തിരുവനന്തപുരം: ലോക്സഭയും രാജ്യസഭും പാസാക്കിയ ഡാം സുരക്ഷാ നിയമം മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ബാധകമാക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ. മരം മുറി ഉത്തരവിനു പിന്നിൽ ഉന്നതരാണെന്നും ഇതു മായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ ഉടൻ പിൻവലിച്ചത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രിയും വനം മന്ത്രിയും അറിയാതെ ഉത്തരവ് ഇറങ്ങില്ലെന്നും മരം മുറി വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും ജോസഫ് കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിസംഗതയ്ക്കെതിരെ കേരളാ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം സെക്രട്ടറിയേറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ആദ്യം പറഞ്ഞത് കേന്ദ്ര ജല കമ്മീഷനാണ്. മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച രണ്ടു പഠന റിപ്പോർട്ടുകൾ അണക്കെട്ടിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഐ.ഐ.ടി ഡൽഹി നടത്തിയ പ്രളയ സാധ്യത പഠനം രണ്ടു ദിവസം കൊണ്ട് മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് 65 സെന്റിമീറ്റർ മഴയുണ്ടാകാൻ സാധ്യത നിലനിൽക്കുന്നതായും അങ്ങനെ സംഭവിച്ചാൽ അണക്കെട്ട് 136 അടി ജലനിരപ്പിൽ നിൽക്കുമ്പോൾ പോലും ജലനിരപ്പ് 160 അടിക്കു മുകളിൽ ഉയർന്ന് അണക്കെട്ടിനു മുകളിലൂടെ 11 മണിക്കൂറിൽ കൂടുതൽ ജലം ഒഴുകുമെന്നും അങ്ങനെ ഉണ്ടായാൽ അണക്കെട്ട് തകരുമെന്നും ഡോ. ഗോസൈന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ഭൂകമ്പ പ്രതിരോധം അണക്കെട്ടുകളുടെ രൂപകൽപനയുടെ ഭാഗമാകുന്നുതിനും മുമ്പ് നിർമ്മിച്ചതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഡാമിൽ നിന്നും 16 കിലോ മീറ്റർ അകലെയുള്ള ഇപ്പോൾ നിർജീവമായി കഴിയുന്ന തേക്കടി - കൊടൈവന്നല്ലൂർ ഭ്രംശമേഖല റിക്ടർ സ്‌കെയിലിൽ 6.5 വരെ പ്രഹര ശേഷിയുള്ള ഭൂകമ്പങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് ഐഐടി റൂർക്കിയിലെ ഡോ ഡി.കെ. പോൾ വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാടിനു കത്ത് എഴുതിയതു കൊണ്ടു മാത്രം കാര്യമില്ല. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും ജോസഫ് പറഞ്ഞു. യോഗത്തിൽ വർക്കിങ് ചെയർമാൻ പി.സി. തോമസ് എക്സ് എം. പി. അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ജോയി എബ്രഹാം, കെ. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, ജോസഫ് എം. പുതുശ്ശേരി, മാത്യു സ്റ്റീഫൻ, എംപി. പോളി, കൊട്ടാരക്കര പൊന്നച്ചൻ, ഡി.കെ. ജോൺ, ജോൺ കെ. മാത്യൂസ്, മോഹനൻപിള്ള, ഗ്രേസമ്മ മാത്യു, എബ്രഹാം കലമണ്ണിൽ, അഹമ്മദ് തോട്ടത്തിൽ, രാജൻ കണ്ണാട്ട്, വർഗീസ് മാമൻ, അപു ജോൺ ജോസഫ്, അജിത് മുതിരമല, വർഗ്ഗീസ് വെട്ടിയാങ്കൽ, രാകേഷ് ഇടപ്പുര, അഡ്വ. ചെറിയാൻ ചാക്കോ, റോയി ഉമ്മൻ, ഷിബു തെക്കുംപുറം, സജി മഞ്ഞക്കടമ്പിൽ, എം.ജെ. ജേക്കബ്, വിക്ടർ റ്റി. തോമസ്, ജെറ്റോ ജോസഫ്, എംപി. ജോസഫ്, വി.ജെ. ലാലി, കുഞ്ഞു കോശി പോൾ, പ്രിൻസ് ലൂക്കോസ്, സന്തോഷ് കാവുകാട്ട്, ജെയ്സൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.