കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഓർ‌ത്തഡോക്‌സ് സഭ രം​ഗത്തെത്തുന്നത് കേന്ദ്ര സർക്കാരിലുള്ള വിശ്വാസം കൊണ്ട് തന്നെ. രാജ്യ തലസ്ഥാനം തിരുവനന്തപുരമാണെന്ന് ആർക്കെങ്കിലും തെ‌റ്റിദ്ധാരണയുണ്ടെങ്കിൽ മാ‌റ്റണമെന്നതാണ് പ്രധാനമന്ത്രി നൽകിയ സന്ദേശമെന്ന് സഭാ മാധ്യമവിഭാഗം തലവൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത ചൂണ്ടിക്കാണിക്കുന്നതും ഇതു കൊണ്ട് തന്നെയാണ്. രാജ്യത്തെ നിയമവും ഭരണകൂടവും തങ്ങൾക്ക് അനുകൂലമായി നിൽക്കുമ്പോൾ എതിർ വിഭാ​ഗത്തെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി നടത്തുന്ന വചക കസർത്തുകളെ അതേ നാണയത്തിൽ മറുപടി നൽകി ഒതുക്കുക എന്നത് തന്നെയാണ് ഓർത്തഡോക്സ് സഭ ലക്ഷ്യം വെക്കുന്നത്. സഭയുടെ ആശങ്കകളെ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കിയിരുന്നു.

കേരള പര്യടനത്തിന്റെ ഭാ​ഗമായി മലപ്പുറത്ത് ഓർത്തഡോക്‌സ് വൈദികന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് സഭയെ പ്രകോപിപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടി പിണറായിക്കെതിരെ രൂക്ഷ വിമർശനമാണ് സഭാ മാധ്യമവിഭാഗം തലവൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത ഉയർത്തിയത്. കേരളത്തിൽ നടത്തുന്നത് മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസമാണെന്ന് അദ്ദേഹം ആരോപിച്ചു. ആദരണീയൻ എന്ന് മുഖ്യമന്ത്രിയെ വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെത് ഭരണകൂട ഫാസിസമാണെന്നണ് ഓർ‌ത്തഡോക്‌സ് സഭ ഉയർത്തുന്ന ആക്ഷേപം. പിണറായി വിജയനെ നാടിന്റെ മുഖ്യമന്ത്രിയായാണ് കാണുന്നതെന്നും ആ ബഹുമാനം കിട്ടണമെങ്കിൽ അത്തരത്തിൽ ഇടപെടണമെന്നും ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. അവസരം കിട്ടുമ്പോൾ ഏകാധിപത്യം കാണിക്കുന്നവരാണ് ഭരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയമായ മറുപടികൾ പാർട്ടിയുടെ ലോക്കൽ ഓഫീസിൽ മതി. സഭകളോട് മാന്യമായി ഇടപെട്ടാൽ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്‌ണുതയെന്നും മെത്രാപ്പൊലിത്ത ചോദിച്ചു. മലപ്പുറത്ത് ഓർത്തഡോക്‌സ് വൈദികന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ ഉത്തരം സഭയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. തനിക്ക് തോന്നുംപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ നടക്കില്ലെന്നും നുണകൾ പറയുകയും വൈദിക കുപ്പായത്തെ ചോദ്യം ചെയ്യുകയും ചെയ്‌ത തെ‌റ്റ് മുഖ്യമന്ത്രി തിരുത്തുന്നതായിരിക്കും നല്ലതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.

കോടതികൾ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച് ഇടപെടാൻ ഓർത്തഡോക്‌സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ലെന്നും. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പള‌ളി ഒഴിപ്പിക്കലെന്നും അത് സർക്കാർ ദാക്ഷണ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പള‌ളിയിൽ ആർക്കും വരാം എന്നാൽ ശുശ്രൂഷകൾ നടത്താൻ മലങ്കര മെത്രാപ്പൊലീത്തയുടെ അനുമതിവേണം. കോടതിയുടെ തീരുമാനത്തെ ചർച്ച വഴി മറികടക്കാമെന്ന് കരുതേണ്ടെന്നും ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത മുന്നറിയിപ്പ് നൽകി.

ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം വീണ്ടും ചർച്ചയാകുന്നതിനിടെ മലപ്പുറത്ത് കേരളപര്യടനത്തിനിടെ വിഷയം ഉയർത്തിയ ഓർത്തഡോക്‌സ് പ്രതിനിധിയെ രൂക്ഷമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്. സഭകൾ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ സർക്കാർ എല്ലാം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതുവരെ വിഷയത്തിൽ നടത്തിയ ഇടപടെലുകൾ അക്കമിട്ട് നിരത്തിയാണ് സഭാനേതൃത്വത്തിലുള്ളവർക്ക് മറുപടി നൽകിയത്. സഭാ തർക്കം ഇവിടെ ഉന്നയിക്കേണ്ട വിഷയമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉന്നയിച്ചാൽ മറുപടി പറയാതിരിക്കാൻ സാധിക്കില്ലല്ലോ എന്ന് പറഞ്ഞാണ് സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രസംഗത്തിൽ പരാമർശിച്ചത്.

