കൊച്ചി: സ്വർണക്കടത്തിന് പുതിയ വഴികൾ തേടി കടത്തു സംഘം. ദ്രാവക രൂപത്തിലാക്കി മാങ്ങാ ജൂസിനൊപ്പം ബോട്ടിലിൽ നിറച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന രണ്ടര കിലോയോളം സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി.

ആറു ബോട്ടിലുകളിലായിട്ടാണ് സ്വർണം കടത്താൻ ശ്രമിച്ചത്.ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നു വന്ന കണ്ണൂർ സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇങ്ങനെ കൊണ്ടുവരുന്ന സ്വർണം കണ്ടെത്താൻ എയർപോർട്ടിൽ സംവിധാനങ്ങളൊന്നും ഇല്ലെന്നതിനാലാണ് കടത്തുസംഘം ഈ രീതി അവലംബിക്കുന്നത്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലാണ് ഇത് കണ്ടെത്താനായത്.

അസിസ്റ്റന്റ് കമ്മിഷണർ മൊയ്തീൻ നയന, സൂപ്രണ്ടുമാരായ ഷീല, മീന റാം സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം പിടികൂടിയത്.ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഈ രീതിയിൽ സ്വർണം കടത്തുന്നതു പിടികൂടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.