ആലുവ: ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് എഴുപത്തിയേഴായിരം രൂപ. തിരിച്ചെടുത്തുകൊടുത്ത് എറണാകുളം റൂറൽ ജില്ലാ സൈബർ ക്രൈം പൊലീസ്. ദീപാവലിയിൽ സ്മാർട്ട് ടിവിക്ക് ഓഫർ ഉണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളിൽ ഫ്‌ളിപ്പ് കാർട്ടിന്റെ കസ്റ്റമർ കെയർ നമ്പർ പരതിയത്. ലഭിച്ചത് വ്യാജനമ്പർ. കിട്ടിയ നമ്പറിൽ ഉടനെ വീട്ടമ്മ ബന്ധപ്പെടുകയും ചെയ്തു. ഓഫർ ഉണ്ടെന്നും അയച്ചു തരുന്ന ലിങ്കിൽ ഉള്ള ഫോറം ഫിൽ ചെയ്തു നൽകാനും തട്ടിപ്പ് സംഘം പറഞ്ഞു.

ഒർജിനൽ ഫ്‌ളിപ്പ് കാർട്ടിന്റേതാണെന്നു തോന്നിക്കുന്ന തരത്തിലുള്ള ലിങ്കും, ഒപ്പം ഒരു ഫോമും അയച്ചു നൽകി. അതിൽ പേരും, അക്കൗണ്ട് നമ്പറും, ബാങ്ക് യു.പി.ഐ ഐഡി വരെ നൽകാൻ ആവശ്യപ്പെട്ടിരുന്നു. സംഭവം ഒർജിനൽ ആണ് എന്ന ധൈര്യത്തിൽ വീട്ടമ്മ വിവരങ്ങളെല്ലാം അപ്ലോഡ് ചെയ്തു. ഉടനെ ഒരു എസ്.എം.എസ് വന്നു. ആ സന്ദേശം സഘം നിർദ്ദേശിച്ച മൊബൈൽ നമ്പറിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. വീട്ടമ്മ ഉടനെ അയക്കുകയും ചെയ്തു.

ഇതോടെ വീട്ടമ്മയുടെ ഒൺലൈൻ നെറ്റ് ബാങ്കിംഗിന്റെ നിയന്ത്രണം തട്ടിപ്പുസംഘത്തിന്റെ കൈകളിലായി.സംഘം മൂന്നു പ്രാവശ്യമായി ഇരുപത്തയ്യായിരം വച്ച് എഴുപത്തയ്യായിരം ഒൺലൈനിലൂടെ പിൻവലിക്കുകയും രണ്ടായിരം രൂപ അക്കൗണ്ട് ട്രാൻസ്ഫർ നടത്തുകയും ചെയ്തു. പണം നഷ്ടപ്പെട്ട വീട്ടമ്മ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. തുടർന്ന് സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി.

തട്ടിപ്പ് സംഘം ഈ തുക ഉപയോഗിച്ച് ഒൺലൈൻ വ്യാപാര സൈറ്റുകളിൽ നിന്ന് അമ്പതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ വാങ്ങിയെന്നും ഇരുപത്തയ്യായിരം രൂപയുടെ പർച്ചേസ് നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് പൊലീസിന്റെ സമയോചിതമായ ഇടപെടൽ നിമിത്തം സംഘം നടത്തിയ ബാങ്ക് ഇടപാട് ഫ്രീസ് ചെയ്യിപ്പിച്ചു. വീട്ടമ്മയുടെ അക്കൗണ്ടിൽ പണം തിരികെയെത്തിക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ബി.ലത്തീഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എം.തൽഹത്, സി.പി.ഒമാരായ വികാസ് മാണി, പി.എസ്‌ഐനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇന്റർനെറ്റിൽ കസ്റ്റമർ കെയർ നമ്പർ പരതി തട്ടിപ്പിൽപ്പെടരുതെന്നും ബാങ്കിങ് വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും എസ്‌പി കെ. കാർത്തിക്ക് പറഞ്ഞു.