കോഴിക്കോട്: നാദാപുരം തൂണേരിയിൽ നിന്നും രണ്ട് ദിവസം മുമ്പ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ ഇതുവരെയും കണ്ടെത്താനായില്ല. കോഴിക്കോട് നാദാപരും തൂണേരി മുടവന്തേരി സ്വദേശി മേക്കര താഴെകുനി എംടികെ അഹമ്മദിനെയാണ് ശനിയാഴ്ച പുലർച്ചെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. പ്രഭാത നമസ്‌കാരത്തിനായി സ്‌കൂട്ടറിൽ പള്ളിയിലേക്ക് പോകവെയാണ് അഹമ്മദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.

ഇന്നോവ കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ജില്ല പൊലീസ് മേധാവി ഡോ. എ ശ്രീനിവാസന്റെ നതൃത്വത്തിൽ പ്രത്യക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂർ, കാസർകോഡ് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രൊഫഷണൽ ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടെ ഖത്തറിലുള്ള അഹമ്മദിന്റെ സഹോദരന്റെ ഫോണിലേക്ക് ഒരു കോടി രൂപ നൽകിയാൽ അഹമ്മദിനെ വിട്ടയക്കാമെന്ന തരത്തിൽ ചില സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.

അഹമ്മദിന്റെ ശബ്ദ്ത്തിൽ തന്നെയാണ് സന്ദേശം ലഭിച്ചിട്ടുള്ളത്. ഈ സന്ദേശങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരഗോമിക്കുകയാണ്. തട്ടിക്കൊണ്ടുപോകലിന് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. അഹമ്മദ് പള്ളിയിലേക്ക് പോകുന്ന സമയം അറിയുന്നവരുടെ സഹായം തട്ടിക്കൊണ്ടുപോയവർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം അഹമ്മദിന്റെ വീട്ടിലെത്തി ഭാര്യയുടെയും മക്കളുടെയും മറ്റ്ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഹമ്മദിന്റെ വിദേശത്തുള്ള വ്യവസായങ്ങളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ശനിയാഴ്ച പുലർച്ചെ 5.20നാണ് അഹമ്മദ് പള്ളിയിലേക്ക് പുറപ്പെട്ടത്. തൂണേരി എളവള്ളൂർ ജുമമസ്ജിദിലേക്ക് സുബഹി നമസ്‌കാരത്തിന് പോകു വഴിയാണ് അജ്ഞാതർ അഹമ്മദിനെ തട്ടിക്കൊണ്ടുപോയത്. ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന പ്രദേശവാസി വഴിയരികിൽ അഹമ്മദിന്റെ സ്‌ക്കൂട്ടർ വീണു കിടക്കുന്നതു കണ്ട് വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. അപ്പോഴാണ് വീട്ടുകാർ അദ്ദേഹത്തെ കാണാതായ വിവരം അറിഞ്ഞതും പൊലീസിൽ പരാതിപ്പെടുന്നതും.അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് നിന്നും ലഭിച്ച അഹമ്മദിന്റെ സ്‌കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചതിന്റെ അടയാളങ്ങളുണ്ട്. സ്‌കൂട്ടറിന് കേടുപാടുകൾ സംഭവിക്കുകയും സ്ഥലത്ത് പിടിവലി നടന്നതിന്റെ അടയാളങ്ങളുമുണ്ട്. അഹമ്മദ് ധരിച്ചിരുന്ന തൊപ്പിയും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.

അഹമ്മദ് മൊബൈൽ ഫോൺ വീട്ടിൽ വച്ചാണ് പള്ളിയിലേക്ക് പോയത്. രാവിലെ എട്ടരമണിയോടെ അജ്ഞാതസംഘം അഹമ്മദിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. അഹമ്മദിന്റെ ഭാര്യാണ് ഫോണെടുത്തത്. അഹമ്മദിനെ കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് അവർ ഫോൺ കട്ടുചെയ്യുകയായിരുന്നു. തുടർന്നുവന്ന ഫോൺ കോൾ വീട്ടുകാർ പൊലീസിന് കൈമാറി. ഖത്തറിലെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപ നൽകിയാൽ ഉടൻ വിട്ടയക്കാമെന്നാണ് ഫോണിൽ പറഞ്ഞിട്ടുള്ളത്. ഖത്തറിലുള്ള അഹമ്മദിന്റെ സഹോദരൻ അസീസിന്റെ മൊബൈലിൽ അഹമ്മദിന്റെ സന്ദേശം വന്നതായും ബന്ധുക്കൾ ബന്ധുക്കൾ പറഞ്ഞു.

ഒരു കോടി രൂപ നൽകിയാൽ സംഘം തന്നെ വിട്ടയക്കുമെന്നാണ് അസീസിന് ലഭിച്ച ശബ്ദസന്ദേശം. വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സൾഫർ കെമിക്കൽ എന്ന സ്ഥാപനത്തിന്റെ പാർട്ണറാണ് അഹമ്മദ്. ഖത്തറിൽ കമ്പനിയിലെ സ്റ്റാഫിനെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.അതിനാൽ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.