ലക്നൗ: ഝാൻസിയിൽ തീവണ്ടിയിൽ കന്യാസ്ത്രീകൾക്ക് നേരെ അക്രമമുണ്ടായ സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ. ഇവർ വി.എച്ച്.പി, ഹിന്ദു ജാഗ്രൻ മഞ്ച് പ്രവർത്തകരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ അക്രമം നടന്നില്ലെന്ന റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത് തെറ്റാണെന്നും തെളിയുകാണ്. കേരളത്തിൽ തെരഞ്ഞെടുപ്പിൽ പോലും ഇത് ബിജെപിക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. ഇതിനിടെയാണ് അറസ്്റ്റ്.

കഴിഞ്ഞ മാർച്ച് 19 നാണ് ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ വെച്ച് തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. രണ്ട് പേർ സന്യാസ വേഷത്തിലും മറ്റുള്ളവർ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാൻ ഒപ്പമുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണത്തിന് ചിലർ ശ്രമിച്ചത്. തീവണ്ടിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തിരുന്നു.

അൻചൽ അർജരിയ, പർഗേഷ് അമരിയ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അർജരിയയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇയാൾ വി.എച്ച്.പി, ഹിന്ദു ജാഗ്രൻ മഞ്ച്, ഗോ രക്ഷ സമിതി എന്നിവയുടെ പ്രവർത്തകനാണെന്ന് ചേർത്തിട്ടുണ്ട്. സമാധാന ലംഘനത്തിന് ഇരുവരുടെയും പേരിൽ കേസ് എടുത്തിട്ടുണ്ടെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നും ഝാൻസി ജില്ല മജിസ്ട്രേറ്റ് ആന്ദ്ര വംസി അറിയിച്ചു.

സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരായ നടപടികൾ പുരോഗമിക്കുകയാണെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. പിടിയിലായവർ കന്യാസ്ത്രീകളോടൊപ്പം ട്രെയിനിൽ സഞ്ചരിച്ചവരല്ലെന്നും എന്നാൽ സംഭവത്തിൽ ഇവർക്ക് പങ്കുള്ളതായും ഇൻസ്പെക്ടർ സുനിൽ കുമാർ സിങ് പറഞ്ഞു. അക്രമത്തിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം വാർത്താ പ്രധാന്യം നേടിയത്.

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടെ സംഭവത്തിൽ തെറ്റുകാരായ ആളുകൾ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ബിജെപിയും നടപടി ആവശ്യപ്പെട്ടിരുന്നു. തൃശൂർ പോലുള്ള സ്ഥലങ്ങളിൽ ബിജെപിക്ക് ക്രൈസ്തവ സഭകളുടെ വോട്ട് അതിനിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടിയതെന്നാണ് സൂചന.