ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് സൈനികർ വിരമൃത്യു വരിച്ചത് നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമത്തിനിടെ. ജമ്മു കശ്മീരിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണരേഖയിൽ ഇന്നലെ അർധ രാത്രിയിലായിരുന്നു സംഭവം. ഒരു ക്യാപ്റ്റനും രണ്ടു സൈനിക ഓഫിസർമാരും ഒരു ബിഎസ്‌എഫ് ജവാനുമാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ കോൺസ്റ്റബിൾ സുദീപ് സർക്കാറിന് ജീവൻ നഷ്ടപ്പെട്ടതായി അതിർത്തി സുരക്ഷാ സേന (ബി‌എസ്‌എഫ്) പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

നവംബർ 7, 8 തീയതികളിൽ മച്ചിൽ സെക്ടറിൽ (ജമ്മു കശ്മീർ) പട്രോളിങ് നടത്തുന്നതിനിടെ അജ്ഞാതരെ കണ്ടെത്തിയതായി ഇന്ത്യൻ സൈന്യം നേരത്തെ മറ്റൊരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. തീവ്രവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ട് എന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ന് ഉച്ചയോടെയാണ് ഇന്ത്യയുടെ നാല് സൈനികർക്ക് വീരമൃത്യുവെന്ന വാർത്ത സൈനിക വക്താവ് സ്ഥിരീകരിച്ചത്. കുപ്‌വാര ജില്ലയിലെ മച്ചിലിൽ പതിവു പട്രോളിങ്ങിനിടെയായിരുന്നു നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റം സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നുള്ള വെടിവയ്പിൽ മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരരിൽനിന്ന് ഒരു എകെ47 തോക്ക് പിടിച്ചെടുത്തു. ഇവരുടെ രണ്ടു ബാഗുകളും പരിശോധനയ്ക്കെടുത്തിട്ടുണ്ട്.

നേരത്തേ കത്‌വ ജില്ലയിലെ രാജ്യാന്തര അതിർത്തിയിലും ഇന്ത്യൻ സൈന്യത്തിന്റെ ഫോർവേഡ് പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ വെടിവച്ചിരുന്നു. രാത്രി 9.05നായിരുന്നു ഹിരാനഗർ സെക്ടറിലെ വെടിവയ്പ് ആരംഭിച്ചത്. ഇതു പുലർച്ചെ അഞ്ചു വരെ നീണ്ടു. തുടർന്ന് ബിഎസ്എഫ് തിരിച്ചടിച്ചു.

രാത്രിയിലുടനീളം അതിർത്തിയിലെ ഗ്രാമങ്ങൾക്കു നേരെ ആക്രമണമുണ്ടായതായി പ്രദേശവാസികളും പറഞ്ഞു. നേരത്തേ പലപ്പോഴും ഇത് സംഭവിക്കാറുണ്ട്. ബങ്കറുകളിലാണ് പലപ്പോഴും രാത്രികൾ തള്ളിനീക്കുന്നതെന്നും ഗ്രാമവാസികൾ കൂട്ടിച്ചേർത്തു. മറ്റിടങ്ങളിൽ അതിർത്തിയിൽ പാക് സൈന്യം വെടിവയ്പ് നടത്തുകയും സൈന്യത്തിന്റെ ശ്രദ്ധ അവിടേക്കു മാറുമ്പോൾ നുഴഞ്ഞുകയറ്റം നടത്തുകയെന്നതുമാണ് പാക് ഭീകരരുടെ രീതി.