കൊച്ചി: നാദിർഷയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈശോ എന്ന സിനിമ കാണാൻ താൻ കാത്തിരിക്കുകയാണെന്നും ചിത്രം ക്രിസ്മസിന് തന്നെ റിലീസ് ചെയ്യണമെന്നും മുൻ എംഎ‍ൽഎ പി.സി. ജോർജ്. ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും 'നോട്ട് ഫ്രം ബൈബിൾ' എന്ന ടാഗ് ലൈനെനിനെയാണ് താൻ എതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ പി.സി. ജോർജും മുൻപന്തിയിലുണ്ടായിരുന്നു. ചിത്രം ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. ഇതിന് ശേഷമാണ് വിവാദങ്ങൾ അവസാനിപ്പിക്കാൻ വേണ്ടി നോട്ട് ഫ്രം ബൈബിൾ എന്ന ഭാഗം ഒഴിവാക്കിയത്.

വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചത്. കുട്ടികളും കുടുംബങ്ങളുമായി കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്ന് സെൻസർ ബോർഡ് പ്രവർത്തകർ പ്രതികരിച്ചതായി നാദിർഷ പറഞ്ഞു. അതേസമയം ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങൾ എല്ലാം തന്നെ അനാവശ്യമാണെന്ന് താൻ മുൻപേ പറഞ്ഞിരുന്നതായി നാദിർഷ പറഞ്ഞു. ഫിലിം ചേംബറൊഴികെയുള്ള സംഘടനകളിൽ നിന്നും തനിക്ക് പിന്തുണ ലഭിച്ചെന്നും താരം കൂട്ടിച്ചേർത്തു.

ജയസൂര്യയാണ് ഈശോയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് ചിത്രം നിർമ്മിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ. ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.