തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ന്യൂനമർദ്ദം കലിതുള്ളുകയാണ്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും റോഡിടിച്ചിലുമൊക്കെ ദുരിതം വിതയ്ക്കുന്ന അവസരത്തിലാണ് ഏഴ് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷ കൂടി പരിഗണിച്ചാണ് സ്‌കൂളുകൾക്ക് അവധി നൽകാനുള്ള തീരുമാനം.

കൊല്ലം മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് മഴ പെയ്ത തിരുവനന്തപുരം ജില്ല ഇക്കൂട്ടത്തിലില്ല എന്നതാണ് വിരോധാഭാസം. അവധി പ്രഖ്യാപിച്ചിരിക്കുന്ന എറണാകുളം, തൃശൂർ ജില്ലകളേക്കാൾ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് പെയ്തത്. എന്നാൽ നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിലും ദുരന്തങ്ങളും ഉണ്ടായ താലൂക്കുകളാണിവ.

പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോൽസവമായ ഇന്ന് സംസ്ഥാനതല ഉത്ഘാടനം തീരുമാനിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ മണക്കാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലായതുകൊണ്ടാണ് തിരുവനന്തപുരം നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകാത്തതെന്നാണ് സൂചന. തൃശൂർ വരെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മലബാറിലെ സ്‌കൂളുകളിൽ ഇന്ന് മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. അതിനാൽ പ്ലസ് വൺ പ്രവേശനോദ്ഘാടനം നടത്തി മന്ത്രിമാർക്ക് കുട്ടികൾക്ക് മുന്നിൽ അപ്പുപ്പൻ ചമയാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് കനത്ത മഴ ഉണ്ടായിട്ടും തിരുവനന്തപുരം ജില്ലയ്ക്ക് പൂർണഅവധി നൽകാത്തതെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രിയുടെ നിയോജക മണ്ഡലവും ഗതാഗത മന്ത്രിയുടെ നിയോജക മണ്ഡലവും അതിർത്തി പങ്കിടുന്ന മണക്കാട് ജങ്ഷനിലാണ് മണക്കാട് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇരുമന്ത്രിമാരുടെയും അഭിമാനപ്രശ്നമായിരുന്നു പ്രവേശനോദ്ഘാടനം. അതിന് വേണ്ടി ഈ അപകടമായ സാഹചര്യത്തിലും അവധി നൽകാൻ തയ്യാറാകാത്ത അധികൃതർക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ തന്നെ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ മണക്കാട് സ്‌കൂളിലെത്തി പ്ലസ് വൺ പ്രവേശനോദ്ഘാടനം നിർവഹിച്ചു. ആദ്യദിനം പകുതി കുട്ടികൾക്ക് മാത്രമാണ് പ്രവേശനം.

നെടുമങ്ങാട്, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം അവധി നൽകുമ്പോൾ തിരുവനന്തപുരം നഗരത്തിലെ സ്‌കൂളുകളിൽ പഠിക്കുന്ന ഈ താലൂക്കുകളിലെ വിദ്യാർത്ഥികൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. നെടുമങ്ങാട്, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലുള്ള നിരവധി വിദ്യാർത്ഥികളാണ് നഗരത്തിലെ സ്‌കൂളുകളിൽ പഠിക്കുന്നത്. അവരിൽ പലരുടെയും കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റപ്പെട്ട അവസ്ഥയിൽ കൂടിയാണ് ഇത്. ശനി- ഞായർ ദിവസങ്ങളിൽ നാട്ടിൽ പോയിരിക്കുന്ന മറ്റ് ജില്ലകളിൽ നിന്ന് തിരുവനന്തപുരം നഗരത്തിലെ കോളേജുകളിൽ പഠിക്കാൻ വരുന്ന വിദ്യാർത്ഥികളും ആശങ്കയിലാണ്.

രാവിലെ 08.58 നാണ് നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചത്. കനത്ത മഴയത്ത് സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികൾ ഒടുവിൽ മടങ്ങിപ്പോകുകയായിരുന്നു. മിനങ്ങാന്ന് ദേശീയ പാതയിലെ പാലം ഇടിഞ്ഞുതാഴുകയും നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടാകുകയും ചെയ്ത താലൂക്കാണ് നെയ്യാറ്റിൻകര എന്നിട്ടും അവധി പ്രഖ്യാപിക്കാൻ സ്‌കൂൾ സമയം വരെ കാത്തിരുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.