കോട്ടയം: ശബരിമല വിഷയത്തിൽ സിപിഎമ്മിനോട് വിശ്വാസികൾക്ക് അവിശ്വാസമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ കാനം രാജേന്ദ്രൻ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന പ്രസ്താവനയിലൂടെ എൻ.എസ്.എസ്സിന്റെ നിലപാടുകളെ പരോക്ഷമായി വിമർശിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ വ്യക്തവും സത്യസന്ധവുമായ നിലപാട് ഉണ്ടായിരുന്നെങ്കിൽ നേതാക്കന്മാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

ശബരിമല കേസിന്റെ ആരംഭം മുതൽ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരേ നിലപാടാണ് നായർ സർവീസ് സൊസൈറ്റി ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും എൻഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.

വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാനസർക്കാർ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. 'തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ദേവസ്വംമന്ത്രി കടകംപള്ളി കഴിഞ്ഞുപോയ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു; കടകംപള്ളിയെ തിരുത്തിക്കൊണ്ടും സംസ്ഥാനസർക്കാർ ഈ വിഷയത്തിൽ ആദ്യം സ്വീകരിച്ചു നിലപാടിനെ ന്യായീകരിച്ചുകൊണ്ടും ഇനിയും ആ നിലപാട് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടും പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി രംഗത്തുവരുന്നു.

അതിനെ തുടർന്ന് ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തെ പരാമർശിക്കാതെതന്നെ സുപ്രീംകോടതിയുടെ അന്തിമ വിധി വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നപക്ഷം അവരുമായി ആലോചിച്ചേ നടപടിയെടുക്കൂ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്തെത്തുന്നു. ഇതുകൂടാതെ, ദേവസ്വംമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടുകളെ പിന്തുണച്ചുകൊണ്ടും, വിശ്വാസസംരക്ഷണത്തിനായി ആദ്യം മുതൽ നിലകൊള്ളുന്ന എൻ.എസ്.എസ്സിനെ കുറ്റപ്പെടുത്തിക്കൊണ്ടും സിപിഐ. സംസ്ഥാന സ്വെക്രട്ടറി കാനം രാജേന്ദ്രൻ സർക്കാരിനെ സഹായിക്കാനെത്തുന്നു.' ഇതൊന്നും പോരാതെയാണ് 'കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല' എന്നു പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ വ്യക്തവും സത്യസന്ധവുമായ ഒരു നിലപാട് ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ഇതുതന്നെയാണ് വിശ്വാസികൾക്ക് ഇവരോടുള്ള അവിശ്വാസത്തിനു കാരണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.