തിരുവനന്തപുരം: മനുഷ്യക്കടത്ത് അന്വേഷിച്ച് കേരളത്തിലെത്തിയ അസം പൊലീസിനൊപ്പം തിരുവനന്തപുരത്തെ പൊലീസ് സംഘം കൂടി സഹകരിച്ചപ്പോൾ അറസ്റ്റിലായത് വമ്പൻ മനുഷ്യക്കടത്ത്‌ ശൃംഖലയിലെ കണ്ണികൾ. തമ്പാനൂരിലെയും മെഡിക്കൽ കോളേജിനടുത്തെയും ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷന്മാരുമാണ് നിന്നു പിടിയിലായത്.

ഉത്തരേന്ത്യക്കാരാണ് അറസ്റ്റിലായ മുഴുവൻപേരും. പെൺവാണിഭസംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരും രണ്ടു ഇതര സംസ്ഥാന തൊഴിലാളികളുമാണ് അറസ്റ്റിലായത്. ലോക്ഡൗൺ സമയത്ത് കേരളത്തിൽ ജോലിക്ക് പേകുന്ന കെട്ടിടനിർമ്മാണത്തൊഴിലാളികൾ എന്ന വ്യാജേനയാണ് യുവതികളെ ഇവിടേയ്ക്ക് കടത്തിക്കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു.

ഇവരുടെ ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്ന് അസം പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ 11-ാം തീയതി മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇരുവരുടെയും ഫോൺവിളികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കിയത്.

ഇതിനെ തുടർന്നാണ് അസം പൊലീസ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പൊലീസ് സംഘം തിരുവനന്തപുരത്തെത്തുകയായിരുന്നു. കമ്മീഷണറെ നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതോടെ ഷാഡോ പൊലീസ് സംഘത്തോട് അസം പൊലീസുമായി സഹകരിക്കാൻ കമ്മീഷണർ ആവശ്യപ്പെട്ടു. തമ്പാനൂർ പൊലീസിന്റെയും മെഡിക്കൽ കോളേജ് പൊലീസിന്റെയും കൂടി സഹകരണത്തോടെയാണ് ഇരു സ്റ്റേഷൻ പരിധികളിലും റെയ്ഡ് നടന്നത്.

തമ്പാനൂരിലെയും മെഡിക്കൽ കോളേജിലെയും പൊലീസ് സ്റ്റേഷനുകൾക്കടുത്തായിരുന്നു ഇവർ തങ്ങിയ ഹോട്ടലുകൾ. അവിടെ നടത്തിയ റെയ്ഡുകളിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബാംഗങ്ങളെന്ന് പറഞ്ഞാണ് മുറി വാടകയ്ക്കെടുത്തതെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. അവരെ കാണാനെത്തുന്നതും ഉത്തരേന്ത്യക്കാരായതിനാൽ ഹോട്ടലുകാർക്കും സംശയം തോന്നിയില്ല.

ലോക്ഡൗൺ കാലത്ത് പൊലീസിന്റെ കർശന നിയന്ത്രണങ്ങളും യാത്രാവിലക്കും മറികടന്നാണ് ഇത്രയും പേർ ഇവിടേക്കെത്തിയത്. ലോക്ഡൗൺ കാലത്തും മെഡിക്കൽ കോേളജിൽ മാത്രം നാലു കേന്ദ്രങ്ങൾ സംഘത്തിനുണ്ടായിരുന്നു. പ്രതികളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി, കോടതിയുടെ അനുവാദത്തോടെ അസമിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.