തിരുവനന്തപുരം: കിഫ്ബി വിഷയത്തിലെ സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. വി ഡി സതീശനാണ് ധനമന്ത്രിക്കെതിരെ നോട്ടീസ് നൽകിയത്. സി എ ജി കരട് റിപ്പോർട്ട് ചോർത്തിയെന്ന് ആരോപിച്ചാണ് അവകാശലംഘനത്തിന് നോട്ടീസ്.അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകിയെന്നാണ് പ്രതിപക്ഷ ആരോപണം.

ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. ഇത് ഗുരുതരമായ ചട്ടലംഘനവും നിയമസഭയുടെ പ്രത്യേക അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ് സി എ ജി റിപ്പോർട്ട്. അത് ഗവർണർക്ക് സമർപ്പിക്കുകയും ഗവർണറുടെ അംഗീകാരത്തോടുകൂടി ധനമന്ത്രി സഭയിൽ വയ്ക്കുകയുമാണ് വേണ്ടത്. ഇതൊന്നുമുണ്ടായില്ല. സഭയിൽ എത്തുന്നത് വരെ റിപ്പോർട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാൻ മന്ത്രി ബാദ്ധ്യസ്ഥനായിരുന്നുവെന്നും നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

അതേസമയം കിഫ്ബി വിഷയത്തിൽ ഇറുകൂട്ടരും തമ്മിലുള്ള പോരു മുറുകുകയാണ്. കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തുടരുന്നതിനിടെ കിഫ്ബിക്കെതിരെ ഗൂഢാലോചനയെന്നാവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കെപിസിസി സെക്രട്ടറിയായ മാത്യു കുഴൽ നാടനെതിരെയും ധനമന്ത്രി രംഗത്തെത്തി. രാമനിലയത്തിൽ വെച്ച് ആർ.എസ്.എസ് നേതാവ് റാം മാധവുമായി കിഫ്ബിയെക്കുറിച്ച് ചർച്ച നടത്തിയെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരായി ഇപ്പോഴുയരുന്ന വിവാദങ്ങൾക്ക് കാരണം റാം മാധവാണെന്നും മാത്യു കുഴൽ നാടൻ ആർ.എസ്.എസുകാരുടെ വക്കാലത്ത് പിടിച്ചെന്നും തോമസ് ഐസക്ക് ആരോപിച്ചു.

കോടതിയിൽ കേസ് കൊടുത്ത ശേഷം രണ്ട് വട്ടം കോടതിയുടെ അംഗീകാരത്തോടെ കേസ് പിൻവലിച്ചു. അതിന് ശേഷമാണ് ആർ.എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി കിഫ്ബിക്കെതിരെ വീണ്ടും കേസ് കൊടുക്കുന്നത്. ഇങ്ങെയൊന്ന് ഉണ്ടായിട്ടുണ്ടോ എന്ന് കൂടി ഒന്ന് വിശദീകരിക്കുന്നത് നല്ലതാണ്. നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തിന്റെ 4(2) വകുപ്പ് പ്രകാരം ബോർഡ് ഒരു ബോഡി കോർപറേറ്റാകാമെന്ന് കൃത്യമായി പറയുന്നുണ്ടെന്നും അതെന്തുകൊണ്ടാണ് അദ്ദേഹം കാണാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

നിയമമായിക്കഴിഞ്ഞാൽ അത് സ്റ്റാറ്റിയൂട്ടറി ബോഡിയാണ്. അതുകൊണ്ട് അതെടുക്കുന്ന വായപയൊക്കെ സർക്കാരിന്റെ അക്കൗണ്ടിൽ വരുത്തണമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും തോമസ് ഐസക്ക് പറഞ്ഞു. രഞ്ജിത് കാർത്തികേയനും കുഴൽ നാടനും കൂടിക്കാഴ്ച നടത്തി. ആർ.എസ്.എസിന്റെ ഭാഗമായാണ് ജാഗരൺ മഞ്ച്. അവരുടെ കേസാണ് മാത്യു വക്കാലത്തെടുത്തതെന്നും തോമസ് ഐസക്ക് പറഞ്ഞു. ഡൽഹിയിലെ ഏത് നിയമ സ്ഥാപനമാണ് പരാതി തയ്യാറാക്കി നൽകിയതെന്ന് വെളിപ്പെടുത്താൻ കുഴൽ നാടൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി വഴിയുള്ള വായ്പ തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പറയില്ല. പക്ഷെ പ്രതിപക്ഷ നേതാവ് പറയുന്നു. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയെന്നും ധനമന്ത്രി ആരോപിച്ചു. റിസർവ് ബാങ്ക്, സെബി അനുമതിയോടെയാണ് വായ്പ എടുത്തതെന്നും അതൊന്നും സി.എ.ജി മനസിലാക്കുന്നില്ല എന്നും നിയമപരമായി നേരിടാൻ ഒരു ഭയവുമില്ലെന്നും രാഷ്ട്രീയപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.