തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും എങ്ങനെ കരകയറും എന്ന് ആലോചിച്ചിരിക്കുന്ന കോൺഗ്രസിന് തെരഞ്ഞെടുപ്പ് ഗോദയിൽ പുതിയ ഉണർവ്വു നൽകുന്ന പ്രഖ്യാപനമാണ് ന്യായ് പദ്ധതി നടപ്പിലാക്കും എന്ന് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി എന്നതിലൂടെ ഉണ്ടായിരിക്കുന്നത്. രാഹുൽ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ പ്രയോഗിച്ചപ്പോൾ പരാജയപ്പെട്ട പദ്ധതിയാണ് പിണറായിക്കെതിരെ പയറ്റാൻ ഒരുങ്ങുന്നത്. ഇത് എത്രകണ്ട് വിജയിക്കും എന്ന് കണ്ടുതന്നെ അറിയണം.

ഇപ്പോൾ ഇടതു സർക്കാറിന്റെ ക്ഷേമ പദ്ധതികളോട് കിടപിടിക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. റേഷൻ കിറ്റും ക്ഷേമ പെൻഷനും അടക്കമുള്ളവയിലൂടെ ക്ഷേമരാഷ്ട്രീയമുയർത്തി തെരഞ്ഞെടുപ്പിനെ ഇടത്തോട്ടേക്ക് തിരിക്കാനൊരുങ്ങുമ്പോൾ 'ന്യായ്' പ്രഖ്യാപിച്ച് യു.ഡി.എഫും ഒപ്പമെത്തിയത്.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ യു.പി.എ പുറത്തെടുത്ത ബ്രഹ്മാസ്ത്രമായിരുന്നു ന്യായ്. പക്ഷേ ഇത് ചീറ്റിപ്പോകുകയാണ് ഉണ്ടായത്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റി, നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി അടക്കമുള്ളവരുടെ ഉപദേശത്തോടെ ഒരുക്കിയ 'ന്യൂനതം ആയ് യോജന' അഥവാ ന്യായ് പ്രത്യേക വാർത്തസമ്മേളനത്തിലൂടെയാണ് അന്ന് കോൺഗ്രസ് അധ്യക്ഷൻ കൂടിയായിരുന്ന രാഹുൽ ഗാന്ധി അവതരിപ്പിച്ചത്.

കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്കിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് പിക്കെറ്റി എന്നതാണ് ഇതിലെ പ്രത്യേകത. ഐസക്കിന്റെ സുഹൃത്തിന്റെ ആശയം തന്നെ ഐശക്കിനെയും പിണറായിയെയും വീഴ്‌ത്താൻ യുഡിഎഫ് ഉപയോഗിക്കുകയാണ്. അതേസമയം ന്യായ് പദ്ധതിയെ നരേന്ദ്ര മോദി ദേശീയത ആയുധമാക്കി മാറികടന്നെങ്കിൽ ഇവിടെ ഈ ആശയത്തെ എങ്ങനെ പിണറായി നേരിടും എന്നതാണ് ഇനി അറിയേണ്ടത്.

യു.പി. എ അധികാരത്തിലെത്തിലെത്തിയാൻ ഓരോ മാസവും 6000 രൂപയും വർഷത്തിൽ 72000 രൂപയും അടിസ്ഥാന ജനവിഭാഗത്തിന്റെ പോക്കറ്റിലെത്തിക്കും എന്ന സ്വപ്ന സുന്ദരമായ വാഗ്ദാനം പക്ഷേ എവിടെയുമെത്താതെപോയി. പദ്ധതി കൃത്യമായി ജനങ്ങളിലേക്ക് പോയിട്ട് സ്വന്തം പാർട്ടിക്കാരിലേക്ക് വരെ എത്തിക്കാൻ കോൺഗ്രസിനായില്ല. കേരളത്തിലെ സംഘടനാ സംവിധാനങ്ങൾ ഉപയോഗിച്ച് അതിന് സാധിക്കുമെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്.

