കണ്ണൂർ: ഇരിക്കൂറിൽ സജീവ് ജോസഫിനെതിരായ എ ഗ്രൂപ്പ് പ്രതിഷേധം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തിയതോടയാണ് താൽക്കാലിക ഒത്തുതീർപ്പിന് വഴിയൊരുക്കുങ്ങുന്നത്. തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം സീറ്റ് വിട്ടുകൊടുത്തതോടെ ജില്ലയിൽ എ ഗ്രൂപ്പിന്റെ അവസ്ഥ പരിതാപകരമായെന്ന് പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു. നേതാക്കളെ അനുനയിപ്പിച്ച ഉമ്മൻ ചാണ്ടി മറ്റന്നാൾ ശ്രീകണ്ഠാപുരത്ത് നടക്കുന്ന സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനും ആവശ്യപ്പെട്ടു. പ്രശ്‌നനങ്ങളെല്ലാം തെരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കാമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പു നൽകിയതായും സൂചന.

പ്രശ്‌നപരിഹാരത്തിനായി ഉമ്മൻ ചാണ്ടി മുൻപോട്ടു വെച്ച ഫോർമുല മനസില്ലാമനസോടെയാണ് എ ഗ്രൂപ്പ് നേതാക്കളായ സോണി സെബാസ്റ്റ്യനും പിടി മാത്യുവും അംഗീകരിച്ചത്. എന്നാൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കെ.സുധാകരൻ എംപിയും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും ഈ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് തീരുമാനം മാറ്റി വെച്ചത്.

നിലവിൽ സതീശൻ പാച്ചേനിയാണ് ഡി.സി.സി പ്രസിഡന്റ് പാച്ചേനി കണ്ണൂർ മണ്ഡലത്തിൽ നിന്നും ജയിക്കുന്ന പക്ഷം തന്റെ ഗ്രൂപ്പുകാരനും വിശ്വസ്തനുമായ മാർട്ടിൻ ജോർജിനെ പ്രസിഡന്റാക്കണമെന്നാണ് സുധാകരന്റെ ആവശ്യം. ഇരിക്കൂറിൽ വെടിനിർത്തുന്നതിനായി ഉമ്മൻ ചാണ്ടിയുണ്ടാക്കിയ ഫോർമുല വെച്ച് കേരളത്തിലെ നേതാക്കൾ ഡൽഹിയിൽ വെച്ച് ഹൈക്കമാൻഡ് പ്രതിനിധികളുമായി ചർച്ച നടത്തും. അഞ്ചു വർഷം കഴിഞ്ഞാൽ ഇരിക്കൂർ സീറ്റ് നൽകുക, ഡി.സി.സി അധ്യക്ഷസ്ഥാനം കൈമാറുക തുടങ്ങിയവയാണ് നിലവിൽ എ ഗ്രൂപ്പ് മുൻപോട്ടു വെച്ച നിർദ്ദേശങ്ങൾ. എന്നാൽ ഇതംഗീകരിച്ചു കൊണ്ടു തന്നെ ഇരിക്കൂറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിലും പ്രചാരണ പ്രവർത്തനങ്ങളിലും സജീവമാകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നോമിനിയായ സജീവ് ജോസഫിനെ ഇരിക്കൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയതിനെത്തുടർന്നാണ് മണ്ഡലത്തിൽ കലാപ സമാനമായ സാഹചര്യമുണ്ടായത്. സോണി സെബാസ്റ്റ്യനെ സ്ഥനാർഥിയാക്കണമെന്ന എ ഗ്രൂപ്പ് ഉറച്ചു നിന്നെങ്കിലും ഹൈക്കമാൻഡ് അതിന് വഴങ്ങിയില്ല. ഹൈക്കമാൻഡ് നിർദേശിച്ച സ്ഥാനാർത്ഥിയെ മാറ്റില്ലെന്ന, കെ സി വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും പ്രഖ്യാപനം എ ഗ്രൂപ്പ് പ്രവർത്തകരെ കൂടുതൽ രോഷാകുലരാക്കി. ഇതോടെയാണ് പ്രശ്നം പരിഹരിക്കാൻ വെള്ളിയാഴ്ച ഉമ്മൻ ചാണ്ടി എത്തിയത്.

ചൊവ്വാഴ്ച ശ്രീകണ്ഠപുരത്തുചേർന്ന എ ഗ്രൂപ്പ് കൺവൻഷൻ ഹൈക്കമാൻഡ് തീരുമാനത്തെ വെല്ലുവിളിച്ചിരുന്നു. യുഡിഎഫ് കൺവീനർ എം എം ഹസനും കെ സി ജോസഫും നടത്തിയ അനുനയനീക്കം തള്ളിയാണ് കൺവൻഷൻ ചേർന്നത്. പേരാവൂർ നിയോജകമണ്ഡലം കൺവൻഷൻ ബുധനാഴ്ച ചേരാനിരുന്നത് ഒഴിവാക്കിയെങ്കിലും പ്രാദേശിക യോഗങ്ങൾ നടന്നു. കെ സി വേണുഗോപാലിന്റെ ഇടപെടലിൽ അതൃപ്തിയുള്ള കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ ഇരിക്കൂർ പ്രശ്നത്തിൽ എ ഗ്രൂപ്പിനെയാണ് പിന്തുണച്ചത്.

അടുത്ത തവണ എ ഗ്രൂപ്പിന് ഇരിക്കൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഡിസിസി പ്രസിഡന്റുസ്ഥാനം നൽകിയുള്ള സമവായ നിർദ്ദേശം എ ഗ്രൂപ്പ് തള്ളിയിരുന്നു. ഇരിക്കൂറിൽ മാത്രമല്ല, കോൺഗ്രസ് മത്സരിക്കുന്ന പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിന് ഇറങ്ങില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് പേരാവൂരിൽ സണ്ണി ജോസഫിനെയും കണ്ണൂരിൽ സതീശൻ പാച്ചേനിയെയും ആശങ്കയിലാക്കി. ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഇടപെടലോടെ തൽക്കാലം പ്രതിസന്ധി തീർന്നെങ്കിലും പ്രശ്‌നം പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല.