മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന മാനന്തവാടി നിയോജക മണ്ഡലത്തിൽ ഇക്കുറി പി കെ ജയലക്ഷ്മി പരാജയപ്പെട്ടത് കോൺഗ്രസിനുള്ളിൽ വിവാദമായി മാറുന്നു. നേരിയ ഭൂരിപക്ഷത്തിനായണ് എൽഡിഎഫ് സ്ഥാനാർത്ഥി കേളു ഇക്കുറി വിജയിച്ചു കയറിയത്. പാർട്ടിക്കുള്ളിൽ നിന്നു തന്നെ ജയലക്ഷ്മിയെ തോൽപ്പിക്കാൻ ശ്രമങ്ങൾ ശക്തമായിരുന്നു എന്ന വികാരമാണ് പൊതുവിൽ ഉയരുന്നത്.

മാനന്തവാടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫിനേറ്റ പരാജയം പഠിക്കണമെന്ന് സ്ഥാനാർത്ഥിയായിരുന്ന പി.കെ. ജയലക്ഷ്മി കെപിസിസി.യോട് ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ കൃത്യമായ എതിർപ്രവർത്തനങ്ങൾ ഉണ്ടായതായാണ് താഴെതട്ടിലെ പ്രവർത്തകർ നൽകുന്ന റിപ്പോർട്ട്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കോൺഗ്രസിനുള്ളിൽ തന്നെയുള്ളവർ എതിരായി പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വയനാട്ടിലെ രണ്ട് മണ്ഡലങ്ങളിൽ വിജയമുണ്ടായിട്ടും യു.ഡി.എഫിന് മേൽക്കൈയുള്ള മാനന്തവാടിയിലെ പരാജയത്തിന് പ്രധാന കാരണം.

രാഹുൽ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായിരുന്ന ന്യായ് പദ്ധതിയെക്കുറിച്ചും പ്രകടന പത്രികയിലെ കർഷക കടാശ്വാസ പദ്ധതിയെ കുറിച്ചുമൊന്നും വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ചില്ല. ഇടത് സർക്കാരിനെ വിമർശിച്ചില്ല. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ എൽ. ഡി.എഫ്. സ്ഥാനാർത്ഥിയുടെ സ്തുതി പാഠകരായിരുന്നു.

നല്ലൊരു വിഭാഗം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ചപ്പോൾ ചെറിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും നിശബ് ദരായിരുന്നു. പ്രവർത്തിച്ച ഭാരവാഹികളെയും പ്രവർത്തകരെയും അവഹേളിക്കാനും അപമാനിക്കാനുമാണ് ഇപ്പോൾ ഒരു വിഭാഗം ശ്രമിക്കുന്നത്. നിജസ്ഥിതികൾ പുറത്തുകൊണ്ടുവരുന്നതിനും കോൺഗ്രസിനെ ശാക്തീകരിക്കുന്നതിനും കെപിസിസി ഒരു അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.

മാനന്തവാടിയിൽ മുസ്ലിംലീഗ് ശക്തി കേന്ദ്രങ്ങൾ പി.കെ. ജയലക്ഷ്മിയെ ഇത്തവണ കൈവിട്ടിരുന്നു. യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം വലിയ തോതിൽ വോട്ടുചോർച്ചയുണ്ടായതായാണ് നേതൃത്വത്തിന്റെ കണ്ടെത്തൽ. രാഹുൽ ഗാന്ധി വരെ പ്രചാരണത്തിനെത്തിയിട്ടും വിജയം നേടാനായില്ലെന്നത് ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് വെള്ളമുണ്ട പഞ്ചായത്ത്. എന്നാൽ കഴിഞ്ഞ തവണയുള്ള ലീഡ് ജയലക്ഷ്മിക്ക് ഇവിടെ നിന്ന് ലഭിച്ചില്ല. 1304 വോട്ട് ലീഡായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വെള്ളമുണ്ടയിൽ ലഭിച്ചത്. ഇത്തവണ ഇത് 297 ആയി കുറഞ്ഞു. മുൻതെരഞ്ഞെടുപ്പുകളിലാണെങ്കിൽ 3000ത്തിനും മുകളിലേക്ക് ലീഡ് നിലനിർത്തിയ സ്ഥാനത്ത് 300 വോട്ടിന് താഴേക്ക് വോട്ട് നില കൂപ്പ് കൂത്തിയത് നേതൃത്വം പരിശോധിക്കേണ്ടിവരും. പഞ്ചായത്തിൽ വർഷങ്ങളായി ലീഗ്-കോൺഗ്രസ് തർക്കമുള്ളത് പരിഹരിക്കാതെ കിടക്കുന്നതും, ഇത് മുതലെടുത്ത് എൽ.ഡി.എഫ് കൃത്യമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചതും തിരിച്ചടിക്ക് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതിനിടെ 35 വർഷമായി ലീഗ് ജയിക്കുന്ന തരുവണയിലും കെല്ലൂരും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.ആർ. കേളുവിന് ലീഡ് വർധിപ്പിക്കാനായി. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ വെള്ളമുണ്ടയിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയിരുന്നു. ഇത് തന്നെ നിയമസഭയിലും ആവർത്തിച്ചെന്നാണ് വിലയിരുത്തൽ. ജയലക്ഷ്മിയുടെ ആദ്യമത്സരത്തിൽ മികച്ച ലീഡ് നൽകി കൂടെ നിന്ന ഇടങ്ങളിലൊക്കെയും തിരിച്ചടിയുണ്ടായി.

അന്ന് മന്ത്രി സ്ഥാനം ലഭിച്ചിട്ടും ജയലക്ഷ്മിയുടെ പ്രവർത്തനത്തിൽ ലീഗ് സംതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. ഇതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായത്. ഇത്തവണ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സ്ഥാനാർത്ഥി പ്രചാരണരംഗത്ത് സജീവമായെങ്കിലും കാര്യങ്ങളെല്ലാം പ്രതീക്ഷക്ക് വിപരീതമായി മാറി. വെള്ളമുണ്ട, തൊണ്ടർനാട്, പനമരം, എടവക, തവിഞ്ഞാൽ പഞ്ചായത്തുകളിൽ തുച്ഛമായ ലീഡ് മാത്രമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.