലയെന്നാണ് ആർമ്മി ഉദ്യോഗസ്ഥർ പറയുന്നത്. മലകയറ്റത്തിൽ പരിശീലനം ലഭിച്ചവർ ആധുനിക ഉപകരണങ്ങൾ ഉണ്ടെങ്കിലേ ഇത്തരം സ്ഥലങ്ങളിൽ പോകാവൂ. ട്രെക്കിങ് പ്രഫഷനലായി പഠിപ്പിക്കുന്ന സ്ഥലങ്ങൾ ഉണ്ട്. സുരക്ഷ ഒരുക്കി മാത്രമേ ട്രക്കിങ് ചെയ്യാവൂമലയാളികൾക്ക് ഹേമന്ദ് രാജ് നൽകുന്ന നിർദ്ദേശം ഇതാണ്. പരിശീലനം ലഭിച്ചവർക്ക് സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. അതാണ് പരിശീലനം ലഭിച്ചവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം. ആയിരം മലയുണ്ടെങ്കിൽ ആയിരം ഘടനയായിരിക്കും-ഹേമന്ത് രാജ് പറയുന്നു.

ബാബുവിൽ നിന്നും നമ്മൾ പഠിക്കണം. ബാബു കാട്ടിയ ആത്മധൈര്യവും പ്രായോഗികമായി എങ്ങനെ കാര്യങ്ങളെ നേരിടണമെന്നതും മറ്റുള്ളവർക്കു മാതൃകയാണ്. ''നമ്മൾ പല പ്രശ്നത്തിലും ചെന്നു ചാടുമ്പോൾ അതിനെക്കുറിച്ച് ചിന്തിച്ചു വിഷമിച്ച് പ്രശ്നത്തെ വലുതാക്കും. പക്ഷേ ബാബു അതിൽനിന്ന് പുറത്തു വരാനുള്ള കാര്യങ്ങളാണ് നോക്കിയത്. പോസിറ്റീവായി കാര്യങ്ങളെ കാണുന്ന, മാനസികമായി നല്ല ധൈര്യമുള്ളയാളാണ്. രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞുകൂടുന്നതു തന്നെ വലിയ കാര്യമാണ്. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ബാബു അതേപോലെ പിന്തുടർന്നു-ഇതായിരുന്നു കൂമ്പാച്ചിയിലെ സൈനിക ഓപ്പറേഷനെ വിജയത്തിലെത്തിച്ചത്. ബാബുവിനെ മരണത്തിന്റെ വക്കിൽനിന്ന് കോരിയെടുത്ത സൈനിക സംഘത്തിന്റെ തലവനായ ഹേമന്ത് രാജ് പ്രളയസമയത്തും കേരളത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കോട്ടയം ഏറ്റുമാനൂർ സ്വദേശി.