" സഭകൾ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ സർക്കാർ എല്ലാം ചെയ്തിട്ടുണ്ട്. സർക്കാർ ഇതുമായി ബന്ധപ്പെട്ട് ചർച്ചയിലൂടെ പരിഹാരം കാരണമെന്ന് വിചാരിച്ച് ഒരു മന്ത്രി സഭാ ഉപസമിതി വെച്ചു. മന്ത്രി സഭാ ഉപസമിതിയുടെ മുന്നിൽ പോകാൻ ഓർത്തഡോക്‌സ് വിഭാഗം തയ്യാറായില്ല. ഇതിനിടയിലാണ് നിങ്ങൾ ധരിക്കുന്ന വേഷത്തിന് അനുയോജ്യമല്ലാത്ത സമീപനം ശവത്തിനോട് സ്വീകരിച്ചത്. മനുഷ്യന്റെ ഒരു പ്രത്യേകത ശവത്തെ ആദരിക്കുമെന്നതാണ്. പക്ഷേ നമ്മൾ എന്താണ് കണ്ടത്. തർക്കങ്ങൾ കാരണം ശവസംസ്‌കാരം നടത്താൻ അനുവദിക്കാതിരിക്കുന്ന നടപടിവരെ കണ്ടു. ഇക്കാരണത്താലാണ് സർക്കാർ ഓർഡിനൻസ് കൊണ്ട് വരുന്നത്. എല്ലാവരും ഓഡിനൻസ് അനുകൂലിക്കുകയും ചെയ്തു. അതോടെ സംസ്‌കരിക്കൽ പ്രശ്‌നം പരിഹരിക്കപ്പെട്ടു.

ഞാൻ നേരിട്ട് നിങ്ങളെ രണ്ട് കൂട്ടരെയും വിളിച്ചിരുന്നു. നിങ്ങൾ ഒറ്റയ്ക്ക് ഒറ്റയ്ക്കും ഞാൻ ഇടപെട്ടും സംസാരിച്ചു. പ്രശ്‌നപരിഹാരത്തിന് ഞാൻ മുന്നോട്ട് വെച്ച നിർദ്ദേശം മറ്റ് ക്രൈസ്തവസഭാ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ചർച്ച നടത്താനാണ്. അതും പറ്റില്ലെന്ന് നിങ്ങളാണ് പറഞ്ഞത്. അപ്പോഴാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഒരാളെ വെച്ച് ചർച്ച ചെയ്യാം എന്ന് ഞാൻ പറഞ്ഞത്.എന്നാൽ ഞാൻ മുൻകൈയെടുത്ത് ചർച്ച ചെയ്യണമെന്ന് നിങ്ങൾ ആവശ്യപ്പെട്ടു. അങ്ങനെ തന്നെ ആവട്ടെ എന്നും പറഞ്ഞു.അവസാനത്തെ ചർച്ചയിൽ ഇരുകൂട്ടരോടും സംസാരിക്കാൻ പറഞ്ഞു. അപ്പോഴും സെനഡ് കൂടിയതിന് ശേഷമേ ചർച്ച നടക്കുകയുള്ളൂ എന്നാണ് നിങ്ങൾ പറഞ്ഞത്. നിങ്ങൾ കൈവശപ്പെടുത്താൻ നോക്കുന്ന പള്ളികളേതൊക്കെയാണ്. അവിടെയുള്ള കുടുംബങ്ങളിൽ മൂന്ന് കുടുംബങ്ങൾ മാത്രമാണ് നിങ്ങളുടേതുള്ളത്. ബാക്കി മുഴുവൻ മറ്റവരാണ്.

അതാണ് പ്രശ്‌നം. പള്ളി പിടിക്കാൻ പോകുമ്പോൾ ഉള്ള പ്രശ്‌നങ്ങൾ അവിടെ നിലനിൽക്കുന്നുണ്ട്. അത് വലിയ പ്രശ്‌നമല്ലേ. ആളുകളുടെ വികാരമല്ലേ. ജുഡീഷ്യറിയെ മാനിക്കാത്ത പ്രശ്‌നമല്ലേ ഇത്. നിങ്ങളുടെ മുതിർന്നവരോട് ആദ്യം ചോദിക്കു എന്തുകൊണ്ടാണ് പിന്നോട്ട് പോയതെന്ന്. എന്നിട്ടാകാം ബാക്കി സംസാരം," മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.