പത്തനംതിട്ട: ജനവികാരം തിരിച്ചറിഞ്ഞതോടെ പ്ലേറ്റ് മറ്റുകയാണ് കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. തെരഞ്ഞെടുപ്പിൽ നിർബന്ധിച്ചാൽ മത്സരിക്കാമെന്ന് മോഹവുമായിരുന്ന അദ്ദേഹം ഇക്കുറി മത്സരിക്കാനില്ലെന്ന് നിലപാടിലേക്ക് മാറിക്കഴിഞ്ഞു. സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്തകൾ വന്നപ്പോൾ മുതൽ ഉടക്കുമായി പ്രവർത്തകർ എത്തിയതോടെ സമവായം ഉണ്ടായാൽ മാത്രം മത്സരിച്ചാൽ മതിയെന്ന നിലപാടിലേക്ക് അദ്ദേഹം മാറിക്കഴിഞ്ഞു.

ഒരു കാലത്ത് കോൺഗ്രസ് ഹൈക്കമാൻഡിൽ ഏറ്റവുമധികം പിടിയുള്ള കേരളാ നേതാക്കളിൽ പ്രധാനിയായിരുന്നു മുൻകേന്ദ്രമന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന കുര്യന് ഇപ്പോൾ ഹൈക്കമാൻഡിൽ വേണ്ടത്ര പിടിയില്ലാത്ത അവസ്ഥയാണുള്ളത്. പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിന്റെ അവസാന വാക്കും കുര്യന്റേതായിരുന്നു. രാജ്യസഭാ എംപി സ്ഥാനം വീണ്ടും കിട്ടാതെ വന്നിടത്ത് നിന്ന് തുടങ്ങിയതായിരുന്നു പി ജെ കുര്യന്റെ പതനം.

തന്റെ രാജ്യസഭാ സീറ്റ് വെട്ടിയത് ഉമ്മൻ ചാണ്ടിയാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരേ കുര്യൻ പരസ്യമായി രംഗത്തിറങ്ങി. പ്രസംഗിക്കാൻ അവസരം കിട്ടുന്ന വേദികളിലെല്ലാം ചെന്നിത്തലയെ പുകഴ്‌ത്താനും തുടങ്ങി. നിലവിൽ കുര്യന്റെ അവസ്ഥ പരിതാപകരമാണ്. കേന്ദ്രത്തിൽ ഒട്ടും പിടിയില്ല. പത്തനംതിട്ടയിലും എതിർപ്പ് ഉയരുന്നു. രാജ്യസഭാ എംപി സ്ഥാനം പോയപ്പോൾ കുര്യൻ കണ്ണു വച്ചത് സംസ്ഥാന നിയമസഭയിലേക്കാണ്. നോട്ടമിട്ടതാകട്ടെ സ്വന്തം മണ്ഡലമായ തിരുവല്ലയും. ഇതിനായി കേരളാ കോൺഗ്രസിനെ അടക്കം വെട്ടിനിരത്തുകയും ചെയ്തു.

പിജെ കുര്യൻ തിരുവല്ലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചാരണം കൊണ്ടു പിടിച്ചു നടക്കുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ ഉമ്മൻ ചാണ്ടിയെ ഹൈക്കമാൻഡ് എൽപ്പിക്കുന്നത്. ഇതോടെ കുര്യന്റെ തിരുവല്ലയിൽ മത്സരിക്കാമെന്ന മോഹം പൊളിയുകയാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനാണ് കോൺഗ്രസിന്റെ തീരുമാനം. തിരുവല്ല സീറ്റ് മുൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജിചാക്കോ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ജില്ലയിൽ കോൺഗ്രസിന്റെ സൗമ്യ മുഖമാണ് സജി ചാക്കോ. കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ നിന്ന് വിരമിച്ച സജി ചാക്കോയ്ക്ക് വിശാലമായ ശിഷ്യവൃന്ദമുള്ള സ്ഥലമാണ് തിരുവല്ല. മാത്രവുമല്ല, കറ പുരളാത്ത വ്യക്തിത്വം കൂടിയാണ് അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടി കോൺഗ്രസ് പിരിച്ച ഫണ്ട് ഡിസിസി പ്രസിഡന്റ് മുക്കിയെന്ന് കെപിസിസിക്ക് പരാതി നൽകിയത് ഡോ. സജി ചാക്കോയാണ്. ഇതിന്റെ പേരിൽ അന്വേഷണവും നടന്നു വരുന്നു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പിജെ കുര്യൻ നിർദേശിച്ച സ്ഥാനാർത്ഥികൾ എല്ലാം എട്ടുനിലയിൽ പൊട്ടി. സ്വന്തം വാർഡിൽപ്പോലും റെബൽ സ്ഥാനാർത്ഥി വിജയിക്കുന്നത് കണ്ട കുര്യൻ പരാജയത്തിന് ഡിസിസി നേതൃത്വത്തെയാണ് കുറ്റപ്പെടുത്തിയത്. സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി പരാജയപ്പെടുത്തിയിട്ട് ഡിസിസിയുടെ മുകളിൽ പഴി ചാരണ്ട എന്ന വ്യക്തമായ സന്ദേശം ഡിസിസി പ്രസിഡന്റ് നൽകുകയും ചെയ്തു.