ഭരണത്തിന്റെ തണലിൽ ആവനാഴിയിൽ നിറയെ അസ്ത്രങ്ങളൊരുക്കി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന എൽ.ഡി.എഫിനെ തടുക്കാൻ ഒടുവിൽ രാഹുലിന്റെ ബ്രഹ്മാസ്ത്രത്തെത്തന്നെ കോൺഗ്രസ് ആശ്രയിക്കുകയാണ്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുതൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും വിദ്യാർത്ഥിനേതാക്കൾ വരെ 'ന്യായ്' ആഘോഷമാക്കുകയാണ്. സംസ്ഥാന ബജറ്റിൽ കേരള സർക്കാർ പ്രഖ്യാപിച്ചേക്കാവുന്ന 'തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ' ജനപ്രിയ പദ്ധതികൾക്ക് തടയിടാൻ ഒരുമുഴം മുമ്പേ എറിയുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. സൈബറിടങ്ങളിൽ പ്രൊഫൈൽ പിക്ചർ ഫ്രെയിമൊരുക്കിയും സന്ദേശങ്ങൾ പ്രചരിപ്പിച്ചും യു.ഡി.എഫ് അണികളും 'ന്യായ്' കൊട്ടിഘോഷിക്കുന്നു.

കടത്തിലോടിക്കൊണ്ടിരിക്കുകയും കോവിഡ് മൂലം അത് രൂക്ഷമാകുകയും ചെയ്ത സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യത്തിൽ 'ന്യായ്' പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യം അപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിനോട് 'ന്യായ്' നടപ്പാക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം പലകുറി ആവശ്യപ്പെട്ടെങ്കിലും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത്തരമൊരു പരീക്ഷണത്തിന് കോൺഗ്രസ് മുതിർന്നിട്ടില്ല. 'ന്യായ്'നെ ആക്രമിച്ച് തെരഞ്ഞെടുപ്പ് അജൻഡയിലേക്ക് എത്തിക്കണമോ അതോ അവഗണിച്ചുവിടണമോ എന്ന കാര്യത്തിൽ എൽ.ഡി.എഫ് രാഷ്ട്രീയ തീരുമാനമെടുത്തിട്ടില്ല. രാഹുൽഗാന്ധിയെത്തന്നെ സംസ്ഥാനത്തുടനീളമെത്തിച്ച് 'ന്യായ്' ന്യായീകരിക്കാനാകും വരും ദിവസങ്ങളിൽ യു.ഡി.എഫ് ശ്രമം.

കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ പുകഴ്‌ത്തിയ ശാസ്ത്രജ്ഞനാണ് തോമസ് പിക്കറ്റി. ആ പിക്കറ്റിയുടെ ആശയത്തിനെതിരെ ഇടതു മുന്നണിയുടെ പ്രചരണം ഏതു വിധത്തിലാകും എന്നതാണ് അറിയേണ്ടത്. സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ ന്യായ് പദ്ധതിയെ ട്രോളിക്കൊണ്ട് സൈബർ സഖാക്കൾ രംഗത്തുണ്ട്. എന്നാൽ, ട്രോളുകൾക്ക് അപ്പുറത്തേക്ക് പദ്ധതിക്കെതിരെ നേതാക്കൾ പ്രതികരിക്കുമോ എന്നും കണ്ടറിയണം. അടുത്തിടെ കേരളം സന്ദർശിച്ചപ്പോൾ ഭൂപരിഷ്‌കരണത്തിലൂടെയും ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളിൽ നടത്തിയ വലിയ മുതൽമുടക്കിലൂടെയും കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് താൻ ഏറെ ബോധവാനാണെന്ന് പിക്കറ്റി പറഞ്ഞിരുന്നു.

സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പുരോഗമനപരമായ നികുതിഘടന വേണമെന്ന് പിക്കറ്റി അന്ന് സർക്കാറിനോട് നിർദ്ദേശിച്ചിരുന്നത്. കേന്ദ്രത്തിന്റെ അധികാരത്തിലാണ് ഇപ്പോൾ നികുതി ഘടനയിലെ പരിഷ്‌ക്കരണങ്ങളും മറ്റും. അങ്ങനെയുള്ള ന്യായ് പദ്ധതി ഒരു സംസ്ഥാനത്തിന് എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യത്തിന് യുഡിഎഫ് നേതാക്കൾ ഇനിയും ഉത്തരം നൽകിയിട്ടില്ല.