രാജ്യസഭാ ഉപാധ്യക്ഷൻ ആയിരിക്കേ, അവസാന കാലങ്ങളിൽ ബിജെപിയോട് കാണിച്ച അനുഭാവമാണ് കുര്യന് തിരിച്ചടിയായത്. കേരളത്തിലെ ക്രൈസ്തവ സഭകളും ബിജെപി സർക്കാരിനുമിടയിലുള്ള പാലമായി കുര്യൻ മാറി. ക്രൈസ്തവ സഭകളുടെ പരിപാടികളിൽ മുഖ്യാതിഥികളായി കേന്ദ്രമന്ത്രിമാർ എത്തി തുടങ്ങി. മാർത്തോമ്മ സഭയാണ് ബിജെപി സർക്കാരുമായി ഏറ്റവുമധികം അടുത്തത്. ഇതിന്റെയെല്ലാം പിന്നിൽ കുര്യനായിരുന്നു. ഇതു സംബന്ധിച്ച് ഹൈക്കമാൻഡിന് സൂചന ലഭിച്ചതാണ് തിരിച്ചടിയായത്. സോണിയയുമായി ഏറ്റവുമധികം അടുപ്പമുണ്ടായിരുന്നു കുര്യന്.

ആ അടുപ്പം ഇപ്പോഴില്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ വന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജമ ചെയ്ത കുര്യന് ഒരു പാട് തെറ്റുകൾ സംഭവിച്ചിരുന്നു. വേദിയിലും പുറത്തും രാഹുൽ ഇതു സംബന്ധിച്ച് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ കേരളാ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ വേണ്ടി ഉമ്മൻ ചാണ്ടിക്കെതിരേ തിരിഞ്ഞതും വിനയായി.

കുര്യൻ പല്ലു കൊഴിഞ്ഞ സിംഹമാണെന്ന് മനസിലായതോടെ മുൻപ് വണങ്ങിയിരുന്ന പത്തനംതിട്ടയിലെ നേതാക്കളും ഗൗനിക്കാതെയായി. എഐസിസി അംഗമായിരുന്ന അഡ്വ. പീലിപ്പോസ് തോമസ് 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയാകാൻ കാരണക്കാരനായത് കുര്യനാണെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതേ പോലെ പല നേതാക്കളുടെയും രാഷ്ട്രീയ ഭാവി നുള്ളിക്കളഞ്ഞതിൽ കുര്യനുള്ള പങ്ക് ചെറുതല്ല. പ്രധാനമന്ത്രിയുടെ അവാർഡ് വാങ്ങുന്ന തരത്തിൽ കവിയൂരിനെ എത്തിച്ച മുൻ പ്രസിഡന്റ് ടികെ സജീവ് കോൺഗ്രസ് വിട്ടതിനും കാരണക്കാരനായി ചൂണ്ടിക്കാണിച്ചത് പിജെ കൂര്യനെയായിരുന്നു.

മുൻപ് താൻ എന്താണോ മറ്റ് നേതാക്കളോട് ചെയ്തത് അതേ അവസ്ഥയിലാണ് കുര്യൻ ഇപ്പോൾ. കുര്യൻ തിരുവല്ലയിൽ സീറ്റ് ഉറപ്പിച്ചിട്ടില്ലെന്ന് കോൺഗ്രസിന്റെ നേതാക്കൾ പറയുന്നു. തിരുവല്ല കിട്ടാൻ ഒരു സാധ്യതയുമില്ല. ഇനി ഹൈക്കമാൻഡിന് ദയ തോന്നിയാൽ ചെങ്ങന്നൂർ കിട്ടിയേക്കും. അതിനും കനിയേണ്ടത് ഉമ്മൻ ചാണ്ടിയാണ്. ഒരു തെരഞ്ഞെടുപ്പിൽ ഇനി കുര്യൻ ജയിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുള്ളത്. ആ സ്ഥിതിക്ക് ഇനിയുള്ള കാര്യങ്ങൾ ബുദ്ധിമുട്ടാകും.

അതേസമയം കെ വി തോമസിനോട് സൗമ്യ നിലപാട് വേണ്ടെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. അദ്ദേഹം ഇടതുപക്ഷവുമായി ചർച്ച നടത്തിയത് നേതൃത്വത്തെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം മുൻ മന്ത്രി കെ. വി. തോമസ് 23ന് പത്രസമ്മേളനം നടത്തുമെന്ന സൂചന രാഷ്ടീയ അഭ്യൂഹങ്ങൾക്കു വഴിതുറന്നിട്ടുണ്ട്. സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി കടുത്ത അഭിപ്രായ ഭിന്നത പുലർത്തുന്ന അദ്ദേഹം തന്റെ അതൃപ്തിയും ഭാവി പരിപാടികളും പ്രഖ്യാപിക്കാനാവും പത്രസമ്മേളനം നടത്തുന്നതെന്നു പലരും കരുതുന്നു. എന്നാൽ താൻ എങ്ങോട്ടും പേകുന്നില്ലെന്നും ചില കാര്യങ്ങൾ തുറന്നു പറയുകയാണു ലക്ഷ്യമെന്നുമാണ് അദ്ദേഹം അടുത്ത വൃത്തങ്ങളോടു സൂചിപ്പിക്കുന്നത്. എന്നാൽ, അഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ടു കൊടുത്ത കെ വി തോമസിന്റെ തീരുമാനത്തിൽ കടുത്ത അതൃപ്തിയാണുള്ളത്.